
ചങ്ങനാശേരി: കാൽ നടയാത്രക്കാരെ വീഴ്ത്താൻ ഫുട്പാത്തിൽ വാരിക്കുഴി ഒരുക്കി പൊട്ടിപ്പൊളിഞ്ഞ് ഇന്റർലോക്ക് കട്ടകൾ. നഗരത്തിൽ വിവിധയിടങ്ങളിലെ ഫുട്പാത്തുകളിലെ ഇന്റർലോക്ക് കട്ടകൾ തകർന്ന നിലയിലാണ്, അപകട ഭീഷണിയിൽ കാൽനടയാത്രികരും. കെ.എസ്.ടി.പിയുടെ എം.സി റോഡ് വികസനത്തിന്റെ ഭാഗമായിട്ടാണ് എം.സി റോഡിൽ പലഭാഗത്തായി നടപ്പാതകൾ ഇന്റർലോക്ക് പാകി സഞ്ചാരയോഗ്യമാക്കിയത്. എന്നാൽ, പലയിടത്തും നടപ്പാതകളിലെ ഇന്റർ ലോക്ക് കട്ടകൾ പലതും മാസങ്ങൾക്കുള്ളിൽ തന്നെ തകർന്ന നിലയിലാണ്. മദ്യക്കുപ്പികളും കുപ്പിചില്ലുകളും മറ്റും റോഡരികിൽ അപകടാവസ്ഥയിൽ കൂടിക്കിടക്കുന്നുണ്ട്. എം.സി റോഡിൽ എസ്.ബി കോളജ് മുതൽ പെരുന്നവരെ റോഡിന്റെ ഇരുവശങ്ങളിലും ഇന്റർലോക്ക് കട്ടകൾ ഇളകിക്കിടക്കുകയാണ്. പലയിടത്തും കുഴികളും രൂപപ്പെട്ടു. ഇവിടങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ കാൽ കുഴിയിൽ അകപ്പെട്ടു കാലിനു പരിക്കേല്‍ക്കുന്നതും നിത്യസംഭവമാണ്. നഹഗരമധ്യത്തിൽ കെ .എസ് .ആർ .ടി. സി സ്റ്റാൻഡിനു മുൻവശത്താണ് കൂടുതൽ ഇന്റർലോക്ക് തകർന്ന് കുഴിരൂപപ്പെട്ടിരിക്കുന്നത്. പെരുന്ന ഭാഗത്ത് നടപ്പാതകൾ കയ്യേറിയാണ് കച്ചവടം നടക്കുന്നത്. തട്ടുകടകൾ കൂടുതലായി സ്ഥിതി ചെയ്യുന്നതിനാൽ നടപ്പാതകൾ കരിയും ഓയിലും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത സ്ഥിതിയാണ്. നാളിതുവരെയായി മാറ്റി സ്ഥാപിക്കുന്നതിനോ അപകടാവസ്ഥ ഒഴിവാക്കുന്നതിനോ വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തും നിന്നും ഉണ്ടായില്ല. കൂടുതൽ കട്ടകൾ ഇളകി വലിയ അപകടം സംഭവിയ്ക്കുന്നതിനു മുമ്പ് അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് താലൂക്ക് വികസന സമിതി യോഗത്തിലും പരാതികൾ ഉയർന്നുവെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.