
കോട്ടയം: തകിടം മറിഞ്ഞ് കശുവണ്ടി വിപണി. കഴിഞ്ഞവർഷം കിലോക്ക് 170 രൂപ വിലയുണ്ടായിരുന്ന കശുവണ്ടിക്ക് ഇപ്പോൾ വില വെറും 90 രൂപ. എന്നാൽ സംസ്കരിച്ച് കശുവണ്ടി പരിപ്പ് കിട്ടണമെങ്കിൽ 800 മുതൽ 1300 രൂപ വരെ നല്കണം. ഇടനിലക്കാരും കമ്പനികളും ചേർന്ന് കർഷകരെ വഞ്ചിക്കുകയാണെന്ന പരാതി വ്യാപകം.
കശുവണ്ടി വിളവെടുപ്പ് ആരംഭിച്ചതോടെയാണ് വില പെട്ടെന്ന് താഴ്ന്നത്. മാർച്ച് മുതൽ ജൂൺ മാസം വരെയാണ് വിളവെടുപ്പ് സമയം. കാലാവസ്ഥ അനുകൂലമായതോടെ ഇക്കുറി കശുമാവ് നിറയെ പൂത്തുലഞ്ഞിരുന്നു. എന്നാൽ വിളവെടുക്കാറായതോടെ വില പെട്ടെന്ന് താഴ്ന്നത് കർഷകരെ നിരാശയിലാക്കി. സംസ്ഥാനത്ത് മലപ്പുറം, കാസർകോട്, കണ്ണൂർ, കൊല്ലം ജില്ലകളിലാണ് കശുമാവ് വ്യാപകമായി കൃഷിചെയ്യുന്നത്. ഇടുക്കി ജില്ലയിലും കശുമാവ് വളരെ ചുരുക്കം സ്ഥലങ്ങളിൽ കൃഷിചെയ്യുന്നുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി കശുവണ്ടി വേണ്ടത്ര കിട്ടാതായതോടെ കശുവണ്ടി ഇറക്കുമതി ചെയ്താണ് കൊല്ലത്തെ ഫാക്ടറികൾ പ്രവർത്തിപ്പിച്ചത്.
കാര്യമായ പരിലാളനം വേണ്ടായെന്നതാണ് കശുമാവ് കൃഷിയിലേക്ക് കർഷകരെ ആകർഷിക്കാൻ കാരണം. തൈ കുഴിച്ചുവച്ച് രണ്ടു വർഷം വളവും വെള്ളവും നല്കിയാൽ പിന്നെ തോട്ടത്തിലേക്ക് തിരിഞ്ഞുനോക്കേണ്ടതില്ല. കശുമാവ് പൂത്തു കഴിയുന്നതോടെ ഏജന്റുമാർ തോട്ടത്തിലെത്തി വില ഉറപ്പിച്ച് വാങ്ങുകയാണ് പതിവ്.
1992ൽ റബറിന് കിലോക്ക് 26 രൂപ വിലയുണ്ടായിരുന്നപ്പോൾ ഒരു കിലോ കശുവണ്ടിക്ക് 60 രൂപ സർക്കാർ തറവില നിശ്ചയിച്ചിരുന്നു. ഇതോടെയാണ് കശുവണ്ടി കൃഷി കേരളത്തിൽ വ്യാപകമായത്. ഇതോടൊപ്പം സർക്കാർ കൈയഴിച്ച് സബ്സിഡിയും നല്കി. ഇതോടെ ചെറുകിട കർഷകർ ചെറിയ തുണ്ടുഭൂമിയിൽ പോലും കശുവണ്ടി കൃഷി ചെയ്യുകയായിരുന്നു. എന്നിട്ടും ആവശ്യത്തിന് കശുവണ്ടി ലഭിക്കാത്ത അവസ്ഥയിലായിരുന്നു. ഇവിടെ ഉല്പാദിപ്പിക്കുന്ന കശുവണ്ടിയിൽ 85 ശതമാനവും സംസ്കരിച്ച് വിദേശത്തേക്ക് കയറ്റിയയക്കുകയാണ്.
കിലോക്ക് 26 രൂപ വിലയുണ്ടായിരുന്ന റബറിന് ഇപ്പോൾ 170 രൂപയാണ് തറവില. എന്നാൽ കഴിഞ്ഞ 29 വർഷം കൊണ്ട് ഒരു കിലോ കശുവണ്ടിക്ക് വില വർദ്ധിച്ചിട്ടുള്ളത് വെറും 29 രൂപ മാത്രമാണ്. കഴിഞ്ഞവർഷം കിലോക്ക് ശരാശരി 120 രൂപ വിലയുണ്ടായിരുന്നുവെങ്കിലും കർഷകർക്ക് ലഭിക്കുന്നത് അതിലും കുറവാണ്. മാർച്ച് ആദ്യവാരം 100 രൂപ ഉണ്ടായിരുന്ന കശുവണ്ടി പറിക്കാൻ തുടങ്ങിയതോടെ പത്തു രൂപ കുറഞ്ഞ് 90 രൂപയായി. ഇതിലും വില കുറച്ചാണ് വ്യാപാരികൾ കശുവണ്ടി വാങ്ങുന്നത്.