election

കോട്ടയം: സ്വന്തം മണ്ഡലത്തിന്റെ പേര് എം.എൽ.എ ക്വാട്ടേഴ്സിലെ വീടിന് നല്കിയ ഉമ്മൻ ചാണ്ടി ഇക്കുറി പ്രചാരണത്തിന് മണ്ഡലത്തിൽ സദാസമയവും ഇല്ലെങ്കിലും പ്രവർത്തകർ ആ കുറവ് പരിഹരിക്കുകയാണ്. സംസ്ഥാനം മുഴുവനും തമിഴ്നാട്ടിലും ഓടിയെത്തേണ്ടതുള്ളതുകൊണ്ടാണ് പുതുപ്പള്ളിയിൽ അദ്ദേഹം മുഴുവൻ സമയവും ഇല്ലാത്തത്. ആ കുറവ് പരിഹരിക്കാൻ കോൺഗ്രസും ഘടക കക്ഷി പ്രവർത്തകരും മണ്ഡലത്തിലെ മുക്കിലും മൂലയിലും വരെ എത്തി വോട്ടർമാരെ കാണുകയാണ്. യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കും മുമ്പേ ''കുഞ്ഞൂഞ്ഞിനല്ലെ ഞങ്ങൾ എല്ലാ വർഷവും വോട്ട് ചെയ്യുന്നത്. ഇക്കുറിയും അതിന് മാറ്റമൊന്നുമില്ലാ''യെന്ന മറുപടിയാണ് ഓരോ വീടുകളിൽ നിന്നും കേൾക്കാനാവുന്നത്.

വീടുകൾ കേന്ദ്രീകരിച്ച് യോഗങ്ങൾ

ആഴ്ചകൾക്കു മുമ്പുതന്നെ വീടുകൾ കേന്ദ്രീകരിച്ച് യോഗങ്ങൾ വിളിച്ച് അവിടെ കുഞ്ഞൂഞ്ഞ് എത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുകൾ അഭ്യർത്ഥിച്ചിരുന്നു. യു.ഡി.എഫ് ഭരണത്തിലെത്തേണ്ട ആവശ്യകതയാണ് ഉമ്മൻ ചാണ്ടി അവിടെ വിശദീകരിച്ചിരുന്നത്. പിന്നീട് അണികൾ ആണ് ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കുന്നത്. ഉമ്മൻ ചാണ്ടി എവിടെയാണെങ്കിലും രാത്രി പത്തുകഴിഞ്ഞ് ഓരോ സ്ഥലത്തെയും പ്രവർത്തനങ്ങൾ ടെലിഫോണിലൂടെ വിലയിരുത്തിയിരുന്നു. അതാണ് ഉമ്മൻ ചാണ്ടി സ്റ്റൈൽ.

പന്ത്രണ്ടാമത്തെ മത്സരം

പന്ത്രണ്ടാം തവണയാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ മത്സരിക്കുന്നത്. 1970 ൽ ആരംഭിച്ച ജൈത്രയാത്ര തുടരുകയാണ്. ഒറ്റതവണ പോലും പുതുപ്പള്ളിക്കാർ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ മറന്നിട്ടില്ല. ഏത് മുന്നണിയിലാണെങ്കിലും പുതുപ്പള്ളിക്കാർക്ക് കുഞ്ഞൂഞ്ഞിനെ മതി. ഇതുതന്നെയാണ് ഉമ്മൻ ചാണ്ടിയുടെ ബലവും. പ്രതിപക്ഷത്തിരിക്കുമ്പോഴും പുതുപ്പള്ളിയിലെ വീട്ടിൽ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവല്ലാതെ യാതൊരു കുറവും വന്നിട്ടില്ല.

മുഖ്യമന്ത്രിയായിരിക്കുമ്പോഴും ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെ വീട്ടിലെത്തി ആളുകളെ കാണാൻ വിമുഖത കാട്ടാത്ത ഉമ്മൻ ചാണ്ടിക്ക് അവിടെയെത്തുന്ന ജനാവലിതന്നെയാണ് പ്രചോദനം. ചുറ്റും ആൾക്കൂട്ടമില്ലെങ്കിൽ കുഞ്ഞൂഞ്ഞിന് അസ്വസ്ഥതയെന്നാണ് പരക്കെയുള്ള ജനസംസാരം.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി നടപ്പാക്കിയ ജനസമ്പർക്ക പരിപാടി ആഗോളതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പരിപാടിക്ക് ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്കാരവും ലഭിച്ചിരുന്നു.

കഴിഞ്ഞ തവണ പ്രതിയോഗിയായിരുന്ന സി.പി.എമ്മിലെ ജയ്ക് സി.തോമസ് തന്നെയാണ് ഇത്തവണയും എതിരാളി. കൂടാതെ എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരിയും ഉഷാറോടെ പോർക്കളത്തിലുണ്ട്.

തുറന്ന വാഹനത്തിൽ ജയ്കിന്റെ പ്രചാരണം

എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജയ്ക്ക് നാളെ തുറന്ന വാഹനത്തിൽ പര്യടനം ആരംഭിക്കും. ഇതിനോടകം കുടുംബസദസുകളും വീടുകയറിയുള്ള പ്രവർത്തനങ്ങളും അവസാനിച്ചുകഴിഞ്ഞു. മൂന്നു പ്രവശ്യം മണ്ഡലത്തിലുടനീളം പര്യടനം പൂർത്തിയാക്കിയ ജയ്ക്ക് നാലും വട്ട പര്യടനമാണ് ആരംഭിക്കുന്നത്.

യുവത്വത്തിന്റെ പര്യായമായ ജയ്ക്കിനെ സ്വീകരിക്കാൻ ഒരോ പോയിന്റുകളും ആളുകളുടെ ആരവമാണ്. ഇക്കുറി കേരള കോൺഗ്രസ് -എം തങ്ങളോടൊപ്പമാണെന്ന ബലത്തിലാണ് ജയ്ക്കിന്റെ മണ്ഡലപര്യടനം നടക്കുന്നത്. അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലെ സ്വീകരണ യോഗങ്ങളിൽ ദർശിക്കാൻ കഴിയുന്ന ജനകൂട്ടം വൻ വോട്ടിന്റെ ഭൂരിപക്ഷം ഇക്കുറി ലഭിക്കുമെന്നാണ് സി.പി.എം വിലയിരുത്തുന്നത്.

ഹരിയുടെ നാലാമങ്കം

ബി.ജെ.പിയിലെ എൻ.ഹരി പോർക്കളത്തിലിറങ്ങുന്നത് ഇത് നാലാം പ്രാവശ്യമാണ്. 2006 ൽ വാഴൂർ മണ്ഡലത്തിലായിരുന്നു ഹരിയുടെ ആദ്യ പരീക്ഷണം. തുടർന്ന് പാലായിൽ രണ്ടു തവണ മത്സരിച്ചു. 2016ലെ തിരഞ്ഞെടുപ്പിൽ പാലായിൽ ഹരി 18,044വോട്ടുകൾ നേടിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ മത്സരിച്ച ബി.ജെ.പിയിലെ ജോർജ് തോമസിന് ലഭിച്ചത് 15,993 വോട്ടായിരുന്നു.

കഴിഞ്ഞ തവണ 27,092 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മൻ ചാണ്ടി നിയമസഭയിലെത്തിയത്. ഉമ്മൻ ചാണ്ടിക്ക് 71,597 വോട്ടും ജയ്ക്കിന് 44,505 വോട്ടും ലഭിച്ചു.

പുതുപ്പള്ളിയിൽ ഇക്കുറി ബി.എസ്.പിയിലെ അഭിലാഷ്, എസ്.യു.സി.ഐ യിലെ എം.വി ചെറിയാൻ, സ്വതന്ത്രനായി ജോർജ് ജോസഫ് എന്നിവരും മത്സര രംഗത്തുണ്ട്. മണ്ഡലത്തിൽ ഇക്കുറി 1,75,959 വോട്ടർമാരിൽ സ്ത്രീകളാണ് കൂടുതൽ. 89,914 സ്ത്രീ വോട്ടർമാരും 86,042 പുരുഷവോട്ടർമാരുമാണുള്ളത്. കൂടാതെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മൂന്ന് വോട്ടർമാരുമുണ്ട്.