
കോട്ടയം: ലൗ ജിഹാദിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപിൽ തുറന്നുവിട്ടു ഇടതു മുന്നണിയെ വെട്ടിലാക്കിയ കേരളകോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി പ്രതികരണം വിവാദമായതോടെ നിലപാട് തിരുത്തി. ഈ വിഷയത്തിൽ എൽ.ഡി.എഫിന്റെ അഭിപ്രായം തന്നെയാണ് തന്റെ പാർട്ടിക്കെന്ന് മാറ്റിപ്പറഞ്ഞു.
"ലൗ ജിഹാദ് തിരഞ്ഞെടുപ്പ് വിഷയമല്ല. ഇടതുസർക്കാരിന്റെ അഞ്ച് വർഷകാലത്തെ വികസനമാണ് ചർച്ച ചെയ്യേണ്ടത്. വികസന ചർച്ചകളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഈ വിവാദങ്ങളിലൂടെ ശ്രമിക്കുന്നതെന്നും " ജോസ് കെ.മാണി പറഞ്ഞു.
കഴിഞ്ഞ ദിവസം ജോസ് മാദ്ധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ: "ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കണം, ഇതിൽ യാഥാർത്ഥ്യമുണ്ടോ എന്നതിൽ വ്യക്തതവേണം, പൊതു വിഭാഗത്തിൽ ചർച്ചയാകണം "
ജോസിന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത് വന്നു. ജോസിനോട് ചോദിക്കണമെന്ന പ്രതികരണത്തിലൂടെ മുഖ്യമന്ത്രിയും കാനവും നീരസം പ്രകടിപ്പിച്ചതോടെ ജോസ് നിലപാട് തിരുത്തുകയായിരുന്നു.
ക്രൈസ്തവ വോട്ടുബാങ്കിനെ ഉന്നംവച്ചായിരുന്നു ജോസിന്റെ പ്രസ്താവനയെന്ന് ആക്ഷേപം ഉയർന്നു. ഇടതു മുന്നണിക്കെതിരായ മറ്റു വിവാദ വിഷയങ്ങളിലെ ചർച്ച വഴിമാറ്റാൻ ലൗ ജിഹാദ് ഇറക്കിയുള്ള കളി നടന്നുവോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.
ജോസിനെ പിന്തുണച്ച് കെ.സി.ബി.സി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രതികരിച്ചത് ഇങ്ങനെ: "മുസ്ലിം ലീഗ് മാത്രമാണ് ലൗ ജിഹാദ് ഇല്ലെന്നു പറയുന്നത്. ഇത് പച്ചയായ യാഥാർത്ഥ്യമാണ്.സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ട്. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള വിവാഹങ്ങൾക്ക് സഭ എതിരല്ല. ഇത് ദുരുപയോഗം ചെയ്ത് മതചിന്തകൾ അടിച്ചേൽപ്പിക്കുന്നതിനെയാണ് സഭ എതിർക്കുന്നത്".
ലൗ ജിഹാദ് പ്രചാരണ വിഷയമായി ഉയർത്തിക്കാട്ടിയ ബി.ജെ.പി അധികാരത്തിൽ വന്നാൽ യു.പി മോഡൽ നിയമനിർമ്മാണം നടത്തുമെന്ന് പ്രകടനപത്രികയിൽ ഉറപ്പ് നൽകിയിരുന്നു.
ലൗ ജിഹാദ്: നിലപാടിൽ മാറ്റമില്ലെന്ന് കെ.സി.ബി.സി
ലൗ ജിഹാദ് വിഷയത്തിൽ കത്തോലിക്കാ സഭയ്ക്ക് ആശങ്കയുണ്ട്. ഈ നിലപാടിൽ മാറ്റമില്ല. സമ്മർദം ചെലുത്തിയുള്ള മതംമാറ്റത്തെ അംഗീകരിക്കാനാവില്ല. ലൗ ജിഹാദ് ഇല്ലെന്നു പറയുമ്പോൾ ഇവിടെ നടക്കുന്നത് എന്താണെന്നു കൂടി വ്യക്തമാക്കാൻ സർക്കാർ തയ്യാറാകണം. ലൗ ജിഹാദിന്റെ കാര്യത്തിൽ രാഷ്ട്രീയക്കാരുടെ നിലപാട് കെ.സി.ബി.സിയെ ബാധിക്കുന്ന കാര്യവുമല്ല.
ഫാ. ജേക്കബ് പാലക്കപ്പിള്ളി
കേരള കത്തോലിക്കാ മെത്രാൻ സമിതി
ജോസ് കെ. മാണി പ്രകടിപ്പിച്ചത്
ക്രൈസ്തവരുടെ ആശങ്ക: വി. മുരളീധരൻ
തിരുവനന്തപുരം: ലൗ ജിഹാദ് സംബന്ധിച്ച് ജോസ് കെ. മാണി പ്രകടിപ്പിച്ചത് ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കയാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ അപ്രമാദിത്തമാണുള്ളത്. ഇരു മുന്നണികളെയും മുസ്ലിം ലീഗിന്റെ സ്വാധീനം ബാധിച്ചിട്ടുണ്ടെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇരു മുന്നണികളിൽ നിന്നും നീതി കിട്ടിയില്ലെന്ന പരാതി ക്രൈസ്തവ സമൂഹത്തിനുണ്ട്. യു.ഡി.എഫിന്റെ ഭരണകാലത്ത് സീറ്റുകളും മന്ത്രി സ്ഥാനവും മുസ്ളിം ലീഗ് വിലപേശി വാങ്ങിയ സാഹചര്യവുമുണ്ടായിട്ടുണ്ട്. കെ.സി.ബി.സിയും ക്രൈസ്തവ സമൂഹവും ഉയർത്തിയ ആശങ്കതന്നെയാണ് ജോസ് പങ്ക് വച്ചത്. ഈ ആശങ്കയെ ഗൗരവമായി കാണണം. സംസ്ഥാനത്ത് യു.ഡി.എഫുമായി ബി.ജെ.പി സഖ്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം മലർന്ന് കിടന്ന് തുപ്പലാണ്. തമിഴ്നാട്ടിൽ സഖ്യത്തിൽ ചേരുന്നതിന് പണം വാങ്ങുന്ന പാർട്ടിയാണ് സി.പി.എമ്മെന്ന് മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായ നടൻ കമലഹാസൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിലകുറഞ്ഞ അഭിപ്രായ പ്രകടനങ്ങൾ അവസാനിപ്പാക്കാനുള്ള മാന്യത മുഖ്യമന്ത്രി കാണിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.
ലൗ ജിഹാദ് വിവാദത്തിന് പിന്നിൽ
ജനദ്രോഹ രാഷ്ട്രീയം: ആനി രാജ
കൽപറ്റ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ലൗ ജിഹാദ് വിവാദം പടർത്തുന്നതിന് പിന്നിൽ അപകടകരമായ ജനദ്രോഹ രാഷ്ട്രീയമാണെന്ന് സി.പി.ഐ നേതാവ് ആനി രാജ പറഞ്ഞു.
പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
മുസ്ലിം ജനസമൂഹത്തെ ഭയപ്പെടുത്തി അടക്കി നിറുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ലൗ ജിഹാദ് നിയമം ബി.ജെ.പി പാസാക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരവധി മുസ്ലിം ചെറുപ്പക്കാർ കൊടും പീഡനത്തിന് ഇരയാക്കപ്പെടുന്നുണ്ട്.
ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തത് അമിത് ഷായാണ്. എന്തുകൊണ്ട് നിലപാട് മാറ്റിയെന്ന് അദ്ദേഹം പറയട്ടെ. ബി.ജെ.പിക്ക് വോട്ടിനും സീറ്റിനുമുള്ളതാണ് വിശ്വാസവും ആചാരവും.
ജാതിസംവരണം അവസാനിപ്പിക്കേണ്ടിവരുമെന്ന സുപ്രീംകോടതി പരാമർശത്തോട് ബി.ജെ.പി യും കോൺഗ്രസും പ്രതികരിക്കണം.
.