anilkumar

കോട്ടയം : തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്കു കടക്കുമ്പോൾ കോട്ടയം മണ്ഡലത്തിൽ സിറ്റിംഗ് എം.എൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന് ഒപ്പമെത്തി മുന്നേറുകയാണ് ഇടതുസ്ഥാനാർത്ഥി അഡ്വ.കെ.അനിൽകുമാർ. അതേസമയം വനിതാ വോട്ടർമാരിലേക്കിറങ്ങി കൂടുതൽ കുടുംബവോട്ടുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. സ്വീകരണയോഗങ്ങൾ എങ്ങനെ വോട്ടാക്കി മാറ്റണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ പഠിപ്പിക്കേണ്ട കാര്യമില്ല. പനച്ചിക്കാട് വെള്ളുത്തുരുത്തി മേഖലയിൽ കുടിവെള്ളം,റോഡ്, പാലം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല. സ്ഥാനാർത്ഥിയെ പൊതിഞ്ഞ് കുടിവെള്ള പ്രശ്നത്തിന്റെ നിവേദനം വോട്ടർമാർ നൽകി. "വാട്ടർടാങ്കിന്റെ പണി പതുക്കെ നീളുന്നതിനാൽ നിങ്ങളെ മാത്രമല്ല എന്നെയും വെള്ളംകുടിപ്പിക്കുകയാണെന്നായി തിരുവഞ്ചൂരിന്റെ പ്രതികരണം. "സ്ഥലം ഉണ്ടെങ്കിൽ റോഡ് റെഡിയെന്ന മറുപടിക്ക് സ്ഥലം ഉണ്ടെന്ന് വോട്ടർമാർ. "എത്രയടി. ആറടി. "നിങ്ങൾ സ്ഥലം ചൂണ്ടിക്കാണിക്കുന്നിടത്ത് വഴി പണിയും, പോരേ. സ്ഥാനാർത്ഥിയുടെ മറുപടിക്ക് വോട്ടർമാരുടെ കൈയടി. വെള്ളുത്തുരുത്തിയിലെത്തിയപ്പോൾ പാലം പ്രശ്നമായി. പാലത്തിന് 16 കോടി തരുമെന്ന് സർക്കാർ പറഞ്ഞു 16 പൈസ തന്നില്ല. എന്നിട്ടിപ്പോൾ കിഫ്ബി ഫണ്ടിൽ പണിയുമെന്ന് പറയുന്നു. കിഫ്ബി തന്നെ കുഴപ്പത്തിലാണ്. സർക്കാർ മാറിയാലേ വല്ലതും നടക്കൂവെന്ന് ഇപ്പോൾ മനസിലായില്ലേ. ഒപ്പം ആഴക്കടലും, ശബരിമലയുമടക്കം വിഷയങ്ങളെടുത്തിട്ട് സർക്കാരിനെതിരെ രൂക്ഷവിമർശനത്തോടെ കാടടച്ച് പ്രസംഗവും.

പുതിയ കോട്ടയം സാദ്ധ്യമാക്കണം : അനിൽകുമാർ

രക്തഹാരമണിയിച്ചും പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളികളോടെയുമുള്ള സ്വീകരണയോഗങ്ങൾ ഇളകി മറിയുമ്പോൾ മാറുന്ന കേരളത്തിനും ഉയരുന്ന കേരളത്തിനുമൊപ്പം പുതിയ കോട്ടയം സാദ്ധ്യമാക്കണമെന്ന അഭ്യർത്ഥനയാണ് അഡ്വ.കെ.അനിൽകുമാർ നടത്തുന്നത്. "നാലു പതിറ്റാണ്ടു നീണ്ട പൊതുജീവിതത്തിൽ തികഞ്ഞ സത്യസന്ധതയാണ് കാണിച്ചിട്ടുള്ളത്. വോട്ട് ചെയ്യുന്നവരുടെ തല കുനിയുന്ന ഒന്നും എന്നിൽ നിന്നുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലെന്ന് നൂറ് വട്ടം സത്യം ചെയ്യുന്നു. ജില്ലാ പഞ്ചായത്തംഗവും സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാനുമായി. ദീർഘകാലം കോട്ടയം അർബൻ ബാങ്ക് പ്രസിഡന്റുമായി. സാധാരണക്കാർക്കൊപ്പം നിന്ന് ചെറിയ കഴിവുകൾ വിനിയോഗിച്ചു. പ്രളയ രഹിത കോട്ടയം എന്ന സ്വപ്ന സാക്ഷാത്ക്കാരണത്തിനാണ് മീനച്ചിൽ മീനന്തലയാർ കൊടൂരാർ സംയോജനപദ്ധതിയ്ക്ക് തുടക്കമിട്ടത്. 5000 ഏക്കറിലേറെ തരിശുഭൂമി കൃഷിയോഗ്യമാക്കി. നദികളിൽ ഒഴുക്കുണ്ടാക്കി. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെയാണ് ഇത് സാദ്ധ്യമാക്കിയത്. ഇനി വേണ്ടത് കോട്ടയത്തിന്റെ സമഗ്രവികസനമാണ്. അതിന് ഒരു വോട്ട്. എതിരാളിയെ പരിഹസിക്കാൻ ശ്രമമില്ല. അതേ സമയം വികസന മുരടിപ്പ് ഉയർത്തിക്കാട്ടും. വാക്കുകളിൽ ആത്മാർത്ഥതത നിറച്ച് പെരുമാറ്റത്തിൽ എളിമയോടെ, വോട്ടർമാരുടെ മനസുകീഴടക്കാൻ അനിൽകുമാർ സ്വീകരണ വാഹനത്തിൽ നിന്ന് ഇറങ്ങി വോട്ടർമാരുടെ ഇടയിലേക്ക്. കൈകൾ കൂട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്തു വോട്ട് ചോദിച്ച് അടുത്ത സ്വീകരണ യോഗത്തിലേക്ക്.

വീട്ടമ്മമാരുടെ ഹൃദയം കീഴടക്കി മിനർവ

സമ്പർക്ക പരിപാടിയുടെ ഭാഗമായി വീടുകയറിയുള്ള വോട്ടുപിടിത്തത്തിൽ വീട്ടമ്മമാരുടെ ഹൃദയം കീഴടക്കുകയാണ് എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. മാങ്ങാനത്തെ സമ്പർക്ക പരിപാടി കഴിഞ്ഞ് മറിയപ്പള്ളിയിലും അമ്പലക്കടവിലും. പ്രവർത്തകർക്കൊപ്പം പരമാവധി വീടുകളിലും സ്ഥാപനങ്ങളിലും കയറി വോട്ട് ഉറപ്പിക്കുന്ന തന്ത്രമാണ് മിനർവയുടേത്. കണിക്കൊന്നപ്പൂക്കൾ നൽകിയാണ് പലയിടത്തും സ്ത്രികൾ സ്വീകരിച്ചത്. " സ്ത്രീകളുടെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ശബരിമല പ്രശ്നത്തിൽ ഇടതുസർക്കാർ സ്വീകരിച്ച നിലപാടും യു.ഡി.എഫിന്റെ ഇരട്ടത്താപ്പും വോട്ടർമാരുടെ മുന്നിൽ അവതരിപ്പിച്ചു. കേന്ദ്ര സർക്കാർ സ്ത്രീകൾക്കായി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും കേന്ദ്ര പദ്ധതികൾ അറിയിക്കാനുള്ള ശ്രമം സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനാൽ നമ്മുടെ സ്ത്രീകൾ അറിയുന്നില്ല. ബി.ജെ.പിക്ക് അനുകൂലമായ വലിയ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിനർവ പറഞ്ഞു.