
കോട്ടയം : തിരഞ്ഞെടുപ്പിന് കൃത്യം ഒരാഴ്ച ശേഷിക്കുമ്പോൾ അടിയൊഴുക്ക് തടയാനുള്ള അടിയുറച്ച പ്രവർത്തനത്തിൽ മുന്നണികൾ. ചാഞ്ചാടി നിൽക്കുന്ന വോട്ടർമാരെ പോക്കറ്റിലാക്കാനും ഉറപ്പിച്ച വോട്ടുകൾ നഷ്ടപ്പെടാതിരിക്കാനും കൊണ്ടുപിടിച്ച പ്രചാരണം. രാഷ്ട്രീയത്തിൽ സ്ഥിതിഗതികൾ മാറി മറിയാൻ നിമിഷങ്ങൾ മതി. ആ തിരിച്ചറവോടെയാണ് ഒപ്പമുള്ളവരെ മുന്നണികൾ ചേർത്ത് നിറുത്തുന്നത്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടതുപ്രവേശനത്തിന്റെ പ്രതിഫലനമെന്താകുമെന്ന് ആർക്കുമൊരു പിടിയുമില്ല. പ്രത്യക്ഷത്തിൽ ജോസിന്റെ വരവ് ഗുണമാകുമെന്ന് ഇടതുമുന്നണി കരുതുമ്പോഴും മുൻപ് ശത്രുപക്ഷത്തുണ്ടായിരുന്ന ജോസിനോടുള്ള അതൃപ്തി ഇടതുപ്രവർത്തകർക്കുണ്ട്. ഈ സാഹചര്യത്തിൽ ആരുടെ വോട്ട് എങ്ങോട്ട പോകുമെന്ന് അറിയില്ല. അതൃപ്തിയുള്ളവരെയും ചാഞ്ചാട്ടക്കാരെയും ഫോണിൽ വിളിച്ചും നേരിട്ടു കണ്ടും വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. നിലവിൽ അയഞ്ഞുനിൽക്കുന്നുണ്ടെങ്കിലും കൂട്ടത്തിൽ നിന്ന് കാലുവാരുന്നവർ തലപൊക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
പ്രചാരണം അടിത്തട്ടിലേയ്ക്ക്
ജില്ലയിൽ ത്രികോണ, ചതുഷ്കോണ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളാണ് ഏറെയും. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികളും അണികളും. അവസാന ദിനങ്ങളിൽ കുടുംബയോഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. മുതിർന്ന നേതാക്കൾ, കേന്ദ്ര - സംസ്ഥാന മന്ത്രിമാർ തുടങ്ങിയവരെ ഉൾപ്പെടുത്തിയുള്ള റോഡ് ഷോ, കൺവെൻഷനുകൾക്ക് എന്നിവയ്ക്ക് തുടങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയ അടക്കമുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയാണ് വോട്ടുപിടിത്തം.
ഇരട്ടവോട്ട് ഇവിടെയും
ഇരട്ടവോട്ട് ജില്ലയിലും വ്യാപകമാണ്. അതത് ബൂത്തുകളിലെ വോട്ടേഴ്‌സ് ലിസ്റ്റ് ബൂത്ത് ലെവൽ ഓഫീസർമാരാണ് പരിശോധിക്കുന്നത്. ഇവിരുടെ റിപ്പോർട്ടിലാണ് ഇരട്ടിപ്പുള്ള വോട്ടുകൾ മരവിപ്പിക്കുന്നത്. പക്ഷേ, ഇതൊക്കെ എത്ര കാര്യക്ഷമമാകുമെന്നുറപ്പില്ല. ഈ സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ തന്നെ ഇരട്ടവോട്ടുകൾ കണ്ടെത്തി പരാതി നൽകാനുള്ള ശ്രമത്തിലാണ്.