കോട്ടയം: രാജമലയിൽ വരയാടിൻ കുഞ്ഞുങ്ങൾ തുള്ളിച്ചാടി തുടങ്ങി. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രാജമല ദേശീയോദ്യാനം ഏപ്രിൽ ഒന്നിന് സന്ദർശകർക്കായി തുറന്നുകൊടുക്കും. വരയായുകളുടെ പ്രജനനത്തിനായി ഫെബ്രുവരി ഒന്നിനാണ് രാജമല ദേശീയോദ്യാനം അടച്ചത്.

കഴിഞ്ഞ സീസണിൽ 111 കുഞ്ഞുങ്ങളാണ് ജനിച്ചത്. ഇക്കുറി അതിലും കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ടാവുമെന്നാണ് കുരുതുന്നതെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡർ ആർ ലക്ഷ്മി പ്രത്യാശ പ്രകടിപ്പിച്ചു. ഈ സീസണിൽ ഇതുവരെ 80 കുഞ്ഞുങ്ങളെ കണ്ടെത്തിയതായി അസി. വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ.നേര്യംപറമ്പിൽ പറഞ്ഞു.

പാറക്കെട്ടുകളിലും പുൽമേടുകളിലും മുതിർന്ന വരയാടുകൾക്കൊപ്പം തുള്ളി കളിക്കുന്ന കുഞ്ഞിയാടുകളെ കൂടുതലായി കണ്ടതായി രാജമലയിലെ ഫീൾഡ് ഓഫീസർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചോല ദേശിയോദ്യാനം, മീശപ്പുലിമല, കെളുക്കുമല, മറയൂർ, മാങ്കുളം, മൂന്നാർ ടെറട്ടോറിയിൽ തുടങ്ങിയ 31 ബ്ളോക്കുകളിൽ വരയാടുകളുടെ സാന്നിദ്ധ്യം ഏറെയുണ്ട്.

ഏപ്രിൽ രണ്ടാമാഴ്ചയിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന വരയാടുകളുടെ സെൻസസ് ആരംഭിക്കുമെന്നും

വാർഡൻ ലക്ഷ്മി പറഞ്ഞു.

മൂന്നാർ, മറയൂർ, മാങ്കുളം, മൂന്നാർ ഫോറസ്റ്റ് ഡിവിഷൻ എന്നിവിടങ്ങളിൽ കഴിഞ്ഞവർഷം നടത്തിയ സർവേയിൽ ആകെ 1101 വരയാടുകളെയാണ് കണ്ടെത്തിയത്. രാജമലയിൽ മാത്രം കുഞ്ഞുങ്ങളെ കൂടാതെ 710 ആടുകളെ സർവേയിൽ കണ്ടെത്തിയിരുന്നു. . വരയാടുകൾ ഏറെയുള്ള മീശപ്പുലിമലയിൽ 270 വരയാടുകളെ കണ്ടെത്തി. 2016-ൽ നടത്തിയ ഓൾ കേരള സർവേയിൽ ആകെ 1400 വരയാടുകളെയാണ് കണ്ടെത്തിയത്. ഇതിൽ നല്ല വർദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് വനം വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.

ഒക്ടോബർ മുതൽ ജനുവരി വരെയാണ് ഇരവികുളത്ത് കൂടുതൽ സഞ്ചാരികൾ എത്തിയിരുന്നത്. നാലുലക്ഷം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ രണ്ടു വർഷം മുമ്പുള്ള സീസണിൽ ആകെ എത്തിയത് 1,34,957 പേർ മാത്രമാണ്. കൊവിഡ് ഭീഷണി നിലനിന്ന കഴിഞ്ഞ സീസണിൽ പാർക്ക് അടഞ്ഞുകിടക്കുകയായിരുന്നു. എന്നാൽ അവസാനം ഒരു മാസക്കാലം ടൂറിസ്റ്റുകൾക്കായി തുറന്നുകൊടുത്തിരുന്നുവെങ്കിലും കാര്യമായി ടൂറിസ്റ്റുകൾ എത്തിയിരുന്നില്ല. കൊവിഡ് ഭീഷണി നിലനില്ക്കുന്നതിനാൽ ഇക്കുറിയും വിദേശ ടൂറിസ്റ്റുകൾ കാര്യമായി എത്തില്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.

രാജമല സന്ദർശനം പൂർണ്ണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും അനുവദിക്കുക. പുതുതായി ആരംഭിക്കുന്ന ഓർക്കിഡേറിയത്തിന്റെയും പ്രവേശനകവാടത്തിന്റെയും ഉദ്ഘാടനം തിരഞ്ഞെടുപ്പിന് ശേഷം നടക്കുമെന്നും ലക്ഷ്മി അറിയിച്ചു.

സഞ്ചാരികൾക്ക് ഫീസും നിശ്ചയിച്ചുകഴിഞ്ഞു. സ്വദേശികൾക്ക് 200 രൂപയും വിദേശികൾക്ക് 500 രൂപയുമാണ് ഫീസ്. വീഡിയോ കാമറക്ക് 350 രൂപയും കാമറയ്ക്ക് 50 രൂപയും അധികമായി നല്കണം.