
കോട്ടയം : കാലാവസ്ഥ അനുകൂലമല്ലെങ്കിലും രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാക്കാൻ കൊണ്ടുപിടിച്ച ഓട്ടത്തിലാണ് മൂന്ന് മുന്നണികളും. ചൂടിൽ വാടാതെയും മഴയിൽ തണുക്കാതെയും പോരാളിയെപ്പോലെ കളത്തിലുണ്ടവരെല്ലാം. ഇതിനിടെ കൊവിഡ് ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കണം. തിരഞ്ഞെടുപ്പിന് ഒരാഴ്ച പോലുമില്ല. പരസ്യപ്രചാരണത്തിന് അഞ്ചു ദിവസവും. ഓരോ വോട്ടറുടേയും മനസിളക്കാനുള്ള പരിശ്രമമാണ് മുന്നണികളുടേത്. കനത്ത ചൂടിൽ ചില സ്ഥാനാർത്ഥികൾക്ക് അസ്വസ്ഥയുണ്ടാകുന്നുണ്ടെങ്കിലും കരിക്ക് കുടിച്ചും മരുന്ന് കഴിച്ചുമൊക്കെ അതിജീവിക്കും. തുറന്ന വാഹനത്തിലെ പര്യടനത്തിന് മഴയാണ് പ്രധാന വില്ലൻ. ജംഗ്ഷനുകളിൽ ഒരുക്കുന്ന സ്വീകരണത്തിൽ മഴമൂലം ആളുകളെത്താത്തത് സ്ഥാനാർത്ഥികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. മഴയുള്ള സമയങ്ങളിൽ വീടുകൾ കയറിയിറങ്ങി പര്യടനം നടത്താനാണ് മുന്നണികളുടെ തീരുമാനം.
ഇനി പള്ളികളിലേയ്ക്കും
നാളെ മുതൽ വിശ്വാസികൾക്കൊപ്പമാണ് സ്ഥാനാർത്ഥികളെല്ലാം. പെസഹാവ്യാഴം മുതൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങളിൽ പള്ളികൾ കേന്ദ്രീകരിച്ച് പരമാവധി വോട്ടർമാരെ കാണാനുള്ള ശ്രമം. ദു:ഖവെള്ളി ദിവസം അനൗൺസ്‌മെന്റ് ഒഴിവാക്കി നേരിട്ട് കണ്ടുള്ള വോട്ടുറപ്പിക്കാനാണ് സ്ഥാനാർത്ഥികളുടെ തീരുമാനം.
തൊടുപുഴ പാഠം, കൊവിഡ് പേടി
കാലാവസ്ഥയെ തോൽപ്പിക്കാമെങ്കിലും കൊവിഡിനെ പേടിച്ചിട്ടുണ്ട് സ്ഥാനാർത്ഥികൾ. തൊടുപുഴയിൽ സ്ഥാനാർത്ഥിയ്ക്ക് കൊവിഡ് വന്ന് കിടപ്പിലായതിനാൽ ഇതുവരെ പുലർത്തിയ ഉദാസീനത മാറി സ്ഥാനാർത്ഥികൾ ജാഗ്രതയിലാണ്. കാരണം ഈ സമയത്ത് കൊവിഡ് വന്ന് പുറത്തിറങ്ങാത്ത സാഹചര്യമുണ്ടായാൽ പണിപാളുമെന്ന് അറിയാം. പരമാവധി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സ്ഥാനാർത്ഥികളോടും അണികളോടും പാർട്ടികളും നിർദ്ദേശം നൽകിയിട്ടുണ്ട്.
മാതൃകാ ബാലറ്റുമായി വീട്ടിൽ
വോട്ടിംഗ് യന്ത്രത്തിൽ ബാലറ്റ് സെറ്റിംഗ് പൂർത്തിയായതിനാൽ മാതൃകാ ബാലറ്റുമായി സ്ഥാനാർത്ഥിയുടെ ക്രമ നമ്പരും ചിഹ്നവും പരിചയപ്പെടുത്തി പ്രവർത്തകർ വീടുകയറിയിറങ്ങുകയാണ്. അപരൻമാരുടെ ശല്യമുള്ളവർ മാതൃകാബാലറ്റുമായി പലതവണ വീടുകൾ കയറിയിറങ്ങി മാതൃക പ്രിന്റ് ചെയ്ത് നൽകുന്നുണ്ട്. ഇതുവരെ പ്രചാരണ രംഗത്ത് സജീവമാകാതിരുന്ന സ്ഥാനാർത്ഥികളുടെ കുടുംബാംഗങ്ങളും ഇനി പ്രചാരണത്തിനിറങ്ങും.
മുരളീധരനും നദ്ദയും ജില്ലയിൽ
കേന്ദ്രമന്ത്രി വി.മുരളീധരനും, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയും ജില്ലയിൽ തിരഞ്ഞെടുപ്പ് പര്യടനത്തിനെത്തും. കോട്ടയം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 9 ന് മാങ്ങാനത്ത് നിന്ന് കഞ്ഞിക്കുഴിയിലേക്കുള്ള റോഡ് ഷോയിൽ മുരളീധരൻ പങ്കെടുക്കും. ചങ്ങനാശേരി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.രാമൻനായരുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ജെ.പി.നദ്ദ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് വാഴയ്ക്കാട്ട്ചിറയിലാണ് പരിപാടി. റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.