joice-george
ജോയ്‌സ് ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയ ഇരട്ടയാറിലെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍.

കട്ടപ്പന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിക്കെതിരെ ഇടുക്കി മുൻ എം.പി ജോയ്സ് ജോർജ് നടത്തിയ അശ്ലീല പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും പ്രസ്താവന തള്ളിയതോടെ പരസ്യമായി മാപ്പ് പറഞ്ഞ് ജോയ്സിനെ തലയൂരി. തിങ്കളാഴ്ച രാത്രി ഉടുമ്പഞ്ചോല ഇരട്ടയാറിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സ്ഥാനാർത്ഥിയും മന്ത്രിയുമായ എം.എം. മണിയുൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യയത്തിലായിരുന്നു ജോയ്സിന്റെ അധിക്ഷേപം. കഴിഞ്ഞ ദിവസം എറണാകുളം സെന്റ് തെരേസാസ് കോളേജിൽ വിദ്യാർത്ഥിനികളുമായി രാഹുൽ സംവദിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ജോയ്സിന്റെ പരാമർശം. പ്രസംഗം ജോയ്സിന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ ലൈവായിരുന്നു.

വിവാദ പരാമർശം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇന്നലെ രാവിലെ മുതൽ ജോയ്സിനെതിരെ വൻ പ്രതിഷേധമുണ്ടായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമടക്കമുള്ള യു.ഡി.എഫ് നേതാക്കൾ ജോയ്സിനെതിരെ രംഗത്തുവന്നു. ജോയ്സിന്റെ ഫേസ്ബുക്ക് പേജിൽ കോൺഗ്രസ് പ്രവർത്തകരടക്കം നിരവധി പേർ പ്രതിഷേധവുമായെത്തി. തുടർന്ന് ഇന്നലെ രാവിലെ കുമളി അണക്കരയിൽ നടന്ന എൽ.ഡി.എഫ് പീരുമേട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ സാന്നിദ്ധ്യത്തിൽ ജോയ്സ് പരസ്യമായി മാപ്പുപറഞ്ഞു.

എന്നാൽ വിഷയം രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. പരാമർശത്തിനെതിരായി ഡീൻ കുര്യാക്കോസ് എം.പി തിരഞ്ഞെടുപ്പ് കമ്മിഷനും ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഡി.ജി.പിക്കും പരാതി നൽകി. ഇടുക്കി വാഴത്തോപ്പിലുള്ള ജോയ്സിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ ജോയ്സിന്റെ കോലം കത്തിച്ചു. ജോയ്സിന്റെ അറസ്റ്റ് ചെയ്യണമെന്നും സംഭവത്തിൽ മന്ത്രി എം.എം. മണിയും മാപ്പ് പറയണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.

 ജോയ്‌സിന്റെ വിവാദ പ്രസംഗം ഇങ്ങനെ

'രാഹുൽ ഗാന്ധി കോളേജിൽ പോകും. പെൺപിള്ളേർ മാത്രമുള്ള കോളേജിലേ പോകൂ. അവിടെ ചെന്നിട്ട് പെൺപിള്ളേരെ വളഞ്ഞുനിൽക്കാനും നിവർന്ന് നിൽക്കാനും പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ, രാഹുൽ ഗാന്ധി വരുമ്പോൾ വളയാനും നിവരാനുമൊന്നും പോയേക്കരുത്. അങ്ങേര് പെണ്ണൊന്നും കെട്ടിയിട്ടില്ല. അപ്പോ ഇതൊക്കെ ശ്രദ്ധിക്കണം. ഇതൊക്കെയാണ് അങ്ങേരുടെ പരിപാടി. ഇങ്ങനത്തെ പരിപാടിയായിട്ട് പുള്ളി നടക്കുവാ"