കോട്ടയം: ബെല്ലും ബ്രേക്കുമില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോൾ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. പനി,ചുമ,ജലദോഷം,തൊണ്ടവേദന, മണവും രുചിയും നഷ്ടപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരും കൊവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവരും പരിശോധന നടത്തണമെന്നാണ് നിർദേശം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കൊവിഡ് പരിശോധന കുറഞ്ഞിട്ടുണ്ട്. കൊവിഡ് ബാധിക്കുന്നവരിൽ ചിലർക്ക് രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറയുകയും തുടർന്ന് പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ പ്രായഭേദമന്യെ മരണത്തിന് കാരണമാകുകയും ചെയ്‌തേക്കാം. പരിശോധന നടത്താനും ജാഗ്രത പാലിക്കാനും തയാറാകാത്തത് രോഗം പകരാനും സമൂഹ വ്യാപനത്തിനും വഴിതെളിക്കും. കൃത്യസമയത്ത് പരിശോധന നടത്തിയാൽ ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ജീവൻ രക്ഷിക്കാനും സാധിക്കും. രോഗ ലക്ഷണങ്ങളുള്ളവർ യാതൊരു കാരണവശാലും പൊതു വാഹനങ്ങളിൽ സഞ്ചരിക്കുകയോ പൊതുസ്ഥലങ്ങളിൽ സന്ദർശിക്കുകയോ ചടങ്ങുകളിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും പങ്കെടുക്കുകയോ ചെയ്യരുതെന്ന് ഡി.എം.ഒ ജേക്കബ് വറുഗീസ് നിർദേശിച്ചു.