
പാലാ : നിയമസഭാതിരഞ്ഞെടുപ്പിനു ദിവസങ്ങൾമാത്രം ശേഷിക്കെ പാലാ നഗരസഭയിൽ ഭരണപക്ഷമായ ഇടതുമുന്നണിയിലെ സി.പി.എമ്മിന്റെയും കേരള കോൺഗ്രസ് മാണിയുടെയും രണ്ട് കൗൺസിലർമാർ തമ്മിലടിച്ചത് മുന്നണിക്കാകെ ക്ഷീണമായി.
ഇന്നലെ രാവിലെ 11ന് തുടങ്ങിയ കൗൺസിൽ യോഗത്തിൽ സി.പി.എം കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടവും കേരള കോൺഗ്രസ് (എം) കൗൺസിലറും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ബൈജു കൊല്ലംപറമ്പിലും തമ്മിലാണ് ഏറ്റുമുട്ടിയത്.
തന്നെ പങ്കെടുപ്പിക്കാതെ ചേർന്ന സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിനെതിരെ ഒരാൾ പരാതിപ്പെട്ടാൽ ആ യോഗത്തിന്റെ തീരുമാനത്തിന് നിയമസാധുത ഉണ്ടോയെന്ന ബിനുവിന്റെ ചോദ്യമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
ചോദ്യത്തിന് ചെയർമാനും സെക്രട്ടറിയും ഒഴുക്കൻ മറുപടി പറഞ്ഞു. കൃത്യമായ മറുപടി പറഞ്ഞശേഷം യോഗം തുടർന്നാൽ മതിയെന്ന് ബിനു ശഠിച്ചു. യോഗം ആദ്യം നടക്കട്ടെ ചോദ്യത്തിന് ഉത്തരം പിന്നെ മതിയെന്നായി ബൈജു.
തർക്കം മുറുകിയപ്പോൾ ഇരുവരും കസേരയിൽ നിന്ന് എഴുന്നേറ്റ് വാക്‌പോരായി. പൊടുന്നനെ ഇരുവരും തമ്മിൽ അടിയായി. വനിതാ കൗൺസിലർമാർ ഉൾപ്പടെയുള്ളവർ ഇരുവരെയും പിടിച്ചുമാറ്റി സീറ്റിലിരുത്തി. തർക്കത്തിനിടയിൽ ചെയർമാൻ അജണ്ട ഒരുവിധം വായിച്ച് അവസാനിപ്പിച്ചു.
നിലത്തു വീണ് ബൈജു
യോഗത്തിൽ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ വീണ്ടും അടിയേറ്റ ബൈജു ഹാളിലെ കസേരകൾക്കിടയിലേക്ക് തെറിച്ചുവീണു. ബൈജുവിന്റെ നിലവിളികേട്ട് മുനിസിപ്പൽ ഉദ്യോഗസ്ഥരും മറ്റ് കൗൺസിലർമാരും പാഞ്ഞെത്തി. വിവരമറിഞ്ഞ് പൊലീസും എത്തി. ഇരു പാർട്ടികളുടെയും പ്രവർത്തകർ തടിച്ചുകൂടിയെങ്കിലും നേതാക്കൾ സ്ഥിതി ശാന്തമാക്കി.
അടിയന്തര യോഗം, താക്കീത്
ഇടതുമുന്നണിയുടെ പാർലമെന്ററി പാർട്ടി യോഗം സംഭവം ചർച്ചചെയ്തു. കൗൺസിലർമാരുടെ വ്യക്തിപരമായ പ്രശ്നങ്ങളാണെന്നാണ് നേതാക്കൾ പറയുന്നത്. നിസാരകാര്യത്തിന് ഇരുവരും അടിയുണ്ടാക്കിയത് ന്യായീകരിക്കുന്നില്ല. കേരള കോൺഗ്രസും സി.പി.എമ്മും തമ്മിൽ ഇക്കാര്യത്തിൽ ഭിന്നതയില്ല. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് ഇരുവരേയും താക്കീത് ചെയ്തതായും നേതാക്കൾ അറിയിച്ചു.