കോട്ടയം സൗഹൃദവേദിയുടെ യുവത്വത്തിനൊപ്പം തിരുവഞ്ചൂർ പരിപാടിയിൽ രമേശ് പിഷാരടി
കോട്ടയം: യൂത്തിന്റെ മനസളന്നു തിരുവഞ്ചൂരിനൊപ്പം പിഷാരടി കൂടി നിരന്നതോടെ തിരഞ്ഞെടുപ്പ് ചൂട് സജീവം. കോട്ടയം സൗഹൃദവേദി സംഘടിപ്പിച്ച യുവത്വത്തിനൊപ്പം തിരുവഞ്ചൂർ പരിപാടിയിലാണ് അതിഥിയായി രമേശ് പിഷാരടി എത്തിയത്.
ഇന്നലെ കോടിമതയിലെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീടിനു മുന്നിലൊരുക്കിയ ചെറിയ വേദിയിലായിരുന്നു പരിപാടി. നിയോജക മണ്ഡലത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് തിരുവഞ്ചൂർ രാധാകൃഷ്ണനും പിഷാരടിയ്ക്കും മുന്നിൽ ചോദ്യകർത്താക്കളായി എത്തിയത്. രാഷ്ട്രീയത്തിലുപരിയായി വികസനവും കലയും എല്ലാം നിറഞ്ഞുനിന്ന വേദിയിലായിരുന്നു പുതിയ തലമുറയുമായുള്ള സംവാദം. ആദ്യം തന്നെ ഉയർന്നത് ആകാശപ്പാതയ്ക്ക് എന്തുപറ്റിയെന്ന ചോദ്യമായിരുന്നു. ആകാശപ്പാതയ്‌ക്കെതിരെ സർക്കാർ സ്വീകരിച്ച സമീപനം നിരത്തിയായിരുന്നു തിരുവഞ്ചൂരിന്റെ കുറിയ്ക്കുകൊള്ളുന്ന മറുപടി. പിന്നീട് നഗരത്തിലെ വിവിധ വികസന വിഷയങ്ങളായിരുന്നു വിദ്യാർത്ഥികളുടെ ചർച്ചയ്ക്ക് മുന്നിലെത്തിയത്.
ഇതിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണനു വേണ്ടി തയാറാക്കിയ വികസന ഗാനവുമായെത്തിയ പെൺകുട്ടിയും, ഒരു മിനിറ്റുകൊണ്ട് തിരുവഞ്ചൂരിന്റെ തിരഞ്ഞെടുപ്പ് പോസ്റ്റർ വരച്ചു നൽകിയ കൊച്ചു കലാകാരിയും കൈയടി നേടി. യുവാക്കൾക്കൊപ്പം സമയം ചിലവഴിച്ച്, സെൽഫിയെടുത്ത ശേഷം തിരുവഞ്ചൂർ രാധാകൃഷ്ണനു വേണ്ടി വിജയ മുദ്രാവാക്യം കൂടി മുഴക്കിയ ശേഷമാണ് രമേശ് പിഷാരടി വേദിവിട്ടത്.