ഇന്നലെ പാലാ നഗരസഭയിൽ നടന്നതെന്ത്?
പാലാ: ഇന്നലെ പാലാ നഗരസഭാ കൗൺസിൽ യോഗത്തിൽ നടന്നതെന്ത്....? എന്തിനായിരുന്നു തമ്മിലടി ....? സംഭവം നടന്നയുടൻ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പൊടിപ്പും തൊങ്ങലും വെച്ച് വാർത്തകൾ പരന്നു. യഥാർത്ഥത്തിൽ കൗൺസിൽ യോഗത്തിൽ നടന്ന സംഭവങ്ങളുടെ യഥാർത്ഥ വിവരണം എങ്ങും പ്രചരിച്ചില്ല.അത് ഇങ്ങനെയാണ്....
കൗൺസിൽ യോഗം തുടങ്ങിയ ഉടൻ ആദ്യ അജണ്ട പ്രകാരം ഒരു സിനിമാ തിയറ്റർ വിഷയത്തിൽ തനിക്ക് ലഭിച്ച മറുപടി അപൂർണ്ണമാണെന്നും അടുത്ത കൗൺസിൽ യോഗത്തിൽ വിശദമായ മറുപടി കിട്ടണമെന്നും സി.പി.എം കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം ആവശ്യപ്പെട്ടു. ഇത് ചെയർമാൻ അംഗീകരിച്ചതോടെ മറ്റൊരു വിഷയം ബിനു കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ഒരു അംഗത്തെ അറിയിക്കാതെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേരുകയും പങ്കെടുക്കാത്ത അംഗം പരാതിപ്പെടുകയും ചെയ്താൽ അന്നത്തെ സ്റ്റാൻഡിംഗ് കമ്മിറ്റിയെടുത്ത തീരുമാനത്തിന് നിയമസാധുത ഉണ്ടോ ഇല്ലയോ എന്ന് മുനിസിപ്പൽ സെക്രട്ടറി മറുപടി പറയണം എന്നായിരുന്നു അഡ്വ.ബിനുവിന്റെ ആവശ്യം. ഇക്കാര്യത്തിൽ ഒഴുക്കൻ മട്ടിലുള്ള ചില മറുപടികൾ ചെയർമാനും സെക്രട്ടറിയും പറഞ്ഞെങ്കിലും കൃത്യമായ മറുപടി പറഞ്ഞിട്ട് കൗൺസിൽ യോഗം തുടർന്നാൽ മതിയെന്നായി ബിനു.
ഇതോടെ കേരളാ കോൺഗ്രസ് പ്രതിനിധി ബൈജു കൊല്ലമ്പറമ്പിൽ എഴുന്നേറ്റു; ആദ്യം അജണ്ട വായിക്കണം, സ്റ്റാൻഡിംഗ് കമ്മിറ്റി സംബന്ധിച്ച മറുപടി അവസാനം പറഞ്ഞാൽ മതിയെന്നായി ബൈജു. ഇതേച്ചൊല്ലി ഇരുവരും ഏറെ നേരം വാക്കുതർക്കമുണ്ടായി. ഭരണപക്ഷത്തെ ചില കൗൺസിലർമാർ ബൈജുവിന്റെ അഭിപ്രായത്തെ പിന്താങ്ങിയപ്പോൾ, ബിനുവിന്റെ ചോദ്യത്തിനു മറുപടി പറഞ്ഞിട്ടു മതി അജണ്ട വായന എന്ന് പറഞ്ഞ് പ്രതിപക്ഷത്തെ ജിമ്മി ജോസഫ് ബിനുവിനെയും പിന്താങ്ങി.
ഇതിനിടെ വാക്കേറ്റം മൂത്തതോടെ ബൈജുവും ബിനുവും കസേരയിൽ നിന്നെഴുന്നേറ്റ് അടുത്തടുത്തേക്ക് വന്നു. വാക്കേറ്റത്തിനിടെ ബിനു 'നീയങ്ങു മാറി നിൽക്കെന്ന് 'പറഞ്ഞ് ബൈജുവിന്റെ മുഖം കൈവിരൽ കൊണ്ട് തള്ളിമാറ്റി. ഉടൻ ബൈജു ബിനുവിന്റെ ചെകിട്ടിലടിച്ചു. തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ ഇരു വിഭാഗം കൗൺസിലർമാരും ചേർന്ന് ഇരുവരേയും തള്ളിമാറ്റി സീറ്റുകളിലിരുത്തി.ചെയർമാൻ അജണ്ടകൾ ഓടിച്ച് വായിച്ച് കൗൺസിൽ അവസാനിച്ചതായി അറിയിച്ച് ചെയറിൽ നിന്നെഴുന്നേറ്റു.
തുടർന്നും പ്രശ്‌നമുണ്ടാകുമെന്ന് ഉറപ്പായതോടെ കൗൺസിലർമാർ ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ കുതിച്ചെത്തിയ ബിനു ബൈജുവിനെ ആഞ്ഞടിച്ചു. അടികൊണ്ട് നിലവിളിയോടെ കൗൺസിലർമാരുടെ കസേരകൾക്കിടയിലേക്ക് ബൈജു തെറിച്ചുവീണു. ബൈജുവിന്റെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടി.പാലാ പൊലീസും സ്ഥലത്തെത്തി.
ഇതിനിടെ വിവരമറിഞ്ഞ് ഇരു പാർട്ടികളിലെയും പ്രവർത്തകർ പരസ്പരം ആക്രോശവുമായി പാഞ്ഞടുത്തെങ്കിലും പൊലീസ് ഇടപെട്ട് എല്ലാവരെയും മുനിസിപ്പൽ ഓഫീസിൽ നിന്ന് പുറത്താക്കി. ഉടൻതന്നെ നേതാക്കളായ ലാലിച്ചൻ ജോർജ്,പി.എം ജോസഫ്, കെ.കെ ഗിരീഷ് കുമാർ, ജയപ്രകാശ്, ബിജു പാലൂപ്പടവിൽ,ജോസുകുട്ടി പൂവേലിൽ എന്നിവർ നഗരസഭാ ചെയർമാന്റെ മുറിയിലെത്തി; തുടർന്ന് 10 മിനിട്ടിനുള്ളിൽ പ്രശ്‌നവും പരിഹരിച്ചു.