a

കുമരകം: കോട്ടയം -വൈക്കം റൂട്ടിൽ ഇന്നലെ സർവീസ് നടത്തിയ "ജയന്തി " ബസിലെ കളക്ഷൻ സഹായധനമായി കൈമാറും.അംബികാ മാർക്കറ്റിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ അഖിലിന്റെ ചികിത്സയ്ക്കായാണ് പണം കൈമാറുന്നത്. തലയാഴം കൊതവറ ചക്കനാട്ടുശ്ശേരിൽ പരേതനായ തങ്കച്ചന്റെയും റെജിമോളുടെയും ഏക മകനാണ് അഖിൽ. തകർന്ന കാൽപാദത്തിന് ഇപ്പോൾ രണ്ട് ശസ്ത്രക്രിയകൾ നടത്തി കഴിഞ്ഞു. തുടർചികിത്സയ്ക്ക് കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും ഇനിയും കണ്ടെത്തണം.നാട്ടുകാരാണ് ഇതുവരെ സഹായിച്ചത് .. ഇതിന് മുൻപും നന്മയുടെ ഡബിൾ ബെൽ മുഴക്കി ജയന്തി സവാരി നടത്തിയിട്ടുണ്ട്. പുത്തൻ പാലം സ്വദേശിയായ തമ്പാന്റെ ജപ്തി ഒഴിവാക്കാനും വീടില്ലാത്ത മൂന്ന് പെൺകുട്ടികൾക്ക് വീട് നിർമ്മിക്കാനുമെല്ലാം ജയന്തിയുടെ സർവീസ് തുണയായിട്ടുണ്ട്. കുമരകം പൊലീസ് സ്റ്റേഷനിൽനിന്ന് എ.എസ്.ഐയായി വിരമിച്ച ഉല്ലല മീനാന്തുരുത്ത് വീട്ടിൽ എ.എസ് ഗോപാലകൃഷ്ണനാണ് ജയന്തി ബസിന്റെ ഉടമ. ഡ്രൈവർ ശ്യാമും കണ്ടക്ടർ ശംബുവും നൽകുന്ന പിന്തുണയുമായി ഒപ്പമുണ്ട്.