
ന്യൂട്ടെല്ല പ്രിയരെ കുഴപ്പിക്കുന്ന ഒരു ചോദ്യം ചോദിക്കട്ടെ? ഹേസൽനട്ട് അഥവാ ചെമ്പങ്കായും കൊക്കോ പൗഡറും ചേർത്തുണ്ടാക്കുന്ന ലോകപ്രശസ്തമായ ഒരു ബ്രെഡ് സ്പ്രെഡാണ് ന്യൂട്ടെല്ല, അല്ലെങ്കിൽ നട്ടെല്ല, അതും അല്ലെങ്കിൽ നൂട്ടെല്ല. ശരിക്കും ഈ ന്യൂട്ടല്ലയുടെ യഥാർത്ഥ ഉച്ചാരണം എന്താണെന്നുള്ളത് സ്ഥിരീകരിക്കാത്ത ഒരു കാര്യമായി ഇപ്പോഴും തുടരുകയാണ്.
ഒരുപക്ഷെ, നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായിരിക്കാം ന്യൂട്ടെല്ല. എങ്കിലും, നിങ്ങൾ ഒരു പക്ഷെ ആ വാക്ക് ഉച്ചരിക്കുന്നത് തെറ്റായിട്ടായിരിക്കാം. കാരണം എന്താണെന്നല്ലെ നിങ്ങൾ ചിന്തിക്കുന്നത്? ന്യൂട്ടല്ല അടുത്തിടെ നടത്തിയ സർവേയിൽ 88 ശതമാനം പേരും ഈ പദം തെറ്റായാണ് ഉച്ചരിക്കുന്നത് എന്ന് കണ്ടെത്തി. ലോക ന്യൂട്ടല്ല ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 5നാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. യു.കെയിൽ നടത്തിയ സർവേയിൽ 78 ശതമാനം പേരുടെയും അഭിപ്രായം 'നട്ടെല്ല' എന്നതാണ് യഥാർത്ഥ ഉച്ചാരണം എന്നാണ്. എന്നാൽ, 12 ശതമാനം പേർ പറയുന്നത് 'നൂട്ടല്ല' എന്നതാണ് യഥാർത്ഥ ഉച്ചാരണം എന്നാണ്. എന്നാൽ 6 ശതമാനത്തോളം പേർ വാദിക്കുന്നത് 'ന്യൂട്ടെല്ല' എന്നാണ് ശരിയായ ഉച്ചാരണം എന്നാണ്. വെറും 3 ശതമാനം പേർ മാത്രമാണ് പതിവായി കഴിക്കാറുണ്ടെങ്കിലും ന്യൂട്ടല്ലയുടെ യഥാർത്ഥ ഉച്ചാരണം തങ്ങൾക്കറിയില്ല എന്ന് സമ്മതിച്ചത്.
ഇറ്റാലിയൻ കമ്പനിയായ ഫറേറോ ആണ് പ്രശസ്തമായ ഈ ബ്രെഡ് സ്‌പ്രെഡിന്റെ നിർമ്മാതാക്കൾ. അതുകൊണ്ട് തന്നെ ഇറ്റാലിയൻ ശൈലിയിലാണ് ഇത് ഉച്ചരിക്കേണ്ടത്. 'NOU-tella' എന്നാണ് യഥാർത്ഥ ഉച്ചാരണം. മലയാളത്തിലാകുമ്പോൾ ഏറെക്കുറെ നൂട്ടെല്ല എന്നാകും. നിങ്ങൾ ഇത്രയും കാലം ന്യൂട്ടെല്ല എന്നല്ലേ ഉച്ചരിച്ചുകൊണ്ടിരുന്നത്. ലോകത്തിന്റെ നാനാ ഭാഗങ്ങളിലും നൂട്ടെല്ല ആരാധകരുള്ളതിനാൽ, ഇതിനെ എങ്ങനെ ഉച്ചരിക്കണമെന്നത് സംബന്ധിച്ച് വളരെക്കാലമായി നിരവധി രസകരമായ സംവാദങ്ങൾ നടക്കുന്നുണ്ട്.
ഈ ബ്രെഡ് സ്പ്രെഡിന്റെ ശരിയായ ഉച്ചാരണം നൂട്ടെല്ല എന്നാണ്, 'Nou'എന്നത് അൽപ്പം സ്ട്രെസ് ചെയ്ത് പറയണം എന്നാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്. അതേസമയം, നൂട്ടെല്ല ആരാധകർ ഈ പദം എങ്ങനെ ഉച്ചരിക്കുന്നു എന്നത് തങ്ങൾക്കൊരു പ്രശ്നമേയല്ലെന്നും കമ്പനി വ്യക്തമാക്കി. ഉച്ചാരണം എങ്ങനെയായാലും ഉപഭോക്താക്കൾ അത് ആസ്വദിച്ച് കഴിക്കുന്നുണ്ട് എന്നതിലാണ് തങ്ങൾക്ക് തൃപ്തിയെന്ന് ഫെററോ യു.കെ ആൻഡ് അയർലണ്ട് മാനേജിംഗ് ഡയറക്ടർ ജെയിംസ് സ്റ്റേവാർട്ട് പറഞ്ഞത്. എന്നാൽ, 2015ൽ ഉച്ചാരണം സംബന്ധിച്ച് ഇതേ ചോദ്യമുയർന്നപ്പോൾ ന്യൂട്ടെല്ലയ്ക്ക് ആഗോളതലത്തിൽ പ്രത്യേക ഉച്ചാരണം ഇല്ല എന്നാണ് കമ്പനി ബസ്ഫീഡ് വെബ്‌സൈറ്റിലൂടെ വ്യക്തമാക്കിയിരുന്നു.