
ക്ഷേത്രം ഭരിക്കേണ്ടത് ഹിന്ദുക്കൾ, സർക്കാർ നിയന്ത്രണം പാടില്ലെന്ന വാദം വിവാദമാകുകയാണ്. ദേവസ്വം ബോർഡുകൾ ഉണ്ടായകാലം മുതൽ ഭരണം നടത്തിവരുന്നതും ഹിന്ദുക്കളാണ്. ഇതരസമുദായങ്ങൾ ഭരണം നടത്തിയ ചരിത്രമില്ല. ദേവസ്വം ബോർഡ് സ്വതന്ത്ര ബോഡിയാണ്. ക്ഷേത്രങ്ങളുടെ ദൈനംദിന ഭരണകാര്യങ്ങളിൽ സർക്കാർ ഇടപെടാറില്ല. രാജ്യത്തിനു മാതൃകയായി 294-ൽ പ്പരം അബ്രാഹ്മണ ശാന്തിക്കാരെ തിരഞ്ഞെടുത്തത് സർക്കാർ നിയമിച്ച ബോർഡാണ്. പട്ടികജാതി പട്ടികവർഗത്തിൽപ്പെടുന്ന 43-ൽ പ്പരം വ്യക്തികളെ ദേവസ്വംക്ഷേത്രങ്ങളിൽ റിക്രൂട്ട്മെന്റ് ബോർഡ് ശാന്തിക്കാരായി നിയമിച്ചു കഴിഞ്ഞു. പിണറായി സർക്കാരിന്റെ ഏറ്റവും വലിയ ശ്രീകോവിൽ നവോത്ഥനം തന്നെയാണത്.
ശബരിമല ഗുരുവായൂർ ഉൾപ്പടെയുള്ള ദേവസ്വങ്ങളിൽ പൂജാകാര്യങ്ങൾ നടത്തുന്നതിന് ഒരു പടിത്തരം പുരാതനകാലം മുതൽ രൂപീകരിച്ചിട്ടുണ്ട്.
ഇതിന് പടിത്തരം രജിസ്റ്റർ എന്നു പറയും. സ്വർണം, വെള്ളി തുടങ്ങിയ ഉരുപ്പടികൾ സൂക്ഷിക്കുന്നതിന് തിരുവാഭരണ രജിസ്റ്ററുണ്ട്. മറ്റ് വിലപിടിപ്പുള്ള പാത്രങ്ങൾക്ക് ഭരണിപ്പാത്ര രജിസ്റ്ററും. കാലാകാലങ്ങളിൽ വരുന്ന സ്വർണം പോലെയുള്ള വിലപ്പെട്ട ഉരുപ്പടികൾ അതത് രജിസ്റ്ററിൽ ചേർത്ത് സ്ട്രോംഗ് റൂമുകളിൽ സൂക്ഷിക്കുകയാണ് പതിവ്. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നതും പൂജാകാര്യങ്ങൾ നടത്തുന്നതും ഹിന്ദുക്കളാണ് . എന്നാൽ നരബലി നടത്തി പുണ്യം നേടുന്ന സ്ഥിതി വന്നാൽ സർക്കാരും പോലീസും കോടതിയും ഇടപെടും.
കേരളത്തിൽ ഒരു ക്ഷേത്രത്തിലും ദേവനെ ദർശിക്കുന്നതിന് പണം വാങ്ങാറില്ല. അർച്ചന പോലെയുള്ള പൂജാകാര്യങ്ങൾക്ക് മാത്രമേ രസീതെഴുതി പണം വാങ്ങാറുള്ളൂ. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ 1248 ക്ഷേത്രങ്ങളിലും കൊച്ചിയിലെ 403 ക്ഷേത്രങ്ങളിലും മലബാറിലെ 1337 ക്ഷേത്രങ്ങളിലും ഗുരുവായൂരിലെ 12 ക്ഷേത്രങ്ങളിലും കൂടൽമാണിക്കം എന്ന ഒരു ക്ഷേത്രത്തിലും കൂടി 20,000-ൽ പ്പരം ക്ഷേത്രജീവനക്കാരും അതുപോലെ തന്നെ പെൻഷൻകാരും കാരയ്മ ജീവനക്കാരുമുണ്ട്. ഇവർക്കെല്ലാം ശമ്പളവും പെൻഷനും നൽകുന്നതു ദേവസ്വം ബോർഡുകളാണ്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്റെ ഫലമായി വരുമാന ത്തിൽകുറവ് വന്നപ്പോൾ 100 കോടി രൂപയാണ് ദേവസ്വം ബോർഡിന് സർക്കാർ നൽകിയത്. ഹിന്ദുമതസ്ഥാപനങ്ങളെ സ്വതന്ത്രമാക്കാൻ നിയമം നിർമ്മിക്കാൻ മുഖ്യമന്ത്രി പിണറായിയോടും അദ്ദേഹത്തിന്റെ സർക്കാരിനോടും ചിലർ അഭ്യർത്ഥിക്കുന്നത് ദേവസ്വങ്ങളുടെ പൂർവകാല ചരിത്രം അറിയാത്തതു കൊണ്ടായിരിക്കും. കേരളത്തിലെ ക്ഷേത്രങ്ങളിലെ പഴയകാലചരിത്രം ഈ അവസരത്തിൽ ഓർക്കുന്നത് നല്ലതാണ്. കരപ്രമാണിമാരുടേയും ഭൂപ്രഭുക്കൻമാരുടേയും കൈവശമുണ്ടായിരുന്ന ക്ഷേത്രങ്ങൾ അവർ പരസ്പരം തല്ലി കൊള്ളയടിച്ച് തകർന്ന് വെണ്ണീറയായപ്പോൾ ഏകീകൃത സൽഭരണം കൊണ്ടുവരാൻ 1811 -ൽ തിരുവിതാംകൂർ മഹാരാജാവിന്റെ ദിവാനും ഉപദേഷ്ടാവുമായിരുന്ന കേണൽ മൺട്രോ ഒരു വിളംബരത്തിലൂടെ മഹാരാജാവിന്റെ അധികാരം ഉപയോഗിച്ച് ക്ഷേത്രങ്ങൾ പിടിച്ചെടുക്കുകയും രാജഭരണത്തിലുള്ള റവന്യൂ ഡിപ്പാർട്ട്മെന്റ് ചേർത്ത് ഭരണം നടത്തി വരികയും ചെയ്തു. തുടർന്ന് സർക്കാർ റവന്യൂ ഡിപ്പാർട്ട്മെന്റിലുണ്ടായിരുന്ന ഹിന്ദുക്കളല്ലാത്ത ജീവനക്കാർക്ക് ദേവസ്വം വിഭാഗത്തിലേക്ക് പ്രവേശനം നൽകാൻ സാധിക്കാത്ത സാഹചര്യം വന്നുചേരുകയും പ്രശ്നപരിഹാരത്തിനായി രാമചന്ദ്രറാവു കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റവന്യൂ വസ്തുക്കളും ക്ഷേത്രവകകളും തിട്ടപ്പെടുത്തി ക്ഷേത്ര ഇരുപ്പ് സ്ഥലവും മറ്റ് ആവശ്യങ്ങൾക്ക് അത്യാവശ്യം വേണ്ട സ്ഥലവും മാത്രം നീക്കിവച്ച് ബാക്കിയുള്ള വസ്തുക്കൾ റവന്യൂ ഡിപ്പാർട്ട്മെന്റിന് നൽകുകയായിരുന്നു. അങ്ങനെ 1922 മുതൽ 2020 വരെയുള്ള കാലയളവ് വരെ ആനുവിറ്റി എന്ന നിലയിൽ 80 ലക്ഷം രൂപ സർക്കാർ ഒരു വർഷം ദേവസ്വം ബോർഡിന് നൽകിയിരുന്നത് 10 കോടി രൂപയായി വർദ്ധിപ്പിച്ച് വലിയ മാറ്റം വരുത്താൻ 2021 ലെ ബഡ്ജറ്റിലുൾപ്പെടുത്തി പിണറായി സർക്കാർ സഹായിച്ചത് ചരിത്ര സംഭവമാണ്.1947 -ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുണ്ടായ കവനന്റ് പ്രകാരം ദേവസ്വങ്ങളുടെ ഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡ്, കൊച്ചി ദേവസ്വം ബോർഡ് എന്നിങ്ങനെ മൂന്നംഗങ്ങൾ വീതമുള്ള ബോഡുകൾ രൂപീകരിച്ചു ഭരണം നടത്തിവരുന്നു. രാജപ്രമുഖന് ഉണ്ടായിരുന്ന എല്ലാ അധികാരങ്ങളും അന്ന് ദേവസ്വം ബോർഡിന് നൽകുകയായിരുന്നു. അങ്ങനെയാണ് മന്നത്ത് പത്മനാഭൻ പ്രസിഡന്റും ആർ.ശങ്കറും ആർ. ശങ്കരനാരായണ അയ്യരും അംഗങ്ങളായിട്ടുള്ള പ്രഥമ ബോർഡ് നിലവിൽ വന്നത്. ഇവിടെ ക്ഷേത്രഭരണം ഹിന്ദുക്കളെ ഏല്പിക്കണമെന്ന് പറയുന്നവർ 1811 ന് മുമ്പുള്ള അവസ്ഥയിലേയ്ക്ക് ക്ഷേത്രങ്ങളെ കൊണ്ടെത്തിക്കുക എന്നായിരിക്കും ഉദ്ദേശിക്കുന്നത്.
(കേരളാസ്റ്റേറ്റ് ദേവസ്വം പെൻഷനേഴ്സ് കോൺഫെഡറേഷൻ പ്രസിഡന്റാണ് ലേഖകൻ)