
തിരുവിതാംകൂറിലെ അഗസ്തീശ്വരത്തിനു സമീപം പൂവണ്ടൻതോപ്പിൽ 1809-ൽ പിറന്ന മുടിച്ചൂടും പെരുമാൾ എന്ന മുത്തുക്കുട്ടി ഇരുപത്തിനാലാമത്തെ വയസിൽ തിരുച്ചെന്തൂരിൽ വച്ച് ജ്ഞാനോദയം സിദ്ധിച്ച് അയ്യാ വൈകുണ്ഠനാഥരായി. തനിക്കു ചുറ്റും കണ്ട അസമത്വത്തെ ബാല്യം മുതൽ വിമർശിച്ചിരുന്ന അദ്ദേഹം ജ്ഞാനലബ്‌ധിയോടെ ആത്മീയ ദർശനങ്ങളിലൂടെ ശക്തമായി പ്രതികരിക്കുകയും ജനങ്ങളെ ബോധവത്‌കരിക്കുകയും ചെയ്തു. നിഴൽതാങ്ങലുകൾ എന്ന വിജ്ഞാന പരിശീലനകേന്ദ്രങ്ങൾ സ്ഥാപിച്ചു. കണ്ണാടി പ്രതിഷ്ഠയുള്ള പതികൾ ആത്മീയ രംഗത്ത് പുതിയ വീക്ഷണത്തിന് തുടക്കമിട്ടു.
നരന് നരൻ അശുദ്ധ വസ്തുവായി കണക്കാക്കിയിരുന്ന കാലത്ത് പതിനെട്ട് അയിത്ത ജാതിക്കാരെ ഒന്നിച്ചിരുത്തി പന്തിഭോജനം നടത്തിയ വ്യത്യസ്ത വിപ്ലവകാരിയായ അയ്യാവൈകുണ്ഠർ ഇവർക്ക് വെള്ളം കോരുന്നതിനായി പൊതുകിണർ നിർമ്മിച്ചു നല്കി. കന്യാകുമാരി ജില്ലയിലെ സാമിത്തോപ്പിൽ 'മുന്തിരിക്കിണർ' എന്നപേരിൽ ഇത് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
ക്ഷേത്രങ്ങളിൽ പൂജാരിമാർ പ്രസാദം ഭക്തരുടെ കൈകളിലേക്ക് ഇട്ടുകൊടുക്കുന്ന രീതി ഇന്നും തുടരുമ്പോൾ പെരുവിരലും ചൂണ്ടുവിരലും ചേർത്ത് ഭക്തന്റെ നെറുകയിൽ തൊട്ട് നാമം ചാർത്താൻ അയ്യാവൈകുണ്ഠർ നിർദ്ദേശിച്ചു. അയ്യാ വഴികോവിലുകളിൽ ഇന്നും ഇതു തുടരുന്നു. അവനവനെ സ്വയം തിരിച്ചറിയാനും ദൈവം അവനവനിൽ തന്നെയാണെന്നും ഉദ്ഘോഷിച്ച അദ്ദേഹം കണ്ണാടി പ്രതിഷ്ഠിച്ചുകൊണ്ട് ദൈവാരാധനാക്രമത്തെ തന്നെ മാറ്റി മറിച്ചു.
തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാളിന്റെ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട അയ്യാവൈകുണ്ഠരെ നിറഞ്ഞ സദസിനു മുമ്പിൽ ചോദ്യം ചെയ്തപ്പോൾ മറുപടി പറയുന്നതിനിടയിൽ രാജാവിനുനേരെ വിരൽ ചൂണ്ടി 'നീ' എന്നു സംബോധന ചെയ്യാൻ അദ്ദേഹം ധൈര്യം കാട്ടി. രാജാവിലും പ്രജകളിലും ഒരേ ആത്മാവാണ് വസിക്കുന്നതെന്നും ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്നും വാളോങ്ങിനിന്ന ഭടൻമാരുടെയും പൗരപ്രമുഖരുടെയും മുമ്പിൽ വച്ച് പറയാതെ പറഞ്ഞുവെച്ച മറ്റൊരു ആത്മീയ ഗുരുവിനെ ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയില്ല.
അയ്യാവൈകുണ്ഠരുടെ രണ്ട് വിശുദ്ധ ഗ്രന്ഥങ്ങളാണ് അഖിലതിരട്ടും അരുൾ നൂലും. ഓരോ മനുഷ്യനും ദൈനംദിന ജീവിതത്തിൽ അനുവർത്തിക്കേണ്ട നിഷ്ഠകളും ചുമതലകളും സഹജീവികളോടുള്ള കടമകളും പ്രകൃതിയോടുള്ള സമീപനവുമെല്ലാം സവിസ്തരം പ്രതിപാദിക്കുന്ന അഖിലതിരട്ട് മനുഷ്യന് ഈ ലോകത്തിൽ തന്നെ സ്വർഗം വാഗ്ദാനം ചെയ്യുന്നു. ലോകത്തിലെ സകല ജീവജാലങ്ങളിലും നിലനിൽക്കുന്ന വിശപ്പ് അവയിൽ അനന്യത സൃഷ്ടിക്കുന്നുവെന്ന അയ്യാവൈകുണ്ഠരുടെ ആശയം ഈ വിശുദ്ധ ഗ്രന്ഥത്തെവേറിട്ടതാകുന്നു.
ചിന്തകനും മഹാപണ്ഡിതനുമായ അയ്യാവൈകുണ്ഠർ പലപ്പോഴായി അരുൾ ചെയ്തതാണ് അരുൾ നൂൽ. നൂൽ എന്ന തമിഴ് വാക്കിനർത്ഥം പുസ്തകം.ചാട്ടുനീട്ടോല പ്രവചനങ്ങളാണ്. ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങൾ അയ്യാവൈകുണ്ഠർ ജ്ഞാനദൃഷ്ടിയിൽ ദർശിക്കുന്നതായി വിവരിക്കുന്നു. ശിഷ്യന്മാരോട് പറഞ്ഞത് പത്തിരം. പത്തിരമെന്നാൽ പത്രം. പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേയ്ക്ക് കടന്നുചെല്ലുന്നത് ശിവകാണ്ഡധികാര പത്രം.
നിന്ദ്യവും ക്രൂരവുമായ ജാതിവ്യവസ്ഥയ്‌ക്കെതിരെ അയ്യാവൈകുണ്ഠരുടെ പ്രവർത്തനം ആശയപ്രചരണത്തിൽ മാത്രം പരിമിതപ്പെട്ടില്ല. പ്രായോഗിക പ്രവർത്തനത്തിലൂടെ അദ്ദേഹം സ്വയം മാതൃക സൃഷ്ടിച്ചു. ജാതിവ്യവസ്ഥക്കെതിരെ കേരളത്തിൽ പിന്നീട് അലയടിച്ചുയർന്ന നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് അയ്യാവൈകുണ്ഠരുടെ ആശയങ്ങളും പ്രവർത്തനങ്ങളും ശക്തമായ പ്രചോദനമാണ് നല്കിയത്. ഇന്ത്യയിലെ തന്നെ ആദ്യ നവോത്ഥാന നക്ഷത്രമായ അയ്യാ വൈകുണ്ഠ നാഥർക്ക് ഉചിതമായ സ്മാരകമോ അദ്ദേഹത്തിന്റെ സന്ദേശങ്ങളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള പഠനകേന്ദ്രമോ ഇനിയും ഉണ്ടായില്ലെന്നത് പരിഹരിക്കപ്പെടേണ്ട കുറവ് തന്നെയാണ്.
(തിരുവനന്തപുരം അയ്യാവൈകുണ്ഠർ പഠനകേന്ദ്രം ചെയർമാനാണ് ലേഖകൻ)