whatsapp

ശാസ്ത്രം എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും പ്രേതങ്ങളുടെയും ഭൂതങ്ങളുടെയും ദുരാത്മാക്കളുടെയും ചിന്ത ഇപ്പോഴും പലരെയും വിട്ടൊഴിഞ്ഞിട്ടില്ല. ഇന്നും അതീവ ഭീതിയോടെയാണ് ഇത്തരം കാര്യങ്ങൾ പലരും കാണുന്നത്. എന്നാലും ഈ കാലഘട്ടത്തിൽ പുറത്തിറങ്ങുന്ന ഹൊറർ സിനിമകളുടെയും സീരിയലുകളുടെയും എണ്ണത്തിലും യാതൊരു കുറവുമില്ല.

ഈ ഒരു സാഹചര്യത്തിലാണ് ഇപ്പോൾ ഒരു ഗ്രാമം മുഴുവൻ പ്രേതത്തെ പേടിച്ച് ജീവിക്കുന്ന കഥ പുറത്തുവരുന്നത്.

ആറ് മണി കഴിഞ്ഞാൽ തെലങ്കാനയിലെ മഹാബുദബാദ് ജില്ലയിൽ താമസിക്കുന്നവർ വാതിൽ അടച്ചു പൂട്ടി വീടിനുള്ളിൽ അകത്തിരിക്കുകയാണ് പതിവ്. വിജനമായ വഴിയിലൂടെ ഒരാൾ നടന്നു പോയപ്പോൾ നേരിട്ട അനിഷ്‌ട സംഭവമാണ് ഈ ഭീതിയുടെ മുഖ്യാധാരം. നടന്നു പോകുമ്പോൾ ആരോ പിന്നിൽ നിന്ന് തള്ളിയിട്ട പോലെ ഇയാൾ റോഡിലേക്ക് വീഴുകയായിരുന്നു. പക്ഷെ, ആ വഴിയിൽ മറ്റാരും തന്നെയുണ്ടായിരുന്നില്ല. ഇവിടം കൊണ്ടൊന്നും കാര്യങ്ങൾ അവസാനിച്ചിട്ടില്ല. മഹാബുദബാദ് ജില്ലയിൽ ആകെ 1500 പേരാണ് താമസിക്കുന്നത്. രാത്രികാലങ്ങളിൽ പ്രേതാത്മാക്കൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്നു എന്നാണ് ഇവിടുത്തെ ജനങ്ങൾ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് എട്ട് മണിക്ക് മുമ്പ് തന്നെ ഇവർ ഉറങ്ങാറുള്ളത്. കർഷകർ പോലും പണികഴിഞ്ഞാൽ ആറുമണിക്ക് ശേഷം പുറത്തു നിൽക്കാറില്ല. എന്നാൽ, നാട്ടുകാരുടെ വിശ്വാസം മുതലെടുത്ത് പ്രേതത്തിന്റെ വ്യാജ വീഡിയോകൾ വാട്സാപ്പ് വഴി പ്രചരിക്കുന്നുണ്ട് എന്നും പരാതിയുണ്ട്. ഇത് കൂടുതൽ ഭയത്തിന് ഇടയാക്കിയിട്ടുണ്ട്.