
വിനാശകാലമടുക്കുമ്പോൾ സാരോപദേശം കൊണ്ട് ഫലമില്ലെന്ന് മാരീചന് നന്നായി അറിയാം. എങ്കിലും അനിഷ്‌ടം ഭാവിച്ചാലും പറയാനുള്ളത് പറഞ്ഞുകൊടുക്കണം. അതാണ് ബന്ധുധർമ്മവും മിത്രധർമ്മവും. രാവണൻ പ്രതികൂലമായ വാക്കുകൾ പറഞ്ഞെങ്കിലും മാരീചൻ പിൻവാങ്ങിയില്ല. പരുഷമായ സ്വരത്തിൽ ഉപദേശം തുടർന്നു: അല്ലയോ രാക്ഷസേന്ദ്ര! അങ്ങയ്‌ക്ക് വേണ്ടാത്ത ഈ മാർഗവും കർമ്മവും ഉപദേശിച്ചതാര്? നിന്റെ നാശം അടുത്തിരിക്കുന്നു. നിന്റെ പ്രതീക്ഷയ്‌ക്കുവേണ്ടി ആരോ തെറ്റായ വഴി ഉപദേശിച്ചതാണ്. ഇത് മൃത്യുവിലേക്കുള്ള മാർഗമാണ്. നാശത്തിലേക്കുള്ള ഈ വഴികാട്ടി തന്ന മഹാപാപിയാരാണ്? എന്തായാലും നിന്റെ വിനാശം ആഗ്രഹിക്കുന്നവരാണെന്ന് തീർച്ച. അവിവേകം കാട്ടി സ്വയം നശിക്കാനുള്ള വഴിയാണിത്. തെറ്റായ മാർഗത്തിൽ സഞ്ചരിക്കാൻ പുറപ്പെടുമ്പോൾ പിന്തിരിപ്പിക്കാൻ നിന്റെ മന്ത്രിമാരും ശ്രമിച്ചില്ലെന്നതാണ് അതിശയം. അവരെ നിഗ്രഹിക്കുകയാണ് വേണ്ടത്. രാജാവ് വിനാശമാർഗം സ്വീകരിക്കുമ്പോൾ പിന്തിരിപ്പിക്കാത്ത മന്ത്രിമാർ ഉത്തമന്മാരല്ല.
നല്ല മാർഗത്തിലൂടെ കീർത്തിയും ധർമ്മാർത്ഥകാമവും നേടാനാണ് രാജാവ് ശ്രമിക്കേണ്ടത്. അങ്ങനെ കിട്ടുന്നതെല്ലാം മന്ത്രിമാർക്കും അവകാശപ്പെട്ടതാണ്. തിന്മകൊണ്ട് അനർത്ഥങ്ങളേ ഉണ്ടാകൂ. അല്ലയോ രാക്ഷസേന്ദ്ര നിന്റെ ദോഷകർമ്മങ്ങളാൽ പ്രജകൾക്കും അനർത്ഥം സംഭവിക്കും. ധർമ്മചാരിയായിരിക്കണം രാജാവ്. രാജ്യരക്ഷയാണ് അദ്ദേഹം ചിന്തിക്കേണ്ടത്. ഇന്ദ്രിയങ്ങൾക്ക് വശപ്പെട്ടവനും തിന്മചെയ്യുന്നവനുമായ രാജാവ് പ്രജകൾക്കും രാജ്യത്തിനും ആപത്തുണ്ടാക്കുന്നു.
ബുദ്ധിമാനായ രാജാവ് ധർമ്മമാർഗത്തിലൂടെ നീങ്ങുന്നു. നല്ല മന്ത്രിമാരില്ലാത്ത രാജാവ് വിനാശമാർഗം സ്വീകരിക്കുന്നു. ബുദ്ധിഹീനനായ തേരാളി നയിക്കുന്ന കുതിരകൾ ലക്ഷ്യത്തിലെത്തുകയില്ല. അതുപോലെയാണ് ദുഷ്‌ടമന്ത്രിമാരുള്ള രാജാവ്. ധർമ്മചാരികൾ പോലും ദുഷ്‌ടസംസർഗത്താൽ വിപത്തിൽപെടുന്നു. ഏകാധിപതികളായ രാജാവ് ചിന്തിക്കാതെ ആപത്തിൽ പെടുന്നു. അവരുടെ ഭരണം ചെന്നായ്‌ക്കൾകാക്കുന്ന ആട്ടിൻ പറ്റത്തിന്റെ ദുരവസ്ഥയിലാണ്.
അങ്ങയുടെ ഈ നീക്കവും തീരുമാനവും ഒട്ടും അഭിവൃദ്ധികരമല്ല. മാത്രമല്ല വിപത്തിലേക്കുള്ള തുടക്കവുമാണ്. രാക്ഷസവംശത്തിനുതന്നെ ദോഷഹേതുവാണ്. എന്നെ നിഗ്രഹിക്കുന്ന ശ്രീരാമൻ രാക്ഷസവംശത്തിനും അന്തകനായിത്തീരും. എന്റെ ജീവിതാന്ത്യം അടുത്തപോലെ തോന്നുന്നു. ശത്രുവിന്റെ കൈകളാൽ മരണം വരിക്കാനായിരിക്കും എന്റെ വിധി. എനിക്കതിൽ ദുഃഖമില്ല. രാമനെ നേരിട്ടു കാണുന്നമാത്രയിൽ എന്റെ ജീവിതവും അവസാനിക്കും. സീതയെ അപഹരിച്ചാൽ അങ്ങയുടെയും കുലത്തിന്റെയും കഥകഴിയും. നിന്റെ തീരുമാനം നടപ്പാക്കാൻ എന്നെയും വലിച്ചിഴയ്‌ക്കുന്നു. എന്റെ സഹായത്തോടെ ആശ്രമത്തിൽ നിന്ന് സീതയെ അപഹരിക്കാൻ കഴിഞ്ഞാൽ പിന്നെ നീയില്ല ഞാനുമില്ല. ലങ്കാരാജ്യം തന്നെ കാണുകയില്ല. രാക്ഷസവംശവും അസ്‌തമിക്കും. ആയുസ് തീരാറായ ഒരാൾക്ക് സാരോപദേശങ്ങൾ രസിക്കുകയില്ല. അങ്ങയുടെ ഐശ്വര്യവും കീർത്തിയുമാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനുവേണ്ടി പറയുന്നതൊന്നും ഈയവസ്ഥയിൽ സഹിക്കാൻ കഴിയില്ല. ആ വാക്കുകൾ ദഹിച്ചെന്നും വരില്ല.
മാരീചൻ തന്റെ ബുദ്ധിയിൽ തെളിഞ്ഞ മുന്നറിയിപ്പുകളും ഉപദേശങ്ങളും രാവണനോട് പറയുന്നുണ്ട്. വിപത്ത് അരികിലെത്തുമ്പോൾ പ്രീതി നഷ്‌ടപ്പെടുമെന്ന് ഭയക്കാതെ നല്ല മാർഗം ഉപദേശിക്കുന്നവരാണ് യഥാർത്ഥ ബന്ധുക്കളും മിത്രങ്ങളും
(ഫോൺ: 9946108220)