chembazhanthi-kinar

പല പുണ്യ ജലപ്രവാഹങ്ങളുടെയും പിന്നിൽ മഹർഷിമാരുടെയും തപസിന്റെയും സാന്നിദ്ധ്യമുണ്ടാകാറുണ്ട്. തപസിലൂടെ ജ്ഞാനോദയമുണ്ടായ ഋഷിവര്യനായ നാരായണഗുരുവും തന്റെ അനുകമ്പയുടെയും കാരുണ്യത്തിന്റെയും ധാരാളം നീരുറവകൾ ജനങ്ങൾക്ക് സമ്മാനിച്ചു. ഗുരു കനിഞ്ഞു നൽകിയ നീരുറവകളൊന്നും ഇന്നും കൊടുംവേനലിലും വറ്റാതെ ജീവജാലങ്ങളുടെ ദാഹമകറ്റുന്നു. അതിലൊന്നാണ് ചെമ്പഴന്തിയിൽ, തൃക്കരങ്ങളാൽ ഉത്ഭവം കൊണ്ട ഉറവ. അതിപ്പോഴും സംരക്ഷിച്ചുപോരുന്നു. ഗുരുനൽകിയ തീർത്ഥങ്ങളൊക്കെയും ഔഷധഗുണമുള്ള ജലസമൃദ്ധിയുടെ നിറവാണ്.

ചെമ്പഴന്തിയിലെ ദിവ്യതീർത്ഥക്കിണറിന്റെ ഉത്ഭവം ഗുരുവിന് ഏകദേശം പത്ത് വയസുള്ളപ്പോഴാണ്. ഒരു വരൾച്ചക്കാലം. കുടിനീരിനായി മനുഷ്യരും മറ്റുജീവജാലങ്ങളും ദാഹിച്ചു വരളുന്നു. നാണുവും കൂട്ടുകാരും കിഴക്കേവയൽവാരം വീടിനടുത്തുള്ള വയൽവരമ്പിൽ മണ്ണുമാന്തിക്കളിക്കുകയായിരുന്നു. നാണു മണ്ണ് മാന്തിയ സ്ഥാനത്തുനിന്നും ഒരു നീരുറവ ഉയർന്നു വരുന്നതായി കണ്ടു. അവിടെത്തന്നെ വീണ്ടും മാന്തിയപ്പോൾ അതിനടിയിൽ എന്തോ ഒന്നിരിക്കുന്നതായി തോന്നി. കൂട്ടുകാരെല്ലാവരും അതിനെപ്പിടിച്ച് ഇളക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. പക്ഷേ നാണു അതിനെ അനായാസം ഇളക്കിമാറ്റി. അതൊരു ശൂലമായിരുന്നുവത്രേ. തുടർന്ന് ഉറവയിൽ നിന്നും നിറുത്താതെ ജലം വന്നുതുടങ്ങി. ശൂലം കണ്ടെത്തിയ ഭാഗത്തുണ്ടായ കിണർ എന്നനിലയ്‌ക്ക് ഇത് ശൂലംകിണർ എന്നും അറിയപ്പെടുന്നു. പിന്നീട് എല്ലാവരും കൂടി കുഴിച്ച് ഇതൊരു ചെറിയ കിണറാക്കി, കളിമണ്ണുറയിട്ട് സംരക്ഷിച്ചു.

ആദ്യകാലങ്ങളിൽ ഇന്ന് കിണർ നിൽക്കുന്ന സ്ഥലം കിഴക്കേ വയൽവാരം കുടുംബവകയായിരുന്നു. ഓഹരി പ്രകാരം ഗുരുവിന്റെ അമ്മയുടെ അനുജത്തിയുടെ മകൾ കുട്ടിയുടെ മകളായ ലക്ഷ്മിയുടെ പേരിലായിരുന്നു ഇത്. വിവാഹത്തിനുശേഷം ലക്ഷ്മി ഈ സ്ഥലം ഒരു മുസൽമാന് വിലയാധാരമായി നൽകി. തുടർന്ന് ഈ വസ്തു ഇലഞ്ഞിക്കൽ കുടുംബാംഗമായ കുളത്തൂർ തൈവിളാകത്ത് വീട്ടിൽ ദാമോദരൻ വാങ്ങി. അദ്ദേഹം ഈ ഭൂമി, ചെമ്പഴന്തി കുണ്ടൂർകുളത്തിന് സമീപം താമസിച്ചിരുന്ന ആഷ്യാ ഉമ്മയുടെ ബാപ്പ നാഗൂർ കണ്ണിന് കൃഷിചെയ്യാൻ പാട്ടമായി നൽകുകയായിരുന്നു. അദ്ദേഹം ആ കിണർ കൂടി നികത്തി കൃഷിചെയ്തു. പാട്ടക്കാലാവധിക്കു ശേഷം ഭൂമി ദാമോദരൻ പാട്ടക്കാരനിൽ നിന്ന് തിരികെവാങ്ങി. ഇദ്ദേഹം പല ദിവസം സ്വപ്നം കണ്ടു, തന്റെ പുരയിടത്തിലുള്ള കിണർ ഉപയോഗയോഗ്യമാക്കണമെന്ന്. സ്വപ്നമല്ലേ എന്നുവിചാരിച്ച് അതിനെ തള്ളിക്കളഞ്ഞു. തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിലെ കിണറ്റിൽ നിരന്തരം ജീവികൾ ചത്തുവീണ് മലിനപ്പെട്ടുകൊണ്ടിരുന്നു. നിവൃത്തിയില്ലാതെ ഇദ്ദേഹം ഒരു ജോത്സ്യനെക്കണ്ട് കാര്യം പറഞ്ഞു. ചെമ്പഴന്തിയിൽ തന്റെ കൈവശമുള്ള കിണർ ഉപയോഗയോഗ്യമാക്കുകയല്ലാതെ മറ്റു പരിഹാരമൊന്നുമില്ലെന്ന് ജോത്സ്യൻ പറഞ്ഞു. കിണർ കോൺക്രീറ്റ് ഉറ ഉപയോഗിച്ച് ബലപ്പെടുത്തി ആളുകളെക്കൊണ്ട് വെള്ളം തെളിയിച്ച് വൃത്തിയാക്കി (1962 കാലം).
ഗുരു തൃക്കരങ്ങളാൽ മണ്ണ് മാന്തിക്കളിച്ചപ്പോളുണ്ടായ ഈ നീരുറവ വറ്റാത്ത കിണറായി മാറിയതിനും അതേ പ്രാധാന്യമുണ്ടെങ്കിലും ഇതിന്റെ മഹത്വം ഇനിയും ജനങ്ങളിലെത്തിയിട്ടില്ല. ഒരു പക്ഷേ, അതിന് ഇനിയൊരു വരൾച്ചക്കാലം വേണ്ടിവന്നേക്കാം. കേരളത്തിന്റെ പല ഭാഗത്തു നിന്നും ചെമ്പഴന്തിയിലെത്തുന്നവർ ഈ ദിവ്യതീർത്ഥം കുപ്പികളിൽ നിറച്ച് പോകാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഗുരുവിനെ മനസിൽ ധ്യാനിച്ച് ഈ തീർത്ഥം കുടിച്ചവർക്ക് പല വ്യാധികളും ശമിച്ചതായി ലേഖികയോട് പറഞ്ഞു. അമൃതവാഹിനികളായ ഇത്തരം തീർത്ഥങ്ങൾ സംരക്ഷിക്കാൻ നാമോരോരുത്തരും ചുമതലപ്പെട്ടവരാണ്. കിണർ നിൽക്കുന്ന വസ്തുസംബന്ധമായ വിവരങ്ങൾ ശ്യാം ഏനാത്തിന്റെ ശങ്കരൻ ചട്ടമ്പിയും ശ്രീനാരായണഗുരുവും എന്ന പുസ്തകത്തിൽ നിന്നും എടുത്തതാണ്.


( ലേഖിക അന്തർദ്ദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ഡയറക്ടർ)