
ഇൗ വനിതാദിനത്തിൽ സിനിമയിലെ ശക്തമായ തന്റെ പ്രിയപ്പെട്ട സ്ത്രീ കഥാപാത്രങ്ങളെ പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി ഫ്ളാഷ് മുവീസ് വായനക്കാർക്കുവേണ്ടി തിരഞ്ഞെടുക്കുന്നു....
ഉമ്മാച്ചുവിലെ ഉമ്മാച്ചു
ഉമ്മാച്ചു മലയാള സിനിമയിലെ കരുത്തുള്ള കഥാപാത്രമാണ് . അവൾ കൊലപാതകിയുടെ പെണ്ണ് കൂടിയാണ്. അതും ഭർത്താവിനെ കൊന്നവന്റെ . പക്ഷേ ഉറൂബിന് അവൾ താൻ കണ്ടതിൽ ഏറ്റവും സുന്ദരിയും ഏറ്റവും കരുണാമയിയായ വ്യക്തിയും കൂടി ആകുന്നു. സ്വന്തം പ്രണയപ്രത്യയശാസ്ത്രം വെളിപ്പെടുത്താൻ കരളുറപ്പുള്ള ആ ഉമ്മാച്ചുവിനെ ഷീലയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ഷീലയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഉമ്മാച്ചു. ഷീലയ്ക്ക് മാത്രം അവതരിപ്പിക്കാൻ കഴിയുന്ന കഥാപാത്രം . തന്റേടത്തിന്റെയും അതിജീവനത്തിന്റെയും ഉജ്വല മാതൃകയായിരുന്നു ഉമ്മാച്ചു .
ഇതാ ഇവിടെവരെയിലെ അമ്മിണി
തന്റെ ആജന്മ ശത്രുവായ പൈലിയോടുള്ള പ്രതികാര നിർവഹണത്തിനു വേണ്ടി വർഷങ്ങൾക്കു ശേഷം നാട്ടിലെത്തുന്ന വിശ്വനാഥൻ തന്റെ ചതിക്കു കരുവാക്കുന്നത് അമ്മിണിയെയാണ് .അമ്മിണി അഗാധ പ്രണയത്തിലേക്ക് വീഴുമ്പോൾ വിശ്വനാഥൻ ആ പ്രണയത്തെ സമർഥമായി ഉപയോഗിച്ച് അമ്മിണിയെ മാനസികമായും ശാരീരികമായും കീഴ്പ്പെടുത്തുകയും പൈലിയെ കൊലപ്പെടുത്തുകയും ചെയ്യുന്നു. ഒടുവിൽ വിശ്വനാഥൻ ഒരു ഔദാര്യം പോലെ അമ്മിണിയെ തന്റെ ജീവിതത്തിലേക്കു ക്ഷണിക്കുമ്പോൾ, 'ഞാൻ പൈലിയുടെ മകളാണ് "എന്നു പറഞ്ഞ് അവൾ നായക ഗർവ്വിന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുന്നുണ്ട്. സ്ത്രീത്വത്തെയും അഭിമാനത്തെയും കുറിച്ച് മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച കഥാപാത്രമാണ് ജയഭാരതിയുടെ അമ്മിണി. പ്രതികാരദാഹിയായ വിശ്വനാഥനെ സോമനാണവതരിപ്പിച്ചത്. നെഗറ്റീവ് സ്വഭാവമുള്ള നായകന്റെ പേരിലാണ് സിനിമ ചർച്ച ചെയ്യപ്പെട്ടതെങ്കിലും അയാൾ ആത്മാഭിമാനമുള്ള ആ പെണ്ണിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ തളരുകയാണ്. ചതിച്ച പെണ്ണിനെ സ്വീകരിച്ചു മഹാനാകുന്ന നായകനാകാൻ അമ്മിണി അയാളെ അനുവദിക്കുന്നില്ല. അമ്മിണിയുടെ കാറിത്തുപ്പൽ ഒരു വലിയ പൊട്ടിത്തെറിയായിരുന്നു. 'ചുമ്മാതെ താനങ്ങു ജയിച്ചു പോകണ്ട." എന്ന ഒരു താക്കീതും.
നവംബറിന്റെ നഷ്ടത്തിലെ മീര
മാധവിക്കു മാത്രം ചെയ്യാൻ കഴിയുന്ന വേഷം. പ്രണയത്തിന്റെ ആഴ സമുദ്രം കണ്ണുകളിൽ നിറച്ചു പിടിച്ചു ദാസിനെ നോക്കുന്ന പെണ്ണ്. നിഷ്കളങ്കമായി പ്രണയിക്കുന്നുവെന്ന് എനിക്കു തോന്നിയിട്ടുള്ള ഒരേയൊരു ചലച്ചിത്രകഥാപാത്രം. പ്രണയത്തിന്റെ വശ്യതയും കരുത്തും ഭയപ്പെടുത്തുന്ന തരത്തിൽ ഒരു ഭ്രാന്താകുന്ന നായിക. ആ സിനിമ കാണുന്ന പ്രായത്തിൽ എനിക്കവളെ അത്രക്ക് വേദനയോടെ പിടിച്ചെടുക്കാൻ കഴിഞ്ഞു. അവൾ ഞാൻ തന്നെ ആയിരുന്നു. മനോരോഗിണിയായിരിക്കുമ്പോൾ പോലും , ദാസിന്റെയടുത്തു ഞാനെന്നും നോർമലായിരുന്നു എന്ന് സ്വബോധത്തിന്റെ കരുത്തോടെ മീര പറയുമ്പോൾ എന്റെയുള്ളിലുണ്ടായ ഒരാന്തൽ ഞാനിന്നും ഓർക്കുന്നു പത്മരാജന്റെ പെൺമനസിന്റെ അഭ്ര രൂപമാണ് ഈ കാമുകി .
വാസ്തുഹാരയിലെ ആരതിയും ഭവാനിയും
രണ്ടു പൂർണ വ്യക്തിത്വങ്ങൾ . നിരഞ്ജന മിശ്ര അവതരിപ്പിക്കുന്ന ബംഗാളിയായ ആരതി, പത്മിനിയുടെ മലയാളിയായ ഭവാനി . ഒരേ പുരുഷന്റെ പെണ്ണുങ്ങൾ . രാഷ്ട്രീയ ബോധവും ആത്മാഭിമാനവും കൈവിടാത്തവർ നിശ്ശബ്ദതയുടെ കനത്തിലൂടെ മാത്രം അതു പ്രകടമാക്കുന്നവർ . കുഞ്ഞുണ്ണിയെന്ന ഒറ്റപ്പുരുഷനു മേൽ അധികാരാവകാശങ്ങൾ സ്ഥാപിക്കാൻ മത്സരിക്കുന്നവർ . ഭർത്താവിന്റെ മരണ വാർത്ത ഭവാനിയമ്മയെ ടെലിഗ്രാം വഴി അറിയിച്ചു കൊണ്ടാണ് ആരതി പണിക്കർ തന്റെ അധികാരം ഉറപ്പിക്കുന്നതെങ്കിൽ, കുഞ്ഞുണ്ണിയുടെ വക തന്റെ സ്വത്തുക്കളെല്ലാം ആരതിക്കും മകൾക്കും നൽകാൻ തയ്യാറാണെന്നു പ്രഖ്യാപിച്ചു കൊണ്ടാണ് ഭവാനിയമ്മ തന്റെയധികാരം പ്രഖ്യാപിക്കുന്നത് . എന്നാൽ ആ ഔദാര്യത്തെ ആരതി പണിക്കർ നിരസിക്കുകയാണ്. രണ്ടു പേരിലും അതിവൈകാരികതയില്ലെങ്കിലും ഒരു പ്രത്യേക തരം മുറുക്കമുണ്ട്. നിർവേദത്വമുണ്ട്. രണ്ടു സ്ത്രീകളല്ല ഇവർ ഒരേ സ്ത്രീയുടെ രണ്ടു മുഖങ്ങൾ മാത്രം. തന്റെയും തന്റെ സഹജീവിയുടെയും വ്യക്തിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന പൊതുബോധമാണ് യഥാർഥ ഫെമിനിസമെന്ന് പഠിപ്പിച്ച രണ്ടു സ്ത്രീകഥാപാത്രങ്ങൾ .
അവളുടെ രാവുകളിലെ രാജി
ഫെല്ലിനിയുടെ നൈറ്റ്സ് ഓഫ് കബീറിയ എന്ന ചിത്രത്തിലെ പ്രണയം തേടി അലയുന്ന കബീറിയ എന്ന നിഷ്കളങ്കയായ പെൺകുട്ടിയാണ് രാജിയുടെ മൂലമാതൃക. ഇന്നു പോലും ചലച്ചിത്ര ലോകം വേണ്ടത്ര ഗൗരവത്തിൽ ചർച്ച ചെയ്തു തുടങ്ങിയിട്ടില്ല ലൈംഗികത്തൊഴിലാളികളുടെ നിസ്സഹായ ജീവിതങ്ങൾ . നിഷ്കളങ്കവും അലൈംഗികവുമാണ് ചിത്രത്തിലുടനീളം സീമ അവതരിപ്പിക്കുന്ന രാജി എന്ന പെൺകുട്ടിയുടെ മുഖം . കണ്ണുനിറയ്ക്കുന്ന ഒരു നിഷ്കളങ്കത അവളുടെ കണ്ണുകളിലും തടിച്ചു തൂങ്ങിയ ചുണ്ടുകളിലും ചിരിയിലുമുണ്ടായിരുന്നു. കൂസലില്ലായ്മയും ധീരമായ ഇടപെടലുകളും കൊണ്ട് ഒരു പെൺകുട്ടി തെരുവുജീവിതം നേരിടുന്നു. ആ കഥാപാത്രവും സിനിമയും ഐ.വി. ശശി യുടെയും സീമയുടെയും സിനിമാ ജീവിതത്തിലെ ഏറ്റവും ശക്തമായ ഒന്നായി ഞാൻ കാണുന്നു. ലൈംഗികത്തൊഴിലാളിയായ പെൺകുട്ടിയെ വീട്ടിലേക്ക് മകനൊപ്പം വിളക്കെടുത്തു സ്വീകരിക്കുന്ന ഒരമ്മയെ മറ്റേതു മലയാള സിനിമയിൽ നാം കണ്ടിട്ടുണ്ട് ? സെക്സി റോളുകളിൽ ഒതുക്കപ്പെട്ടു പോകുമായിരുന്ന സീമയെന്ന പ്രതിഭാധനയായ നടിയെ തന്റെ ജീവിതത്തിലേക്കു സ്വീകരിക്കുകയും നിരവധി സിനിമകളിലൂടെ അവരുടെ സിദ്ധികൾ പുറത്തു കൊണ്ടുവരുകയും ചെയ്തു ഐ വി ശശി .
ചെമ്മീനിലെ കറുത്തമ്മ
1965 ൽ ചലച്ചിത്ര രൂപത്തിൽ പുറത്തു വരുന്ന ചെമ്മീൻ എന്ന ചലച്ചിത്രം കുറെ വർഷങ്ങൾക്കു ശേഷമാണ് ഞാൻ കോട്ടയത്തെ ആനന്ദ് തിയേറ്ററിൽ പോയി ആദ്യമായി കാണുന്നത്. സത്യത്തിൽ തകഴിയുടെ ചെമ്മീനിലേക്കും കറുത്തമ്മയിലേക്കും ഞാൻ സഞ്ചരിച്ചത് രാമു കാര്യാട്ടിന്റെ ചെമ്മീനിൽ നിന്നു ലഭിച്ച പ്രേരണയുമായാണ്. എന്റെ മനസിൽ നിന്ന് ഇന്നും മായാതെ നിൽക്കുന്നത് ,പളനിയുടെ അരക്ഷിതവും സംശയാകുലവുമായമായ ആണത്ത ഹുങ്കിനു നേർക്കുള്ള കറുത്തമ്മയുടെ സർവ്വ പുച്ഛത്തോടെയുമുള്ള ഒരു നോട്ടവും ചുണ്ടു കോട്ടിയുള്ള പരിഹാസച്ചിരിയുമാണ്. 'ഈ കൊച്ച് അവന്റെയാണോടീ?' എന്ന പളനിയുടെ ചോദ്യത്തിനു കറുത്തമ്മ കൊടുക്കുന്ന മറുപടിയാണത്. തകഴി എഴുതി വെക്കാത്തതും രാമു കാര്യാട്ടിന് തിരക്കഥയിൽ പകർത്താനാകാത്തതുമായ ഒരു ഭാവം. സ്വന്തം വ്യക്തിത്വം അകാരണമായി ചോദ്യം ചെയ്യപ്പെടുമ്പോൾ അഭിമാനിയായ ഒരു സ്ത്രീക്കു മാത്രം കഴിയുന്ന ഒരു പ്രത്യേകതരം പ്രതികരണശേഷിയാണത്. അത്തരമൊരു ജീവിത സന്ദർഭത്തിൽ തന്റെ സത്യം തെളിയിക്കാനാകാതെ നിസ്സഹായയായിപ്പോകുന്ന ഓരോ സ്ത്രീയുടെയും മുഖത്ത് അത്തരമൊരു നോട്ടവും ചിരിയും ഞാനാഗ്രഹിച്ചു പോകാറുണ്ട്. ആ ഒറ്റ പ്രതികരണത്തിന് മലയാളി സ്ത്രീയെന്ന നിലയിൽ ഞാൻ ഷീലയോടു കടപ്പെട്ടിരിക്കുന്നു. അരക്ഷിതനും സംശയാലുവും ആയ ഭർത്താവിന്റെ നേർക്കുള്ള കറുത്തമ്മയുടെ ആ നോട്ടത്തിന്റെയും ചിരിയുടെയും മുന്നിൽ അടിപതറുന്ന പളനിയെ പിന്നീട് നാം കാണുന്നത് കൂറ്റൻ സ്രാവുമായി മല്ലിട്ട് പരാജിതനായി കറുത്തമ്മോ എന്നു വിളിച്ച് വൻചുഴിയിലേക്ക് കുത്തിയൊലിച്ചു പോകുന്നതാണ്. തുറയുടെ വിലക്കുകൾ കേട്ടു ഭയന്നു പോകുന്ന ഒരു ദുർബ്ബല കഥാപാത്രമാകാൻ കൂട്ടാക്കുന്നതല്ല ഷീലയുടെ ശരീരഭാഷ. വിലക്കുകളെ അതിലംഘിക്കാൻ തയ്യാറെടുത്തു നിൽക്കുന്ന ഒരുമ്പെട്ട പെണ്ണിന്റെ ആ തലയെടുപ്പിനെയും മുലയെടുപ്പിനെയും കുറിച്ച് ഞാൻ വർഷങ്ങൾക്കു മുൻപ് ഞാൻ ഒരു ലേഖനത്തിൽ എഴുതിയിരുന്നു.
ഒഴിമുറിയിലെ കാളി പിള്ളയുംമീനാക്ഷിയും
കാളി പിള്ള (ശ്വേത മേനോൻ )എന്ന സവർണസ്ത്രീയനുഭവിക്കുന്ന അധികാരവും സ്വാതന്ത്ര്യവും ഒരു കാലഘട്ടം പെണ്ണിന് അനുവദിച്ചു കൊടുത്തിരുന്നതാണ്. അതൊരു വ്യക്തി എടുക്കുന്ന സ്വാതന്ത്ര്യമല്ല. ശ്വേത മേനോൻ അവതരിപ്പിക്കുന്ന ആ കഥാപാത്രം അവരുടെ നിറവും സൗന്ദര്യവും പ്രായവും അഭിലാഷവും എല്ലാം ചേർന്ന് അവതരിപ്പിക്കുന്നത് പെണ്ണിന്റെ ചരിത്രപരതയെ തന്നെയാണ്. അവർ സംസാരിക്കുന്നത് ഫെമിനിസത്തിന്റെ പുതുസ്വാതന്ത്ര്യ ഭാഷയല്ല. എന്നാൽ പൂച്ച പോലെ മക്കത്തായത്തിലേക്കു മെരുങ്ങാൻ തയ്യാറാകുന്ന മരുമകളോട് 'ഇപ്പോൾ ഒതുങ്ങിക്കൊടുത്താൽ പിന്നെ നിനക്ക് അന്തസ്സുണ്ടാകില്ല ഒരിക്കലും" എന്ന് പറയുമ്പോൾ കാളി പിള്ളയുടെ ഭാഷ നവഫെമിനിസത്തിന്റെ ശബ്ദത്തിലും ശൈലിയിലുമാണ്. ഒരു ബദൽ സാമൂഹിക വ്യവസ്ഥക്കുള്ള സാംസ്കാരികമായ ഇടപെടലാകുന്നുണ്ട് പലപ്പോഴും കാളി പിള്ളയുടെ വാക്കുകൾ.
കാളി പിള്ളയുടെ സ്വാതന്ത്ര്യബോധത്തിൽ നിന്ന് മീനാക്ഷിയിലേക്ക് ചലച്ചിത്രം നീളുമ്പോൾ വിഭിന്നങ്ങളായ സ്ത്രീയവസ്ഥകളുടെ സംയോജനം ആകുന്നുണ്ട് അത്. കാളി പിള്ളയും മീനാക്ഷിയും അടിസ്ഥാനപരമായി സ്വാതന്ത്ര്യം എന്ന ഒരേ കണ്ണിയിൽ കോർക്കപ്പെട്ടിരിക്കുന്നവരാണെങ്കിലും അതിന്റെ ആവിഷ്കാരക്രമങ്ങളിൽ വ്യത്യസ്തരാകുന്നുണ്ട്.
അമ്മാവനല്ല, അച്ഛനാണ് എന്റെ കുട്ടിക്ക് വേണ്ടത് എന്നത് ഒരു മധ്യവർത്തി കുടുംബിനിയുടെ ഉറച്ച തെരഞ്ഞെടുപ്പല്ല, നിസ്സഹായതയാണ്. എന്നാൽ സ്ത്രീ, കുടുംബത്തിന്റെ ഭദ്രതയെ കരുതി സഹിക്കുന്ന ത്യാഗങ്ങളും പ്രയാസങ്ങളും കുടുംബം ഒരിക്കലും അംഗീകരിക്കുകയോ തിരിച്ചറിയുകയോ ചെയ്യില്ല എന്ന സത്യത്തിലേക്ക് ഒടുവിൽ മീനാക്ഷി ചെന്നെത്തുന്നുണ്ട് അപ്പോഴാണ് അമ്മാവിയുടെ വാക്കുകൾ അവൾക്കു കരുത്താകുന്നത്. തലമുറയിൽ നിന്ന് തലമുറയിലേക്ക് പെണ്ണുങ്ങൾ പകർന്നു കൊണ്ടിരിക്കുന്ന വലിയ പാഠമാണ് അത്. പ്രത്യേകിച്ചും സ്വത്തിനും മറ്റും അവൾ അവകാശിയായി മാറുമ്പോൾ 'അമ്മാവി തന്ന വീടും പറമ്പുമുണ്ട് എനിക്ക്' എന്ന് കാൽ നിലത്തുറപ്പിച്ചുകൊണ്ട് അവൾ നിലപാടുകൾ എടുക്കുന്നു. വിവാഹജീവിതം യഥാർഥത്തിൽ സ്വത്തിലും അധികാരത്തിലും ഉറപ്പിക്കപ്പെട്ട ഒരു കരാർ തന്നെയാണ്. 'അമ്മാവി എന്നെ പഠിപ്പിച്ചിട്ടുണ്ട് അടിമയുടെ സ്നേഹം അന്തസ്സില്ലാത്തതാണെന്ന്. അതുകൊണ്ട് എനിക്ക് ഒഴിമുറി വേണം' എന്ന് മീനാക്ഷി പറയുന്നത് എന്തൊരു നിശ്ചയദാർഢ്യത്തോടെയാണ്. ഒഴിമുറിക്ക് ശേഷം താണുപിള്ളയെ നോക്കാനും സ്നേഹിക്കാനുമായി വരുമ്പോൾ 'ഇപ്പോൾ ഞാൻ ആരുടെയും ഭാര്യയല്ല" എന്ന് പറയുന്നതും അമ്മാവി പകർന്നു കൊടുത്ത പാഠങ്ങളുടെ അനുഭവവെളിച്ചത്തിലാണ്.സ്വാതന്ത്ര്യത്തിന്റെ തുടർ ച്ചയാണ് പെണ്ണിൽ നിന്ന് പെണ്ണിലേക്ക് പകർത്തപ്പെടുന്നത്.
പെരുമഴക്കാലത്തിലെ ഗംഗ
കാവ്യമാധവനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അഗ്രഹാരമെന്നത് ഒരു സമുദായത്തിന്റെ എല്ലാ ഇടുക്കങ്ങളുമുള്ള അങ്ങേയറ്റം ശ്വാസം മുട്ടിക്കുന്ന വ്യവസ്ഥകളുള്ള സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ നിയമങ്ങളാൽ ബന്ധിതമായ ഒരു കോട്ടയാണ്. വീട്ടിൽ നിന്നിറങ്ങുന്നതും അഗ്രഹാരത്തിൽ നിന്നിറങ്ങുന്നതും ഒരേ പോലെയല്ല. തന്റെ ഭർത്താവിനെ കൊന്നവന്റെ ഭാര്യയോട് അവൾക്ക് ഒരു സഹഭാവമുണ്ട്. രണ്ടു വ്യവസ്ഥകൾക്കുള്ളിൽ നിലനിൽക്കുന്ന കഠിനമായ സ്ത്രീവിരുദ്ധ വ്യവസ്ഥകൾക്കെതിരെയുള്ള ഒരുറച്ച നിലപാടാണ് റസിയക്കു വേണ്ടി ശക്തമായ തീരുമാനത്തിലെത്തിച്ചേരുന്ന ഗംഗയുടേത്. അതു വെറും കാരുണ്യമല്ല. എല്ലാ അധികാര വ്യവസ്ഥയും സ്ത്രീക്കെതിരാണ് എന്ന വലിയ തിരിച്ചറിവാണ്. ഗംഗയുടെ ഇറങ്ങിപ്പോക്ക് അതു കൊണ്ടു തന്നെ വലിയ ഒരു വ്യവസ്ഥാ ലംഘനം തന്നെയാണ്.
സർ ലെ രത്നയുംതൂവാനത്തുമ്പികളിലെക്ലാരയും
പ്രണയം മനസുകൊണ്ടും ശരീരം കൊണ്ടും ആഗ്രഹിച്ച രണ്ടു പേർ. പ്രണയമെത്രമേൽ അവരാഗ്രഹിച്ചിരുന്നുവെന്ന് എത്ര സൂക്ഷ്മമായി സിനിമ കാണിച്ചു തരുന്നു. ഭാര്യയാകാതെ, വർഗ്ഗവ്യത്യാസത്തിന്റെ പേരിലുള്ള അവമതിപ്പുകൾക്കു നിന്നു കൊടുക്കാതെ രത്ന ഇറങ്ങിപ്പോയത് നന്നായെങ്കിലും അതിവൈകാരികമായ ഒരു മുഹൂർത്തത്തെ 'ധർമ്മ ഭീരുത്വം' ഒന്നു കൊണ്ടു മാത്രം ഉപേക്ഷിച്ചത് ക്രൂരമായിപ്പോയെന്നേ ഞാൻ പറയു . ഉള്ളിൽ പോയിരുന്നു രത്ന കരയുന്നതിൽ നിന്ന് അവളെത്രമാത്രം ആ പ്രണയത്തിന്റെ ദിവ്യമായ ആസക്തി ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തം. ആ ഒരു നിമിഷത്തിനു ശേഷവും അവൾക്ക് ഭാര്യാപദവി വേണ്ടെന്നു വച്ച് ഇറങ്ങിപ്പോകാമായിരുന്നു. കൂടുതൽ ധീരതയും സൗന്ദര്യവുമുള്ള സിനിമയാകുമായിരുന്നു അത്. അയാൾക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നതു കൊണ്ടു മാത്രമല്ല, അവളും അതത്രക്ക് ആഗ്രഹിച്ചിരുന്നു എന്നതുകൊണ്ട് .
കുലസ്ത്രീക്കും പൂമ്പൊടിപോലെ പറന്നു നടക്കുന്നവളായ പ്രണയിനിക്കുമിടയിൽ ധർമ്മഭീരുത്വം കൊണ്ട് ഉഴറിയുരുകുന്ന മണ്ണാറത്തൊടിയിലെ ജയകൃഷ്ണൻതറവാടിയോട് - 'നീ പോടാ മോനേ ജയകൃഷ്ണാ" എന്നു പറഞ്ഞ് നൈസായി ഇറങ്ങിപ്പോയ ക്ലാരയെ ഓർമ്മിക്കുന്നു , ജയകൃഷ്ണനെ ഊളേ എന്നു വിളിക്കുന്നില്ലെന്നേയുള്ളു അവൾ. അവസാനത്തെ ബൈ പറയുമ്പോൾ അതു തന്നെയാണ് ക്ലാരയുടെ മുഖത്തെ ഭാവം .