
രഞ്ജിനി ഹരിദാസ് ജീവിതക്കഥ പറയുന്നു..
അടക്കിച്ചിരിക്കണം, പരിചയമില്ലാത്ത ആളുകളോട് മിണ്ടരുത്, ഒച്ച ഉയർത്തി സംസാരിക്കരുത്, എന്നിങ്ങനെ പെൺകുട്ടികൾക്ക് അടക്കത്തിന്റെയും ഒതുക്കത്തിന്റെയും പാഠങ്ങൾ വീട്ടുകാർ പകർന്നുകൊടുക്കുമ്പോഴാണ് കടുക് പൊട്ടിത്തെറിച്ച പോലൊരു പെൺകുട്ടി വീട്ടിലെ സ്വീകരണ മുറികളിലേക്കെത്തിയത്. അവൾ ആളുകളെ നോക്കാതെ ഒച്ചത്തിൽ സംസാരിച്ചു, പൊട്ടിച്ചിരിച്ചു, പരിചയമുള്ളവരെയും ഇല്ലാത്തവരെയും ഒരുപോലെ കെട്ടിപ്പിടിച്ചു. മലയാളം ചാനലിൽ ഇംഗ്ലീഷും മലയാളവും കൂട്ടിക്കലർത്തി സംസാരിച്ചു. തള്ളണോ കൊള്ളണോ എന്നറിയാതെ കാഴ്ചക്കാർ അന്തംവിട്ടു. ഒടുവിൽ, അവർ അവളെ സ്വീകരിക്കുക തന്നെ ചെയ്തു. നമ്മുടെ ടെലിവിഷൻ ആങ്കറിംഗ് രംഗത്ത് മാറ്റം കുറിച്ച രഞ്ജിനി ഹരിദാസിന് ഒരാമുഖത്തിന്റെയും ആവശ്യമില്ല മലയാളിക്ക്. രഞ്ജിനി സംസാരിക്കുന്നു.
എങ്ങനെയാണ് ആങ്കറിംഗ് ജോലിയിലേക്ക് കടന്നുവരുന്നത്?
എന്റെ പതിനഞ്ചാമത്തെ വയസിലാണ് അത് സംഭവിക്കുന്നത്. ഇടത്തരം കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഒരു ദിവസം പാർലറിൽ പോയപ്പോൾ മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന ലൂസി ആന്റിയാണ് മോഡലിംഗിനെ കുറിച്ച് പറയുന്നത്. പബ്ളിസിറ്റി ഇഷ്ടമല്ലാത്ത ആളായിരുന്നു ഞാൻ. ഇന്നും അങ്ങനെ തന്നെ.ഒന്ന് രണ്ട് പ്രൊജക്ടുകൾ ചെയ്തപ്പോൾ മനസിലായി ഇതിലൂടെ ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് കിട്ടുമെന്ന്. എന്തുവേണമെങ്കിലും മറ്റൊരാളുടെ മുന്നിൽ കൈ നീട്ടുക എന്ന അവസ്ഥ മാറിക്കിട്ടും എന്ന് മനസിലായപ്പോഴാണ് ഇതിനോട് ഇഷ്ടമൊക്കെ വരുന്നത്. പിന്നെ നിറയെ ടെലിവിഷൻ ഷോകളും പരിപാടികളും ചെയ്തു.
അന്ന് 15 വയസിൽ ഒരു പെൺകുട്ടി കേരളത്തിൽ ഇത്തരമൊരു ജോലി തിരഞ്ഞെടുക്കുകയെന്നത് ചെറിയ കാര്യമല്ല. വീട്ടിൽ സമ്മതമായിരുന്നോ?
എന്റെ അമ്മയ്ക്ക് പന്ത്രണ്ടാംക്ലാസ് വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളൂ. 21ാം വയസിൽ അമ്മയുടെ കല്ല്യാണം കഴിഞ്ഞു. അച്ഛൻ മരിക്കുമ്പോൾ എനിക്ക് ഏഴ് വയസാണ് . അനിയൻ കൊച്ചുകുഞ്ഞായിരുന്നു. അമ്മ അപ്പൂപ്പന്റെ കൂടെ ബിസിനസ് ചെയ്തെങ്കിലും അമ്മയുടെ എന്താവശ്യത്തിനും അപ്പൂപ്പനോടും അമ്മൂമ്മയോടും ചോദിക്കാതെ അമ്മയ്ക്ക് ചെയ്യാൻ പറ്റിയിട്ടില്ല. ഞാൻ കണ്ടുവളരുന്നത് അതാണ്. അമ്മയ്ക്ക് അപ്പോഴേ മനസ്സിലായിരുന്നു അത്തരത്തിൽ ഒരു ഫിനാൻഷ്യൽ സ്വാതന്ത്ര്യം നേടേണ്ടതിന്റെ ആവശ്യകത. അതുകൊണ്ട് തന്നെ ജോലിയ്ക്ക് പോകാൻ അമ്മയായിരുന്നു ഏറ്റവും വലിയ പിന്തുണ. 21 വയസ്സ് വരെ അമ്മ എന്റെ ജോലി സ്ഥലത്തേക്ക് കൂടെ വരുമായിരുന്നു. എനിക്ക് എന്നെ തന്നെ സംരക്ഷിക്കാനാകും എന്ന മനസ്സിലാക്കിയ ശേഷം കൂടെ വരുന്നത് അമ്മ നിറുത്തി.

ടെലിവിഷൻ ആങ്കറിംഗിൽ രഞ്ജിനി വലിയ മാറ്റമാണ് വരുത്തിയത്. അതിന്റെ തുടക്കം എങ്ങനെയായിരുന്നു?
2007ലാണ് എന്നെ ആളുകൾ അറിഞ്ഞു തുടങ്ങിയത്. അന്ന് ഏഷ്യാനെറ്റ് മുന്നിൽ നിൽക്കുന്ന സമയമാണ്. ആ ചാനലിലെ സാഹസിക ലോകത്തിൽ പങ്കെടുത്തതിന് ശേഷം ഐഡിയ സ്റ്റാർ സിംഗറിന്റെ അവതാരകയായപ്പോഴാണ് ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. ഞാനൊരു സെലിബ്രിറ്റി ആകാനുള്ള ആദ്യകാരണം ആ ഷോയുടെ റേഞ്ച് ആണ്. രണ്ടാമത്തേതാണ് എന്റെ കാരക്ടർ. അക്കാലത്ത് എന്റെ പോലത്തെ സംസാരം, നിൽക്കുന്ന രീതി, കെട്ടിപ്പിടിക്കുന്നത് അത്തരം കാര്യങ്ങളോട് ആളുകൾ എക്സ്പോസ്ഡ് ആയിരുന്നില്ല. ഒരു നഗരത്തിൽ വളർന്നത് കൊണ്ട് ആ രീതികൾ എനിക്ക് ശീലമായിരുന്നു. പക്ഷേ, ആളുകൾക്ക് അതൊരു കൺഫ്യൂഷൻ ആയിരുന്നു. പരിഷ്കാരിയായ, ഇംഗ്ളീഷ് പറയുന്ന കുട്ടിക്ക് മലയാളം ചാനലിൽ എന്താ കാര്യം എന്ന ചോദ്യത്തിലാണ് തുടങ്ങിയത്. പക്ഷേ, ആ ചോദ്യം അവിടെ നിൽക്കുമ്പോഴും ആങ്കറിംഗ് എന്ന ജോലി മര്യാദയ്ക്ക് ചെയ്തത് കൊണ്ട് ആളുകൾ എന്നെ സ്വീകരിച്ചു. അത് ഞാൻ നന്നായി ചെയ്തില്ലായിരുന്നെങ്കിൽ ബാക്കിയെല്ലാം പ്രശ്നത്തിലായേനെ എന്ന് തോന്നുന്നു.
എളുപ്പമായിരുന്നോ ഈ ഇൻഡസ്ട്രിയിൽ നിൽക്കുകയെന്നത്?
ഏത് ഇൻഡസ്ട്രി പോലെ തന്നെയായിരുന്നു ഇതും. ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. ചെറുപ്പം മുതൽ ഇഷ്ടമില്ലാത്തത് കണ്ടാൽ റിയാക്ട് ചെയ്യുമായിരുന്നു. ഞങ്ങൾ ഫാഷൻ ഷോ ഒക്കെ ചെയ്യുമ്പോൾ മോഡൽസിന്റെ കൂടെ അമ്മമാരൊക്കെ ഉണ്ടാകും. രാത്രി 12 മണി വരെയൊക്കെയാണ് ഷോ. എല്ലാവരും അതുവരെ വിശന്നിരിക്കുകയാവും. പരിപാടി നടത്തുന്നവരാകട്ടെ മോഡൽസിന് മാത്രമേ ഭക്ഷണം കരുതുകയുള്ളൂ. ബാക്കിയുള്ളവർ പട്ടിണി കിടക്കണം. അതൊക്കെ എതിർത്തിരുന്നു. അതുപോലെ ആങ്കറിംഗിന് പോകുമ്പോൾ ഒന്നും പറഞ്ഞു തരില്ല. വെറുതേ പേപ്പർ തന്നിട്ട് തുടങ്ങിക്കോന്ന് പറയും. ഇരിക്കാൻ കസേര തരില്ല, കുടിക്കാൻ വെള്ളം തരില്ല. ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കിയത് ഇതിനൊക്കെ വേണ്ടിയാണ്. ഇപ്പോൾ അതിനൊക്കെ വലിയ മാറ്റം വന്നിട്ടുണ്ട്. പിന്നെ, അവതാരകരുടെ പ്രതിഫലം. അന്ന് ആങ്കറിംഗ് ഒരു പ്രൊഫഷനായിരുന്നില്ല. ഞാനാകട്ടെ പ്രതിഫലം ചോദിച്ച് വാങ്ങിയിരുന്നു. ചെയ്യുന്ന ജോലിക്ക് മാന്യമായ പ്രതിഫലം വേണമെന്ന് എനിക്ക് നിർബന്ധമുണ്ട്. അത് സിനിമയാണെങ്കിൽ പോലും.
പക്ഷേ, സിനിമയിൽ രഞ്ജിനിയെ അധികം കണ്ടില്ല. താൽപര്യമില്ലേ?
സിനിമയിലേക്ക് ഇടയ്ക്ക് ചില ഓഫറുകളൊക്കെ വരാറുണ്ടായിരുന്നു. അന്ന് ഒരു സിനിമയിൽ അഭിനയിച്ചാൽ കിട്ടുന്നതിനേക്കാൾ തുക എനിക്ക് ആങ്കറിംഗിലൂടെ ലഭിച്ചിരുന്നു. ഇപ്പോൾ കാര്യങ്ങൾക്ക് മാറ്റമുണ്ട്. ഇപ്പോൾ നടിമാർക്ക് മെച്ചപ്പെട്ട പ്രതിഫലം ലഭിക്കുന്നുണ്ട്. അന്ന് ഒരു നടി ഉണ്ടാക്കുന്നതിനേക്കാൾ തുക ആങ്കറിംഗിലൂടെ ഞാൻ ഉണ്ടാക്കിയിരുന്നു. ഒരു ദിവസം ആങ്കറിംഗ് ഒഴിവാക്കി സിനിമയ്ക്ക് പോയിരുന്നെങ്കിൽ ഫിനാൻഷ്യലി എനിക്ക് നഷ്ടമായിരുന്നു. ഇപ്പോഴാണെങ്കിലും ആങ്കറിംഗാണ് എന്റെ ജോലി ആയി ഞാൻ കണക്കാക്കുന്നത്. ഒന്നോ രണ്ടോ മാസം സിനിമയ്ക്ക് വേണ്ടി കമ്മിറ്റ് ചെയ്യാൻ എനിക്ക് പറ്റില്ല. സമയവും മറ്റ് സാഹചര്യങ്ങളും ഒത്തുവന്നാൽ ചെറിയ വേഷങ്ങളൊക്കെ ചെയ്യാറുണ്ട്. പക്ഷേ, അതിനാണെങ്കിൽ പോലും കൃത്യം പ്രതിഫലം വേണമെന്ന കാര്യത്തിൽ നിർബന്ധമുണ്ട്.
നിറുത്താതെ സംസാരിക്കുന്ന കുട്ടിയാണോ കുട്ടിക്കാലം മുതൽ?
അധികം സംസാരിക്കാത്ത കുട്ടി ആയിരുന്നു സത്യത്തിൽ ഞാൻ. ഇന്നാണെങ്കിൽ പോലും ഒരാൾക്കൂട്ടത്തിൽ നിർത്തി ആരെങ്കിലും സംസാരിക്കാൻ മുന്നോട്ട് വരാൻ പറഞ്ഞാൽ ഞാൻ പോവില്ല. പക്ഷേ, അതൊരു മത്സരമാണെങ്കിൽ പോകും. കാരണം ഞാൻ ഭയങ്കര കോമ്പറ്റേറ്റീവ് ആണ്. കാരംസ് കളിച്ചാൽ പോലും ജയിക്കണം എന്ന മത്സരബുദ്ധിയുണ്ട്. ജയിക്കാൻ വേണ്ടി എല്ലാ പരിശ്രമവും നടത്തും. അതേസമയം, ജയിച്ചില്ലെങ്കിൽ കരയുകയും ഇല്ല. ഞാനിത്ര കോംപറ്റേറ്റീവ് ആണെന്ന് സമയമെടുത്താണ് ഞാൻ പോലും തിരിച്ചറിഞ്ഞത്. നമ്മുടെ കഴിവിനെ നാം തിരിച്ചറിയാൻ തുടങ്ങുമ്പോൾ നമുക്ക് നമ്മിൽ ഒരു വിശ്വാസം ഉണ്ടായിത്തുടങ്ങും. ആ വിശ്വാസമാണ് നമ്മിൽ മത്സരബുദ്ധി ഉണ്ടാക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് എന്നെ വിശ്വാസമില്ലെങ്കിൽ ഞാൻ മത്സരിക്കുക പോലും ഇല്ലല്ലോ. മിസ് കേരള കിരീടം നേടിയതിന് വലിയ പങ്കുണ്ട് എന്റെ ആ മാറ്റത്തിൽ. പതിനെട്ടാം വയസ് വരെ ഒറ്റയ്ക്ക് ഞാനൊന്നും ചെയ്തിട്ടില്ല. സ്കൂളിൽ പോലും ഗ്രൂപ്പ് സോംഗ്, ഗ്രൂപ്പ് ഡാൻസിലൊക്കെയേ ഉണ്ടായിരുന്നുള്ളൂ. പ്രസംഗം പോലെയുള്ളതിലൊക്കെ നന്നായി ചെയ്തേനെ എന്ന് ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നുണ്ട്. അദ്ധ്യാപകർ പോലും എന്നിൽ ഇത്തരം കഴിവുണ്ടെന്ന് കണ്ടെത്തിയില്ല.

ഒട്ടും പ്രതീക്ഷിക്കാതെ നേടിയതല്ലേ മിസ് കേരള പട്ടവും?
ആ മത്സരത്തിന് പോകാൻ പോലും എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. 1999ൽ വിളിച്ചപ്പോൾ എനിക്ക് താൽപര്യമില്ല, അടുത്ത വർഷം വരാം എന്ന് പറഞ്ഞു. തൊട്ടടുത്ത വർഷവും അവർ വിളിച്ചു. അതുകൊണ്ട് മാത്രം പോയതാണ്. വെക്കേഷനായിരുന്നു. കുറച്ച് ദിവസം അവിടെ പോയി ചിൽ ചെയ്തിട്ട് വരാമെന്ന് കരുതി. പരിപാടി നടത്തിപ്പുകാർക്ക് പറഞ്ഞാൽ അനുസരിക്കാത്ത ഞാനൊരു തലവേദനയായിരുന്നു എന്നതാണ് സത്യം. മത്സരാർത്ഥികളിൽ മൂന്നാമത്തെ ചെറിയ കുട്ടിയായിരുന്നു ഞാൻ. 18 വയസായിരുന്നു എനിക്ക്. 16, 17 വയസുള്ള രണ്ടുപേരായിരുന്നു അതിലും ചെറുത്. എന്റെ മെന്റർ ആണ് എന്നെ മാറ്റിയെടുത്തത്. ബോംബെയിൽ നിന്ന് ഞങ്ങളെ ഗ്രൂം ചെയ്യിക്കാനെത്തിയ അദ്ദേഹത്തിന് എന്നിൽ വലിയ വിശ്വാസമുണ്ടായിരുന്നു. എന്നോട് പറഞ്ഞത് നീ എന്തുവേണേലും ചെയ്തോളൂ. പക്ഷേ, സ്റ്റേജിൽ കയറുമ്പോൾ മലയാളം പറയണം. എനിക്കാണേൽ വായിക്കുന്ന പുസ്തകങ്ങളും കാണുന്ന സിനിമകളുമെല്ലാം ഇംഗ്ളീഷിലായിരുന്നത് കൊണ്ട് ഇംഗ്ളീഷാണ് കുറച്ചൂടെ എളുപ്പമുള്ള ഭാഷ. എങ്കിലും മത്സരസമയത്ത് ഒരു റൗണ്ടിൽ ഞാൻ മലയാളം പറഞ്ഞു. എങ്ങനെയോ ജയിച്ചു. 2000ലെ മിസ് കേരള പട്ടവും കിട്ടി.അന്ന് വരെ എനിക്ക് എന്നെക്കുറിച്ച് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. അതിന് ശേഷമാണ് ഒരു റിയലൈസേഷൻ ഉണ്ടാകുന്നത്.
ഒരു കാലത്ത് ജ്വലിച്ചുനിന്ന, ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ആങ്കർ. ഇടയ്ക്കെപ്പോഴോ കാലിടറിയോ?
2007 മുതൽ 2014 വരെ ഞാൻ ഏഷ്യാനെറ്റിലായിരുന്നു. ഇപ്പോൾ ആ ചാനലിൽ ജോലി ചെയ്യുന്നില്ല. അപ്പോൾ ആളുകൾ കരുതുന്നത് ഞാൻ ഔട്ടായെന്നാണ്. പക്ഷേ, ഞാൻ മറ്റു ചാനലുകളിൽ പരിപാടി അവതരിപ്പിക്കുന്നുണ്ട്. കോർപ്പറേറ്റ് ഷോകളും ബിസിനസ് ഷോകളും അവതരിപ്പിക്കുന്നുണ്ട്. ആളുകൾ അവ കാണുന്നില്ല എന്നതിനർത്ഥം ഞാൻ പണിയില്ലാതെ ഇരിക്കുകയാണെന്നല്ലല്ലോ. ഫിനാൻഷ്യലി നോക്കുകയാണെങ്കിൽ എന്റെ വരുമാനത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. ഇപ്പോഴും കേരളത്തിൽ കൂടുതൽ പ്രതിഫലം കിട്ടുന്ന ആങ്കർമാരിൽ ഒരാളാണ് ഞാനെന്ന് എനിക്കറിയാം. എന്റെ പ്രതിഫലത്തിൽ കുറവ് വരുത്തില്ലെന്ന് ഞാൻ തന്നെയെടുത്ത തീരുമാനമാണ്. പിന്നെ, സോഷ്യൽമീഡിയയിൽ ആളുകൾ എനിക്കെതിരെ സംസാരിക്കുന്നു എന്നത് എന്നെ ഒരുതരത്തിലും ബാധിക്കുന്ന കാര്യവുമല്ല. അതൊന്നും എന്റെ ജോലിയെയും ബാധിച്ചിട്ടില്ല. എന്റെ അഭിപ്രായങ്ങളിൽ ഞാൻ എന്നും ഉറച്ച് നിൽക്കും.
ഒരു കാലത്ത് ഈ ജോലി ഇല്ലാതായാൽ?
പത്ത് വർഷം മുമ്പേ ആളുകൾ എന്നോട് പറയുന്നുണ്ട്. ഈ പണി അധിക കാലം പറ്റില്ല, വേറെ ജോലി നോക്ക് എന്നൊക്കെ. പക്ഷേ, ഇന്നും ഞാനിവിടെയുണ്ട്. റിപ്പീറ്റ് ക്ളൈയിന്റ്സ് ഉണ്ടെനിക്ക്. അതായത് 20 വർഷമായി അവരുടെ പരിപാടിക്ക് ആങ്കർ ചെയ്യാൻ എന്നെ വിളിക്കാറുള്ള തരത്തിലുള്ള ക്ളൈയിന്റ്സ്. നല്ല എജ്യുക്കേഷൻ ക്വാളിഫിക്കേഷനുള്ളത് കൊണ്ട് ലോകത്തെവിടെ വേണമെങ്കിലും പോയി നല്ല സാലറിയുള്ള ജോലി കിട്ടേണ്ട കേപ്പബിലിറ്റി എനിക്കുണ്ട്. പക്ഷേ, ഈ ജോലി ഒരിക്കലും എനിക്ക് മടുത്തിട്ടില്ല. മാസത്തിൽ അഞ്ചോ എട്ടോ ദിവസം മാത്രം ജോലി ചെയ്താൽ മതി. ബാക്കിയുള്ള ദിവസങ്ങളിൽ എനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാം. ട്രാവലിംഗ് ചെയ്യാം, കുടുംബവുമൊത്ത് ഇരിക്കാം, എന്റെ ഡോഗ്സിനെ നോക്കാം. ആങ്കറിംഗ് ചെയ്താണ് എനിക്ക് ഇന്നുള്ളതെല്ലാം ഉണ്ടായത്. എന്റെ വീട് ഉണ്ടാക്കിയത്, വാഹനങ്ങൾ വാങ്ങിയത്, ബാങ്ക് ബാലൻസ്, വീട്ടുകാരെ നോക്കുന്നത് എല്ലാം ഈ തൊഴിലെടുത്താണ്. എന്റെ ഈ ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്. ഇപ്പോഴാണെങ്കിലും കിട്ടുന്ന തുക മുഴുവൻ ധൂർത്തടിക്കാറില്ല. നന്നായി സേവ് ചെയ്യും. എന്നാൽ, ബിസിനസിൽ നിക്ഷേപിക്കാറില്ല. പൊതുവെ മടിച്ചിയായത് കൊണ്ട് ബിസിനസിലേക്കൊന്നും കടക്കാനുള്ള എഫർട്ട് എടുക്കാൻ വയ്യ.
പ്രണയത്തിലാണ്
ഒരു പ്രണയദിനാശംസ കണ്ടല്ലോ സോഷ്യൽമീഡിയയിൽ. പ്രണയത്തിലാണോ? വിവാഹത്തിലേക്ക് കടക്കുമോ?
പ്രണയത്തിലാണ്. 39 വയസുണ്ട് എനിക്ക്. ഇതെന്റെ ആദ്യ പ്രണയമല്ല. പതിനാലാം വയസിൽ പ്രണയിക്കാൻ തുടങ്ങിയതാണ് ഞാൻ. ഓരോ പ്രണയവും സംഭവിച്ചപ്പോൾ ഏറ്റവും ആത്മാർത്ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ, എന്തൊക്കെയോ കാരണങ്ങളാൽ ഒന്നും സക്സസ് ആയില്ല. ഇപ്പോൾ സോഷ്യൽമീഡിയയിൽ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. 16 വർഷമായി എന്റെ സുഹൃത്താണ് ശരത്. പക്ഷേ, പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആൾ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷൻഷിപ്പിലും. രണ്ടുപേരും സിംഗിളായതും ഞങ്ങൾക്കിടയിൽ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ, ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്ന് എനിക്കറിയില്ല. കല്ല്യാണം കഴിക്കണം എന്ന് വച്ചല്ല ഞാൻ പ്രണയിക്കുന്നത്. കല്ല്യാണം കഴിക്കാം എന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ, കല്ല്യാണം എന്ന കൺസപ്റ്റ് ഇന്നും എനിക്ക് സ്വീകാര്യമല്ല. അതിന്റെ ലീഗൽ കോൺട്രാക്ട് സൈഡ് ഇപ്പോഴും എനിക്ക് മനസ്സിലാക്കാൻ ആയിട്ടില്ല. കല്ല്യാണം കഴിച്ചാൽ പ്രഷർ കൂടും. എന്റെ ചുറ്റും ഞാനത് കാണുന്നുണ്ട്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ഈസിയായി ഹാൻഡിൽ ചെയ്യാൻ പറ്റുന്ന ഒരാളല്ല ഞാൻ. ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയും ആണ്. എന്റെ കൂടെ നിന്നാൽ മറ്റെയാൾക്കും ഈഗോ അടിക്കും. എല്ലാവരെയും ഒരുപോലെ ട്രീറ്റ് ചെയ്യുന്ന ആളാണ്. അതൊക്കെ എല്ലാവർക്കും സ്വീകരിക്കാൻ പറ്റില്ല. പിന്നെ, നാളെ ഒരാൾ എങ്ങനെയൊക്കെ മാറുമെന്ന് നമുക്ക് അറിയില്ലല്ലോ. നാളയെ കുറിച്ച് പറയാൻ നാം ആളല്ല. തത്കാലം വിവാഹം കഴിക്കാൻ പ്ലാനില്ല.