
'പത്മശ്രീ'യുടെ ആഹ്ളാദത്തിൽ ജീവിതത്തിന്റെയും പാട്ടിന്റെയും തിരനോട്ടത്തിൽ കൈതപ്രം
വാൽക്കണ്ണെഴുതിയ മകരനിലാവിൽ
പൈതൃകം ( 1993  മികച്ച ഗാനരചന)
തിരുവനന്തപുരം ഇടപ്പഴഞ്ഞി ശാസ്താംകോവിലിൽ ശാന്തിജോലി ചെയ്യുന്ന സമയം. വയസ് ഇരുപത്. ഒരു ഒാണക്കാലത്ത് ആകാശവാണിക്ക് പാട്ടെഴുതാൻ കാവാലം നാരായണപ്പണിക്കർസാർ പറഞ്ഞു. പാട്ട് എഴുത്ത് അറിയില്ലെന്ന് ഞാൻ. എഴുതാൻ പറ്റുമെന്ന് പണിക്കർ സാർ. പാടാൻ അറിയാമല്ലോ. അപ്പോൾ എഴുതാൻ കഴിയുമെന്നും ഇത് രണ്ടും ഉണ്ടെങ്കിൽ അഭിനയിക്കാമെന്നും പണിക്കർ സാറിന്റെ ഉപദേശം. പണിക്കർ സാറിന്റെ പ്രേരണയിൽ എഴുതി. പാട്ടിന്റെ ഡ്യൂയറ്റ് ഇടവ ബഷീറും കെ. എസ് .ചിത്രയും ചേർന്നാണ് പാടിയത്. ചിത്ര അന്ന് ചെറിയ കുട്ടി. 'മനസിന്റെ ഒാണംകേറാമൂലകളിൽ സിന്ദൂരം "എന്ന വരി ഇപ്പോഴും ഒാർമ്മയുണ്ട്. അടുത്തദിവസം ആകാശവാണിയിൽ പോയപ്പോൾ 'തിരുമേനി നന്നായിട്ടുണ്ടെന്ന് "പപ്പേട്ടൻ. 
'മനസിന്റെ ഒാണംകേറാമൂലകളിൽ സിന്ദൂരം" എന്നത് രസികൻ പ്രയോഗമാണെന്നും പറഞ്ഞു. സിനിമയിൽ വന്നപ്പോൾ പപ്പേട്ടന് വേണ്ടി 'ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം"
എഴുതി. ആദ്യപാട്ട് കുത്തിക്കുറിച്ച പ്പോൾ ഉണ്ടായ അനുഭവവും സന്തോഷവും എന്നും എന്റെ സ്വകാര്യതയാണ്. അതു കഴിഞ്ഞു 'തരംഗിണിക്ക് "വേണ്ടി എഴുതി. കൈതപ്രം എന്ന പേര് വച്ചോളൂ എന്ന് ആദ്യം പറയുന്നതും പണിക്കർ സാറാണ്. ഒരുപാട് പേരുകൾ ഞാൻ ആലോചിച്ചു. ഇല്ലത്തിന്റെ പേര് ചേർത്ത് വിളിക്കാറുണ്ട്. ഗ്രാമത്തിന്റെ പേര് മതി എന്ന് പണിക്കർസാർ. അത് അസലായി. ആകാശവാണിയിൽ ആദ്യപാട്ട് മുതൽ കൈതപ്രം. പിന്നീട് കൈതപ്രം എന്നുമാത്രം മതി എന്ന സ്ഥിതി. ഒരു ഗ്രാമം എന്നിലൂടെ അറിയപ്പെടുന്നു. അവിടെ എന്നെ സ്നേഹിക്കുന്ന കുറെ മനുഷ്യർ. കൈതപ്രം ഒരുഗ്രാമം മാത്രമല്ല ഒരു വ്യക്തികൂടിയായി മാറി. ഒന്നും പ്രതീക്ഷിച്ചതല്ല. എന്റെ പ്രായക്കാരും ഇരുപതുകാരനും കൈതപ്രം എന്നു വിളിക്കുന്നു.
വെണ്ണിലാചന്ദനക്കിണ്ണം
അഴകിയരാവണൻ  ( 1996 മികച്ച ഗാനരചന )
ആദ്യ ഗാനം പിറന്നു പത്തുവർഷം കഴിഞ്ഞാണ് സിനിമയിൽ പാട്ടെഴുതാൻ ഫാസിൽ വിളിക്കുന്നത്. ജീവിതത്തിന്റെ മുക്കാൽഭാഗവും ജീവിച്ചത് കോഴിക്കോടെ തിരുവണ്ണൂരിൽ. ആദ്യസിനിമ, ആദ്യ പുസ്തകം, ആദ്യ സംസ്ഥാന പുരസ്കാരം, 450 ലധികം സിനിമകൾ, ആയിരത്തിലേറെ പാട്ടുകൾ, ഒടുവിൽ പത്മശ്രീ എല്ലാംതന്നത് തിരുവണ്ണൂരാണ്. ഇവിടത്തെ ആളുകളെ മറക്കാൻ കഴിയില്ല. കാരുണ്യം സിനിമയ്ക്ക് പാട്ട് എഴുതുന്നതിന് മുൻപേ വീടിന്  'കാരുണ്യം" എന്ന പേരുഇട്ടു. വടക്കേ മലബാറിൽ കലാമണ്ഡലം കൃഷ്ണൻനായർക്ക് ശേഷം പത്മശ്രീ ലഭിക്കുന്നത് എനിക്കാണ്.കൃഷ്ണൻനായർക്ക് ലഭിച്ചത് അറുപത് വർഷം മുൻപാണ്. ഭാര്യാപിതാവും മലയാള സിനിമയുടെ മുത്തച്ഛനുമായ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എനിക്ക് പത്മശ്രീ ലഭിക്കുക എന്നത്. പിണറായി പാർട്ടി സെക്രട്ടറിയായ സമയത്ത് അച്ഛൻ വീട്ടിൽ പോയി സംസാരിക്കുകയും ചെയ്തു. നോക്കട്ടെ എന്ന് പിണറായി. അദ്ദേഹം മുഖ്യമന്ത്രിയായ സമയത്ത് തന്നെ പത്മശ്രീ ലഭിച്ചു. എന്നാൽ ആ വാർത്ത കേൾക്കുന്നതിന് നാലുദിവസം മുൻപ് അച്ഛൻ പോയി. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ അത് ആസ്വദിച്ചേനെ, ആഘോഷിച്ചേനെ.അദ്ദേഹത്തിന്റെ പ്രാർത്ഥനയാണ് സഫലമായത്.
നാട്ടിലെ ബാല്യകാലം ഇടയ്ക്ക് നഷ്ടബോധം ഉണർത്തുന്നു. പ്രൗഢവും സ്നേഹസമ്പന്നവുമായ ബാല്യം. ആ കാലം എന്റെ മിക്ക പാട്ടിലുമുണ്ട്. 
'കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം, മഴവെള്ളം പോലെ ഒരു കുട്ടിക്കാലം". എന്റെ കുട്ടിക്കാല ഒാർമ്മകൾ നിറയുന്ന പാട്ട്. ആ പാട്ടിൽ അമ്മയെ ഒാർക്കുന്നു. അന്ന് കണ്ടെതെല്ലാം ഇന്നുമുണ്ട് മുന്നിൽ. അന്ന് കേട്ടെതെല്ലാം ഇന്നുമുണ്ട് കാതിൽ. എങ്ങനെയാണ് ആ മലർവസന്തം മറക്കുക. എന്റെ മിക്ക പാട്ടിലും പുഴയുണ്ട്. പാട്ടിലെ പുഴകളെല്ലാം നാട്ടിലെയാണ്. വണ്ണാത്തിപുഴയും പാണപ്പുഴയും .രണ്ട് കുന്നുകളുടെയും പുഴകളുടെയും ഇടയിലെ കൈതപ്രം ഗ്രാമം. അവിടെ വളരാൻ ഒന്നുമില്ല. അറുപത് വർഷം പഴക്കമുള്ള വായനശാല.പാട്ടെഴുത്തുകാരനായതിനൊപ്പം സംഗീതം കൂടി ലഭിച്ചത് ഇൗശ്വരാനുഗ്രഹം.
മറക്കുമോ നീയെന്റെ മൗനഗാനം
കാരുണ്യം (1997 മികച്ച സംഗീത സംവിധായകൻ)
മനസിൽ പ്രണയമില്ലെങ്കിൽ പ്രണയഗാനം എഴുതാൻ കഴിയില്ല. താരാട്ട് പാട്ട് എഴുതാൻ പ്രസവിക്കണോ എന്ന് പുതുതലമുറ ചോദിച്ചു. മനസ് കൊണ്ട് ഞാൻ പ്രസവിച്ചിട്ടുണ്ട്. ആ പരകായ പ്രവേശം ഉണ്ടെങ്കിൽ മാത്രമേ പാട്ട് പാട്ടാവൂ. അതിന്റെ തീവ്രതയിൽ പിറന്ന പാട്ടാണ് ഉണ്ണി വാവാവോ, താമരക്കണ്ണന് ഉറങ്ങേണം എന്നീ പാട്ടുകൾ. ആ പാട്ടുകൾ പിറന്നിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും പുതുമ നഷ്ടപ്പെടുന്നില്ല.
എഴുതുമ്പോൾ ആ കഥാപാത്രമായി മാറും. സേതുമാധവന്റെ കാമുക മനസു ഉണ്ടെങ്കിൽ മാത്രമേ കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി എഴുതാൻ കഴിയൂ. യുവാക്കളുടെ മനസിൽനിന്നുകൊണ്ടാണ് ലഞ്ജാവതിയും കറുപ്പിനഴകും എഴുതിയത്. ദേശാടനം, കളിയാട്ടം, കാരുണ്യം, എന്ന് സ്വന്തം ജാനകിക്കുട്ടി, തീർത്ഥാടനം ഉൾപ്പെടെ സംഗീതസംവിധാനം നിർവഹിച്ച സിനിമകളിലെ പാട്ടാണ് ഏറെ ഇഷ്ടം . ഒപ്പം പ്രവർത്തിച്ച സംഗീത സംവിധായകരെല്ലാം ഏറെ ആത്മബന്ധം ഉള്ളവർ. ജോൺസൺ, രവിയേട്ടൻ, ഒൗസേപ്പച്ചൻ, എം. ജയചന്ദ്രൻ, ദീപക് ദേവ് നീര നീളുന്നു. പാട്ടെഴുത്തിനൊപ്പം സംഗീത സംവിധാനം കൂടി ചെയ്യുമ്പോൾ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നു. കളിയാട്ടത്തിലെ വേളിക്ക് വെളുപ്പാൻകാലം മൂളുന്നതിനൊപ്പം റെക്കോർഡ് ചെയ്തു. വയലാറിന്റെയും ഭാസ്കരൻ മാഷിന്റെയും തമ്പിചേട്ടന്റെയും ഒ.എൻ.വിയുടെയും പാട്ടുകൾ ഇപ്പോഴും അലയടിക്കുന്നു. ഹൃദയത്തിൽനിന്ന് വന്നതാണ് ആ പാട്ടുകൾ. അതിലാണ് എനിക്ക് വിശ്വാസം. പാട്ടെഴുത്തുകാരന് നല്ല വായന വേണം. ഇരുപത് വയസിൽ എന്റെ വായന കഴിഞ്ഞു. അത്രമാത്രം വായിച്ചുതീർത്തു.ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായിരുന്നു അച്ഛൻ.എന്നാൽ ചെമ്പൈ സംഗീതോത്സവത്തിൽ പാടാൻ അച്ഛന് അവസരം ലഭിച്ചില്ല. അവിടെ പാടാൻ മകന് കഴിഞ്ഞു. എന്നാൽ എന്നേക്കാൾ വലിയ വിദ്വാനായിരുന്നു അച്ഛൻ. 'വിഷ്ണുലോകം"സിനിമയിൽ 'പാണപ്പുഴ പാടി നീർത്തി നന്തുണിപ്പാട്ട് "എന്ന ഗാനം ചെമ്പൈഗ്രാമത്തിനു അടുത്ത് പെരുംങ്കുളങ്ങര ക്ഷേത്രത്തിനു സമീപമാണ് ചിത്രീകരിച്ചത്. അവിടെ കുറെനാൾ അച്ഛൻ ശാന്തിപ്പണി ചെയ്തിട്ടുണ്ട്.അച്ഛൻ ചെരുപ്പ് പോലും ഇല്ലാതെ നടന്നുപോയ സ്ഥലത്ത് മകൻ പാടി അഭിനയിക്കുന്നുവെന്ന് കമലിനോട് പറഞ്ഞു. കണ്ണു നിറഞ്ഞ നിമിഷം.
പാട്ടിന്റെ എല്ലാ ഋതുഭേദങ്ങളിലും കൈതപ്രം വിരൽസ്പർശം. എന്നാൽ പാട്ടെഴുത്ത് ജീവിതമാർഗമാകണമെന്ന് ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ് തില്ല. സംഗീതം ഒപ്പം പോന്നു. അച്ഛനും തനിക്കും പക്ഷാഘാതം വന്നപ്പോൾ സംഗീതം സാന്ത്വനം പകരുമെന്ന് ബോദ്ധ്യം വന്നു. ശേഷം പ്രകൃതിയും അറിയിച്ചു. മ്യൂസിക് തെറാപ്പിയിലൂടെ അഞ്ചു വർഷമായി തുടരുന്ന സേവന പ്രവർത്തനങ്ങൾ തുടരുന്നു. സംഗീതവഴിയിലാണ് മൂത്തമകൻ ദീപാങ്കുരൻ. വയസ് എഴുപത്തിഒന്നിൽ നിൽക്കുമ്പോഴും കൈതപ്രം പാട്ടിന് ബാല്യം. പ്രായം എത്താതെ അക്ഷരങ്ങൾ. വിനീത് ശ്രീനിവാസന്റെ 'ഹൃദയ"എന്ന പ്രണയ ചിത്രത്തിൽ ആറ് പാട്ടുകൾ എഴുതി നിൽക്കുന്നു കൈതപ്രം ചെറുപ്പം.
അച്ഛന്റെ പാട്ടുകളിൽ
ദീപാങ്കുരന് ഏറ്റവും  പ്രിയം
1  അഴകേ നിൻ - അമരം
2  പൂവരമ്പിൻ താഴെ- വിദ്യാരംഭം,
3  പ്രേമോദാരമായ് - കമലദളം
4  പള്ളിത്തേരുണ്ടോ- മഴവിൽക്കാവടി
5  സല്ലാപം കവിതയായ്- ക്ഷണക്കത്ത്
6  ആദ്യമായ് കണ്ടനാള് - തൂവൽക്കൊട്ടാരം,
7  കന്നിപീലി തൂവലൊതുക്കും- തൂവൽസ്പർശം,
8  കരളേ നിൻ കൈ പിടിച്ചാൽ- ദേവദൂതൻ
9  പൊന്നിൽകുളിച്ചുനിന്നു- സല്ലാപം
10  സ്വരകന്യകമാർവീണമീട്ടുകയായ്- സാന്ത്വനം