
മനോജ് ബാജ്പേയ്ക്കൊപ്പം ഫാമിലി മാൻ എന്ന വെബ് സീരിസിൽ തകർക്കുകയാണ്
പ്രിയാമണി
പരുത്തി വീരനിലെ മുത്തഴകായി ഇന്ത്യൻ സിനിമയോളം അഭിമാനമായി വളർന്ന പ്രിയാമണി മലയാളികൾക്ക് സത്യത്തിലെ സോനയും തിരക്കഥയിലെ മാളവികയും പുതിയ മുഖത്തിലെ അഞ്ജനയും പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റിലെപത്മശ്രീയുമൊക്കയാണ്.തന്റെ സിനിമ സപര്യ രണ്ട് പതിറ്റാണ്ടോളമാവുമ്പോൾ ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് കന്നഡ, തെലുങ്ക് ,തമിഴ് ,ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം പ്രിയാമണി വിസ്മയം തീർത്തു. എവിടെയാണെങ്കിലും സ്വന്തം കയ്യൊപ്പ് പതിപ്പിക്കാൻ മറക്കാത്ത നടി. പ്രിയാമണി ഇപ്പോൾ മനോജ് ബാജ്പേയ്ക്കൊപ്പം ഫാമിലി മാൻ എന്ന വെബ് സീരിസിൽ തകർത്തഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ തമിഴിൽ സൂപ്പർഹിറ്റായ അസുരന്റെ തെലുങ്ക് റീമേക്ക് നാരപ്പയിൽ പച്ചമാളായും വേഷമിടുന്നു. തന്റെ ഏറ്റവും പുതിയ സിനിമ വിശേഷങ്ങളും ഒപ്പം എന്ത് കൊണ്ട് മലയാള സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തുവെന്നും പ്രിയാമണി ഇതാദ്യമായി തുറന്നു സംസാരിക്കുന്നു.
വെബ് സീരീസിലാണല്ലോ ഇപ്പോഴത്തെ ശ്രദ്ധ ?
ഫാമിലി മാനിലെ സുചിത്രയാണ് ഏറ്റവും പുതിയ വിശേഷം. മനോജ് ബാജ്പേയ് പോലൊരു നടന്റെ കൂടെ അഭിനയിക്കാൻ സാധിച്ചു. തമിഴ് പെണ്ണാണ് സുചിത്ര.ചലഞ്ചിങ്ങായി എന്തെങ്കിലമോക്കെ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന സുചിത്ര തന്റെ കുടുംബത്തിന് വേണ്ടി കോളേജ് അദ്ധ്യാപികയാവുകയാണ്.അവളുടെ ഭർത്താവ് ശ്രീകാന്ത് ഇന്റലിജൻസ് ടീമിന്റെ പ്രധാനപ്പെട്ട ഒരു സ്പൈ ആണ് . അയാൾക്ക് അയാളുടെ ഓഫീഷ്യൽ കാര്യങ്ങൾക്കിടയിൽ കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയാതെ വരുന്നു. അദ്ദേഹം സ്ഥലത്ത് ഇല്ലാത്ത സമയത്തെല്ലാം ആ വീട് നോക്കുന്നതും കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതെല്ലാം സുചിത്രയാണ്. അത് വലിയ പ്രശ്നമാണെന്നെന്നും പറയുന്നില്ല പക്ഷേ ഭർത്താവ് അടുത്തില്ലാത്ത സമയങ്ങളിൽ ചില തീരുമാനങ്ങൾ അവൾക്ക് ഒറ്റയ്ക്ക് എടുക്കെണ്ടിവരുന്നു അതെല്ലാം അവൾ കൃത്യമായി ചെയ്യുന്നു.എന്നാൽ ഒരു ഘട്ടത്തിൽ അവൾ അവളുടെ അദ്ധ്യാപനം അവസാനിപ്പിച്ച് റിസ്ക് എടുത്ത് മറ്റൊരു സ്റ്റേജിലേക്ക് കടക്കുന്നു. അത് അവരുടെ ഫാമിലി ലൈഫിനെ എങ്ങനെയാണ് ബാധിക്കുന്നതെന്നാണ് ഫാമിലി മാനിൽ പറയുന്നത്.
മനോജ് ബാജ്പേയ്ക്ക് ഒപ്പമുള്ള അനുഭവം ?
അദ്ദേഹത്തെ കുറിച്ച് ഞാൻ കൂടുതലൊന്നും പറയേണ്ട കാര്യമില്ലലോ.മനോജ്സാറെ പോലെയൊരു നടന്റെ കൂടെ അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായി കാണാനാണ് ഇഷ്ടം. കൂടുതൽ സീസൺ ഫാമിലി മാനിന് ഇല്ലെങ്കിലും സാറിനൊപ്പം സിനിമകൾ ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. 

ഒ ടി ടിയെക്കുറിച്ച് ?
ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ സംഭവമായി മാറാൻ പോവുന്നതാണ് ഒടി ടി.ഓരോരുത്തരുടെ സമയവും കംഫോർട്ടും അനുസരിച്ച് നമുക്ക് സിനിമകളും സീരീസുകളും കാണാൻ സാധിക്കും. ലോക്ക്ഡൗൺ സമയത്ത് അത് കൂടുതൽ സഹായകമായി എന്ന് തന്നെ പറയാം. ചില സിനിമകൾ 70 എം എം സ്ക്രീനിൽ കാണുന്നത് തന്നെയാണ് ഫീൽ.തിയേറ്റർ അനുഭവം എപ്പോഴും മികച്ചു നിൽക്കുന്നതാണ്. ഒരു സിനിമയുടെ സിനിമാറ്റിക് എഫക്ട് അതിന്റെ ബാക്ക്ഗ്രൗണ്ട് സൗണ്ട്, അതെല്ലാം തിയേറ്ററിൽ നിന്ന് മാത്രമേ കിട്ടുകയുള്ളു. കൊവിഡ് സമയത്ത് ഒ .ടി ടി യിൽ സുരക്ഷിതമായി ഇരുന്നു സിനിമ കാണാൻ സാധിച്ചു. ഇപ്പോൾ എല്ലാ രീതിയിലുള്ള സുരക്ഷാ മുൻകരുതലുകളോടെ തിയേറ്ററുകളെല്ലാം തുറന്നിരിക്കുന്നു. അതുകൊണ്ട് തന്നെ തിയേറ്ററിൽ പോയും സിനിമ കാണാവുന്നതാണ്. ഒ ടി ടിയിൽ എത്തുന്ന ചിത്രങ്ങളും സീരീസുകളും കാണുക.
പുതിയ പ്രോജക്ടുകൾ ?
ഞാൻ തിരക്കഥയ്ക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് . എക്സ്സൈറ്റിങ്ങായി ചില വെബ് സീരീസുകളും സിനിമകളും പുതിയതായി പ്രഖ്യാപ്പിക്കാനുണ്ട്. അതെല്ലാം വഴിയേ ഓഫിഷ്യലായി അറിയിക്കാം.അസുരൻ തെലുങ്ക് റീമേക്ക് നാരപ്പയും റാണയുടെ കൂടെയുള്ള വിരാട്ട പാർവയുമാണ് ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.
സിനിമയുടെയും വെബ് സീരിസിന്റെയും ചിത്രീകരണം എങ്ങനെയാണ് വ്യത്യസ്തപ്പെടുത്തുന്നത് ?
വെബ് സീരിസിന് ഒരു ദിവസം ഏഴും എട്ടും സീനൊക്കെ എടുക്കും. കുറച്ചു ദിവസങ്ങൾകൊണ്ട് കൂടുതൽ സീനുകൾ എടുക്കേണ്ട അവസ്ഥ ഉണ്ടാവും. ഒരു ലൊക്കേഷനിൽ നിന്നുള്ള മുഴുവൻ സീനുകളും ഒരുമിച്ച് എടുക്കും. അതുപോലെ മേജർ വ്യത്യാസം വെബ് സീരിസിന് ഉപയോഗിക്കുന്ന സിങ്ക് സൗണ്ടാണ്. അതുകൊണ്ട് തന്നെ മൊത്തം നിശബ്ദതയായിരിക്കും സെറ്റിൽ. ചില ഡയലോഗുകൾക്ക് ഡബ്ബിങ് വേണമെന്ന് തോന്നുന്നത് മാത്രമേ എടുക്കാറുള്ളു ബാക്കിയെല്ലാം സിങ്ക് സൗണ്ട് തന്നെ. സൗണ്ട് എൻജിനീയർ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും ''സൈലൻസ് പ്ളീസ് "" എന്ന്. സിനിമയുടെയും വെബ് സീരിസിന്റെയും ഷൂട്ടിംഗ് സ്റ്റൈൽ എല്ലാം ഒരേപോലെ തന്നെയാണ്.
പച്ചമാളായി മാറിയപ്പോൾ ?
അസുരന്റെ തെലുങ്ക് റീമേക്കിൽ മഞ്ജു ചേച്ചി ചെയ്ത കഥാപാത്രം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അസുരൻ ഞാൻ കണ്ടിരുന്നു.നാരപ്പ എന്നാണ് തെലുങ്ക് റീമേക്കിങ്ങിന്റെ ടൈറ്റിൽ. തമിഴിൽ നിന്ന് തെലുങ്കിലേക്ക് എത്തമ്പോൾ സിനിമയ്ക്കും അതിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യത്യസമുണ്ട്. ഞാൻ എന്റെ സ്റ്റൈലിലാണ് പച്ചമ്മളായി മാറിയത്. ഷൂട്ടിംഗ് കഴിഞ്ഞു ഇനി ഡബിംഗ് ചെയ്യാനുണ്ട്. എന്റെ മാക്സിമം ആ കഥാപാത്രത്തിന് നൽകിയിട്ടുണ്ട്.
മലയാളത്തിൽ സാന്നിദ്ധ്യം കുറയുന്നു ?
മലയാളം ഞാൻ ചെയ്യില്ല എന്നൊന്നും പറയുന്നില്ല. പതിനെട്ടാം പടിയിലെ അതിഥി  വേഷമാണ് ഏറ്റവുമൊടുവിൽ മലയാളത്തിൽ ചെയ്തത്. നല്ലൊരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ്. എന്നെ എക്സ്സൈറ്റ് ചെയ്യുന്ന കഥാപാത്രം വന്നാൽ തീർച്ചയായും മലയാളത്തിൽ സിനിമ ചെയ്യും.