
അനുവിന്റെയും സരയുവിന്റെയും അപൂർവസൗഹൃദത്തിന്റെ കഥ
ഞങ്ങൾ സുഹൃത്തുക്കളാകുമ്പോൾ
അനു : കാഴ്ചയിൽ എന്റെ നാട്ടിലെ പോലെ ഒരു സാധാരണ പെൺകുട്ടി.നെറ്റിയിൽ ഗണപതി ഹോമത്തിന്റെ പ്രസാദം.അപ്പോൾ ഞാൻ ഒന്നു നോക്കി.സരയുവിനെ പരിചയപ്പെട്ടു. പിന്നെ പലേടത്തും ഞങ്ങൾ കണ്ടു. കഥകൾ പറഞ്ഞു. നാട്ടിൽനിന്ന് കൊച്ചിയിൽ വന്നു പട്ടുപാവാടയും പാദസരവും ധരിച്ച് നടന്നപ്പോൾ ആളുകൾ എന്നെ നോക്കുമായിരുന്നു.പത്തുവർഷം മുൻപ് സരയുവിനെ ആദ്യമായി കണ്ടപ്പോൾ ഇതേ വേഷം.ദിവസവും വിളിക്കുന്ന സുഹൃത്തുക്കളല്ല ഞങ്ങൾ .
സരയു : സിനിമയുടെ നാട്യം ഞങ്ങൾ രണ്ടുപേർക്കുമില്ല. സൗഹൃദം തോന്നിയത് അതുകൊണ്ടാവാം. ഞങ്ങൾ രണ്ടുപേർക്കുമിടയിൽ നാട്ടിൻപുറവും എഴുത്തും വായനയുമുണ്ട്. ഒരേ ഇഷ്ടമുള്ള രണ്ട് ആളുകളായതിനാലാവും സൗഹൃദം കൊണ്ടുപോവാൻ സാധിക്കുന്നത്. കുറച്ച് നാളുകൾക്കുശേഷം കാണുമ്പോഴും നിറുത്തിയിടത്തുനിന്ന് സംസാരം തുടങ്ങാൻ ഞങ്ങൾക്ക് കഴിയുന്നു.
അനു : മുമ്പ് കണ്ട് പിരിഞ്ഞ രണ്ടു സുഹൃത്തുക്കൾ വീണ്ടും കണ്ടുമുട്ടിയതുപോലെ തോന്നാറുണ്ട്. ആദ്യമായി കണ്ടപ്പോഴും അങ്ങനെ അനുഭവപ്പെട്ടു.സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടില്ല.
സരയു : ഡാൻസ് ഷോയും സ്റ്റേജ് ഷോയും ഒരുമിച്ച് ചെയ്തു. പരസ്പരം അടുത്തറിയുന്ന നല്ല രണ്ട് സുഹൃത്തുക്കൾക്കി ടയിൽ ആത്മബന്ധമുണ്ട്.
അനു : സിനിമയിൽ നല്ല സൗഹൃദമുണ്ട്. സിനിമയിലെ സ്ത്രീകൾ തമ്മിൽ നല്ല സൗഹൃദമാണ്. സ്ത്രീകളും പുരുഷന്മാരും തമ്മിലും സൗഹൃദം. സിനിമയിലെന്നല്ല, എല്ലായിടത്തും ആളുകൾക്ക് പൊതുവേ മനുഷ്യത്വം കുറയുന്നുവെന്ന് തോന്നുന്നു.സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സൗഹൃദത്തെ ബാധിച്ചിട്ടുണ്ട്.

സരയു : സൗഹൃദം നിലനിൽക്കണം, അതിനുവേണ്ട ശ്രമമൊന്നും ചെയ്യാറില്ല. നല്ല സൗഹൃദങ്ങൾ സിനിമയിലുണ്ട്. സത്യസന്ധമായി ജീവിതത്തോടെ പെരുമാറുന്ന ആളുകളാണെങ്കിൽ ആ സൗഹൃദം നിലനിൽക്കും.
അനു : സൗഹൃദങ്ങൾക്ക് ഇപ്പോൾ പഴയപോലെ ആഴമില്ല. സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലാണ് അധികംപേരും. എല്ലാവരും ഇൻസന്റന്റ് ആയി. സോഷ്യൽമീഡിയയുടെ സ്വാധീനം വലുതാണ്.
സരയു : ഒരു സിനിമയുടെ ഭാഗമാകുമ്പോൾ 25 ആളുകളുമായി സൗഹൃദം ഉണ്ടാവും. എന്നാൽ ആ 25 പേരുമായുള്ള സൗഹൃദം സിനിമ കഴിയുമ്പോൾ ഉണ്ടാവണമെന്നില്ല. ചിലപ്പോൾ ഒന്നോ രണ്ടോ സൗഹൃദം നിലനിൽക്കും. ചിലപ്പോൾ ഒന്നും ഉണ്ടാവില്ല. ഓരോ സിനിമയിലും ഒാരോ ടീം.
ഞങ്ങൾ( അല്ല ഞാൻ) സംവിധാനംചെയ്യുമ്പോൾ
സരയു : സിനിമ സംവിധാനം ചെയ്യുക എന്നത് സ്വപ്നവും ആഗ്രഹവുമാണ്. സമീപഭാവിയിൽ ഉണ്ടാവില്ല. എന്നാൽ ഒരു ദിവസം സംഭവിക്കും.എഴുത്ത് ഇഷ്ട മേഖലയാണ്.സിനിമ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോൾ മിക്കവരുടെയും സ്വപ്നമാണ് തിരക്കഥ എഴുത്തും സംവിധാനവും.
അനു : എഴുതാനുള്ള ഭാഷ, ക്ഷമ രണ്ടും ഒപ്പമില്ല. സംവിധാനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഒരുപാട് ക്ഷമയും കഴിവും കഠിനാദ്ധ്വാനവും ഏറെ സർഗാത്മകതയും വേണ്ട ജോലിയാണ്. സംവിധായികയായി മാത്രമല്ല, എഴുത്തിന്റെ വഴിയിലേക്കും വരാൻ സാദ്ധ്യതയില്ല.
സരയു : 'ഞായറാഴ്ചകളെ സ്നേഹിച്ച പെൺകുട്ടി"ആദ്യ പുസ്തകം പുറത്തിറങ്ങി. പത്തുകഥകളുടെ സമാഹാരം. പുസ്തകം പുറത്തിറക്കണമെന്ന ആഗ്രഹത്തിൽ എഴുതിയതല്ല. സിനിമ തന്ന ഭാഗ്യത്തിൽ പുസ്തകം വേഗം പുറത്തിറങ്ങി. എഴുത്ത് തുടരുന്നു.
അനു : 'അനുയാത്ര" യുട്യൂബ് ചാനൽ ഭംഗിയായി പോവുന്നു.ഡിസംബറിലും ജനുവരിയിലും സിനിമയുടെ ഷൂട്ട് കാരണം യാത്ര ചെയ്യാൻ കഴിഞ്ഞില്ല. വീണ്ടും 'അനുയാത്ര" തുടങ്ങി. വാഗമണ്ണും മൂന്നാറും ചുറ്റി. കാഴ്ചകൾ ഉടൻ കാണാം.

സരയു : 'സരയുസ് സാഷെ ഒഫ് സ്റ്റോറീസ് "യു ട്യൂബ് ചാനലിൽ സിനിമാതാരത്തിൽനിന്ന് പ്രതീക്ഷിക്കുന്ന വിഭവങ്ങൾ ഒന്നുമില്ല. പങ്കുവയ്ക്കാൻ വിശേഷങ്ങളോ വിഷയങ്ങളോ ഉണ്ടായാൽ വീഡിയോകൾ പോസ്റ്റ് ചെയ്യും. നുറുങ്ങ് കഥകളുടെ ഇടം തന്നെയാണ് 'സരയുസ് സാഷെ ഒഫ് സ്റ്റോറീസ്."
അനു : 'വൈൻ" സിനിമ കഴിഞ്ഞു. രാഹുൽ മാധവും സഞ്ജുശിവറാമുമാണ് നായകന്മാർ. സഹീർ അബ്ബാസ് സംവിധാനം. വിജയ് ബാബുവിനും പ്രകാശ് ബാരെയ്ക്കും ഇന്ദ്രൻസേട്ടനും ഒപ്പം 'പെൻഡുലം". ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'താമര" റിലീസിന് ഒരുങ്ങുന്നു.
സരയു :'മരട് 357" ൽ മനോജേട്ടന്റെ ഭാര്യ വേഷം. നാൻസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ധ്യാൻശ്രീനിവാസന്റെ ഖാലി പേഴ്സ് ഒാഫ് ദി ബില്യനേഴ്സ്, ഇന്ദ്രൻസേട്ടന്റെ 'വിത്ത് ഇൻ സെക്കൻഡ് "സിൽകുടുംബശ്രീ പ്രവർത്തകയുടെ വേഷമാണ്. ആദ്യമായി സംവിധാനം ചെയ്യാൻ പോവുന്ന സിനിമയുടെ ജോലിയിലാണ് ഭർത്താവ് സനൽ.
അനു : വളർന്നതും പഠിച്ചതും എല്ലാം പട്ടാമ്പിയിൽ. പിജി പഠനത്തിന് കോയമ്പത്തൂരിൽ പോയപ്പോഴാണ് വീട്ടിൽനിന്ന് മാറി നിൽക്കുന്നത്. പതിനൊന്നുവർഷം കൊച്ചിയിൽ താമസിച്ചു. മൂന്ന് വർഷമായി നാട്ടിൽ. കൊച്ചിയുടെ തിരക്കും ബഹളവുമായി പൊരുത്തപ്പടാൻ കഴിയാത്തതിനാലാണ് മടങ്ങിയത്. നാട്ടിൽ ജീവിക്കാനാണ് ഇഷ്ടം. എന്റെ ചിന്തയും ഇഷ്ടങ്ങളും എല്ലാം നാടുമായി ചേരുന്നു.
സരയു:ചോറ്റാനിക്കരയാണ് വീട്. കടവന്ത്രയിൽ താമസിക്കുമ്പോഴും നാടുമായി ചുറ്റിപ്പറ്റി എന്റെയും ചിന്തയും ഇഷ്ടങ്ങളും. സനലിന്റെ നാടായ ശ്രീകൃഷ്ണപുരവുംഗ്രാമം.