
സെഞ്ച്വറി കടന്ന് സൈജു കുറുപ്പ്അഭിനയവഴിയിൽ കുതിക്കുന്നു
16 വർഷം, '110 - നോട്ടൗട്ട് "എന്ന സ് കോറുമായി സിനിമയുടെ ക്രീസിൽ സൈജു കുറുപ്പ് ഫോമിൽ. സൈജു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഗാർഡിയനാണ് ഈ വർഷത്തെ ആദ്യ റിലീസ്. മികച്ച അഭിപ്രായം നേടിയ ചിത്രത്തിൽ വേറിട്ട അഭിനയം കാഴ്ചവച്ചു. 'ഉപചാരപൂർവ്വം ഗുണ്ടജയൻ" ആണ് 100-ാം ചിത്രം. മോഹൻകുമാർ ഫാൻസ്, ആർക്കറിയാം, ഒരുത്തീ, മേപ്പടിയാൻ, നിഴൽ, ലളിത സുന്ദരം എന്നീ സിനിമകൾ റിലീസിന് ഒരുങ്ങുന്നു. പൃഥ്വിരാജ്ചിത്രം തീർപ്പ്, ധ്യാൻ ശ്രീനിവാസന്റെ പ്രകാശൻ പറക്കട്ടെ എന്നീ സിനിമകൾ ചിത്രീകരണ വഴിയിൽ. മഞ്ജു വാര്യരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന വെള്ളിരക്കാപ്പട്ടണം, അൻവർ റഷീദ് ചിത്രം, കാളിദാസ് ജയറാം ചിത്രം എന്നിവയിൽ വേറിട്ട കഥാപാത്രവുമായി സൈജു എത്താൻ ഒരുങ്ങുന്നു. നിരവധി സിനിമകൾ ഇനിയും കാത്തിരിപ്പുണ്ട്.
110 സിനിമ. എന്തു പഠിച്ചു?
കഷ്ടപ്പാടും കഠിനാദ്ധ്വാനവും ബ്രേക്കിനുവേണ്ടി കാത്തിരുന്നതും അത് ലഭിച്ചതും നല്ല സിനിമയും കഥാപാത്രങ്ങളും വന്നതും എല്ലാം ഈ യാത്രയിൽ ഉണ്ടായിരുന്നു. അവസരമില്ലാതെ ഇരുന്നപ്പോൾ വിഷമം തോന്നി. സിനിമ പറഞ്ഞിട്ടില്ലെന്നുവരെ വിചാരിച്ചു. എന്നാലും എപ്പോഴെങ്കിലും ദൈവം ഒരു ബ്രേക്ക് തരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയിലാണ് എട്ടുവർഷം കാത്തിരുന്നതും, 'ട്രിവാൻഡ്രം ലോഡ്ജ് "സംഭവിക്കുന്നതും. എനിക്ക് ഒരു ബ്രേക്ക് കൊടുക്കാമെന്ന് വി.കെ. പ്രകാശിനും അനൂപ് മേനോനും തോന്നി. പുറത്തിറങ്ങുമ്പോൾ ആളുകളുടെ സമീപനം അന്നത്തെയും ഇപ്പോഴത്തെയും തമ്മിൽ വ്യത്യാസമുണ്ട്. എന്റെ വീട്ടുകാരോടുള്ള അവരുടെ സമീപനവും മാറി. ഇതെല്ലാം കാണുമ്പോൾ സന്തോഷമുണ്ട്.

'മയൂഖം" ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇൗ യാത്ര മുന്നോട്ടു പോവുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
ഒരിക്കലും പ്രതീക്ഷിക്കാത്ത യാത്ര. മറ്റ് നിവൃത്തിയില്ലാത്തതിനാൽ യാത്ര തുടർന്നേ പറ്റൂ. സെയിൽസ് വിഭാഗത്തിലെ ജോലിയോട് മടുപ്പ് തോന്നിയപ്പോൾ ദൈവം കാണിച്ചുതന്ന വഴിയാണ് സിനിമ. എത്ര കഷ്ടപ്പാട് ഉണ്ടായാലും നിൽക്കാൻ കഴിയുമെന്ന ദൃഢനിശ്ചയം മനസിലുണ്ട്. എന്നാൽ സിനിമ ലഭിക്കാതെ വന്നപ്പോൾ മനസ് മടുത്തു. തിരിച്ചു പഴയ ജോലിയിലേക്ക് പോയാലോ എന്നുപോലും ചിന്തിച്ചു. സിനിമയിലേക്ക് വന്നത് ബോണസ് ആണ്. ബ്രേക്ക് ലഭിച്ചത് വലിയ ബോണസ്. എവിടെയാണോ ഇപ്പോൾ നിൽക്കുന്നത് അതും വലിയ ബോണസു തന്നെ.
ഷിബു വെള്ളായണിയെയും അറയ്ക്കൽ അബുവിനെയും ഏല്പിക്കാൻ സംവിധായകർക്ക് എങ്ങനെ ധൈര്യംവന്നു?
വിജയ് ബാബുവിനോട് ചാൻസ് ചോദിച്ചതുകൊണ്ടാവും അറയ്ക്കൽ അബുവിനെ തന്നത്. ആ സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അറിയാമായിരുന്നു. എന്നാൽ അറയ്ക്കൽ അബുവിനെ തന്നതിനെപ്പറ്റി മിഥുനോട് ചോദിച്ചില്ല. നീ, നല്ലതുപോലെ ചെയ്യുമെന്ന് അറിയാമെന്നായിരുന്നു വി.കെ.പി യുടെ മറുപടി. അപ്പോഴും എന്തുകൊണ്ട് ഞാൻ എന്ന ചോദ്യം സ്വയം ചോദിച്ചിട്ടുണ്ട്. അവർക്ക് എന്നോടുള്ള ഇഷ്ടം കൊണ്ടാവും. ഷിബു വെള്ളായണി ആദ്യ പകുതിവരെ ഉണ്ടായിരുന്നുള്ളു. എന്നാൽ ഷൂട്ടിംഗ് തുടങ്ങുന്നതിന് ദിവസങ്ങൾക്കു മുമ്പാണ് രണ്ടാം പകുതിയിലും കൊണ്ടുവരാൻ തീരുമാനിക്കുന്നത്. ഒരുപക്ഷേ അപ്പോൾ എന്റെ സമയവും നല്ലതായിരിക്കും.
നായകൻ, സഹനടൻ, വില്ലൻ, അതിഥി. ആരോടാണ് പ്രിയം?
സ്വഭാവ നടന്റേതാണ് എന്റെ ഇടം. അവിടെ വേറിട്ട കഥാപാത്രംചെയ്യാൻ കഴിയും. വ്യത്യസ്തമായ കഥാപാത്രങ്ങൾ ഇൗ പ്രായത്തിൽതന്നെ ചെയ്യാൻ സാധിച്ചു. നായകവേഷം മാത്രം ചെയ്യണമെന്ന ആഗ്രഹമില്ല. വർഷത്തിൽ ഒന്നോ രണ്ടോ നായകവേഷം. കോമഡി ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. ഒരു പരിധിക്ക് അപ്പുറത്തേക്ക് കടക്കുന്ന പ്രതിനായക വേഷത്തോട് ഒട്ടും താത്പര്യമില്ല.
ശബ്ദം കടം വാങ്ങിയ ആൾ പിന്നീട് തിരികെ നൽകി?
ആദ്യത്തെ അഞ്ച് സിനിമയിൽ ഡബ് ചെയ്തില്ല. അന്ന് എന്റെ മലയാളം നല്ലതല്ല.
'@ അന്ധേരി"യിൽ അതുൽ കുൽക്കർണിക്ക് ശബ്ദം നൽകാൻ കാരണം കഥാപാത്രം ഹിന്ദിയും മറാത്തിയും സംസാരിക്കുന്നുണ്ട് എന്നതാണ്. രണ്ട് ഭാഷയും എനിക്ക് അറിയാം. 'മിസ്റ്റർ ഫ്രോഡിൽ" ദേവ് ഗില്ലിന് ശബ്ദം നൽകി. മറ്റൊരാൾക്ക് ശബ്ദം നൽകുന്നത് സന്തോഷം തോന്നുന്ന കാര്യമാണ്. അന്യഭാഷയിൽനിന്ന് വരുന്നവർ ഒഴികെ എല്ലാ നടന്മാരും സ്വന്തം ശബ്ദത്തിൽ അഭിനയിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.

നിത്യജീവിതത്തിൽ കണ്ടുമുട്ടുന്നവരാണ് കഥാപാത്രങ്ങളിൽ ഏറെയും?
അറയ്ക്കൽ അബു ഒഴികെ മറ്റ് കഥാപാത്രങ്ങളെയെല്ലാം എവിടെ വച്ചോ കണ്ടതായി തോന്നി. അവരുടെ പെരുമാറ്റവും സമീപനവും പലരിലും കണ്ടിട്ടുണ്ട്. എല്ലാവർക്കും പരിചിതരായിരിക്കും. അറയ്ക്കൽ അബുവിനെ മാത്രം അറിയില്ല. അയാളുടെ മാനറിസങ്ങളും.
സംവിധാനം സൈജു കുറുപ്പ്?
നല്ല തലയുള്ള സംവിധായകർ ഇവിടെയുണ്ട്. അവരുടെ സിനിമയിൽ നല്ല കഥാപാത്രം ചെയ്യണമെന്ന് മാത്രമാണ് ആഗ്രഹം. സംവിധായകനാകാൻ താത്പര്യമില്ല. എന്നാൽ സിനിമ നിർമ്മിക്കാൻ ആഗ്രഹമുണ്ട്. ഭാവിയിൽ ഉണ്ടാവും.
ഉപചാരപൂർവ്വം ഗുണ്ടജയൻ. ടൈറ്റിൽ കഥാപാത്രം ചെയ്യുമ്പോൾ അനുഭവപ്പെടുന്നത്?
നായകൻ എന്ന സങ്കല്പം മനസിൽ വച്ചല്ല അഭിനയിക്കുന്നത്. തലയിൽ വച്ചാൽ വലിയ ഭാരമാകും. അത് ഒരു പക്ഷേ അഭിനയത്തെ പോലും ബാധിക്കും. ഉത്തരവാദിത്വം നായകന് മാത്രമല്ല, സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കുമുണ്ട്. ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണോ എന്നതാണ് ചോദ്യം. പ്രേക്ഷകർ കാണുമോ, ഇല്ലയോ ഇഷ്ടപ്പെടുമോ എന്നത് സഹനടനായാലും നായകനായും മനസിൽ ഓടിക്കൊണ്ടിരിക്കും. നായക വേഷം ചെയ്യുമ്പോൾ ഇത് കൂടുതലാണ്.
അനിരുദ്ധ് എന്ന പേര് തമിഴിൽ ഭാഗ്യം തന്നോ?
സൈജു കുറുപ്പ് എന്ന പേര് ഉച്ചരിക്കാൻ തമിഴർ ബുദ്ധിമുട്ടി. ന്യൂമറോളജി നോക്കിയാണ് പേരിട്ടത്. എന്നാൽ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല. തമിഴിൽ നാല് സിനിമയിൽ അഭിനയിച്ചു. മൂന്നെണ്ണം വിജയിച്ചില്ല. നല്ല വേഷമായിട്ടും ശ്രദ്ധിക്കപ്പെട്ടില്ല. നാലാമത് സിനിമ 'തനി ഒരുവൻ". രണ്ടോ മൂന്നോ സീനിലാണ് അഭിനയിച്ചത്. ആ സിനിമ വിജയിച്ചു.
മയൂഖത്തിന് മാത്രമല്ല മറുപാതിയായി അനുപമ എത്തിയതിനും ഇതേ പ്രായം?
മനോഹരമായ യാത്ര. സിനിമയിൽ ഒന്നുമാകാതെ കഷ്ടപ്പെടുന്ന സമയത്ത് ഒരു ദിവസം വരുമെന്ന് പറഞ്ഞ് അനു പ്രചോദനം തന്നു. ആ പ്രചോദനത്തിൽ മുന്നോട്ട് പോയി. അനു എല്ലാകാര്യങ്ങളും ചെയ്തു. മകൾ മയൂഖ മരട് ഗ്രിഗോറിയൻ പബ്ളിക്സ് സ്കൂളിൽ പത്താംക്ളാസിൽ പഠിക്കുന്നു. മകൻ അഫ് താബ് ചോയ്സ് സ്കൂളിൽ യു.കെ.ജിയിൽ.