
ഹോളിവുഡിലെ മികച്ച അഭിനേതാക്കളെ, അല്ലെങ്കിൽ ഏറ്റവും കൂടുതൽ ആരാധകവൃന്ദമുള്ളവരെ തിരഞ്ഞെടുക്കുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. ഓരോ സിനിമാ ആസ്വാദകർക്കും അവരുടെ മനസിൽ അവരുടേതായ ഇഷ്ടതാരങ്ങളുണ്ട്. പലരിലും ഇത് വ്യത്യസ്ഥമാണ്. എന്നാൽ, ആരോട് ചോദിച്ചാലും പറയുന്ന പേരുകളുടെ കൂട്ടത്തിൽ ചില അഭിനേതാക്കളെ ഒഴിവാക്കാൻ പറ്റില്ലെന്ന് കാണാം. വനിതാ ദിനത്തോടനുബന്ധിച്ച് അത്തരത്തിലുള്ള പത്ത് ഹോളിവുഡ് അഭിനേത്രിമാരെയാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. ഹോളിവുഡിന് എക്കാലവും പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ ഈ പത്തു പേരും കാണും. ഇവർ അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങളും കഥാപാത്രങ്ങളും ഒന്നിൽ ഒതുങ്ങുന്നതല്ല. എന്നാൽ, സാധാരണ ആസ്വാദകരിൽ പോലും തങ്ങി നിൽക്കുന്ന അവരുടെ ചില പൊതുവായ കഥാപാത്രങ്ങൾ കാണുമല്ലോ. അതാണ് ശ്രദ്ധേയ ചിത്രമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഹോളിവുഡിലെ കരുത്തുറ്റ സാന്നിദ്ധ്യമായ വനിതാ രത്നങ്ങളിലൂടെ....
ഇൻഗ്രിഡ് ബെർഗ്മാൻശ്രദ്ധേയ ചിത്രം : കാസബ്ലാങ്ക
ആരെയും അത്ഭുതപ്പെടുത്തുന്ന അപാരമായ അഭിനയ പാടവത്താൽ 1940കളിലും 50കളിലും ഹോളിവുഡിലെ സ്റ്റാർ ഐക്കണായി മാറിയ ഇതിഹാസ നടി. ഏഴ് ഓസ്കാർ നോമിനേഷനുകളിൽ നിന്നും നേടിയെടുത്തത് മൂന്ന് പുരസ്കാരങ്ങൾ. ഹോളിവുഡിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ഡ്രാമകളിലൊന്നായ കാസബ്ലാങ്കയാണ് ഇൻഗ്രിഡിന് പ്രേക്ഷക മനസിൽ നിത്യഹരിത നായികയുടെ സ്ഥാനം നേടിക്കൊടുത്തത്.
1982 ഓഗസ്റ്റ് 29ന് 67ാം വയസിൽ മരിക്കുന്നതിന് മൂന്ന് മാസങ്ങൾക്ക് പുറത്തിറങ്ങിയ എ വുമൺ കാൾഡ് ഗോൾഡ എന്ന ടെലിവിഷൻ ഫിലിമും ( ഇസ്രയേൽ മുൻ പ്രധാനമന്ത്രി ഗോൾഡാ മെയറിന്റെ ബയോപിക് ) ഏറെ ശ്രദ്ധനേടി. ചിത്രത്തിലെ അഭിനയത്തിന് ഗോൾഡൻ ഗ്ലോബും പ്രൈം ടൈം എമ്മിയും ലഭിച്ചെങ്കിലും അതേറ്റുവാങ്ങാൻ ബെർഗ്മാനുണ്ടായിരുന്നില്ല.
എലിസബത്ത് ടെയ്ലർ
ശ്രദ്ധേയ ചിത്രം :ഹൂസ് അഫ്രൈഡ് ഒഫ് വിർജീനിയ വുൾഫ് ?
ഈജിപ്റ്റിലെ ക്ലിയോപാട്ര രാജ്ഞിയുടെ പേര് കേൾക്കുമ്പോൾ മനസിൽ വരുന്ന ചിത്രം എലിസബത്ത് ടെയ്ലറുടേതാണ്. 1940കൾ മുതൽ 60 കാലഘട്ടങ്ങളിൽ ഹോളിവുഡിലെ ഏറ്റവും തിളക്കമാർന്ന നക്ഷത്രമായിരുന്നു എലിസബത്ത്. ബോക്സ് ഓഫീസുകളിൽ തരംഗം സൃഷ്ടിച്ച എലിസബത്തിന്റെ കഥാപാത്രങ്ങൾക്ക് രണ്ട് തവണ മികച്ച നടിയ്ക്കുള്ള ഓസ്കാർ ലഭിച്ചു. ക്ലിയോപാട്ര
( 1963 )യിൽ എലിസബത്തിന്റെ നായക കഥാപാത്രമായ മാർക്ക് ആന്റണിയെ അവതരിപ്പിച്ച റിച്ചാർഡ് ബർട്ടണെ ഉൾപ്പെടെ ഏഴ് പേരെ എട്ടു തവണ എലിസബത്ത് വിവാഹം ചെയ്തു.
ഇതിൽ ബർട്ടണെ എലിസബത്ത് രണ്ടു തവണ വിവാഹം കഴിച്ചിരുന്നു. 2011ൽ 79ാം വയസിലാണ് എലിസബത്ത്
ടെയ്ലർ അന്തരിച്ചത്.
മെർലിൻ മൺറോശ്രദ്ധേയ ചിത്രം:സം ലൈക്ക് ഇറ്റ് ഹോട്ട്
ഇന്നും മായാത്ത വശ്യ സൗന്ദര്യം. ഒരുകാലത്ത് ഹോളിവുഡിനെ മുഴുവൻ ഇളക്കി മറിച്ച മെർലിൻ എന്ന അനശ്വര നടി ഇന്നും സിനിമാ പ്രേമികൾക്കിടയിൽ ആവേശമാണ്. ഹാസ്യവും സംഗീതവും മോഡലിംഗും തനിക്ക് വഴങ്ങുമെന്ന് അടിവരയിട്ട് എഴുതിച്ചേർത്തു. മെർലിന്റെ ജീവിതവും മരണവുമെല്ലാം ഇന്നും വിവാദങ്ങൾക്കും ഊഹാപോഹങ്ങൾക്കുമുള്ള വിഷയമാണ്. വളർത്തുവീടുകളിലും ഓർഫനേജുകളിൽ ചെലവഴിച്ച ബാല്യകാലവും തകർന്ന ദാമ്പത്യവും നിരാശയും നേരിട്ട പ്രതിസന്ധികളും മെർലിനെ ജീവിതത്തിൽ ഒറ്റപ്പെടുത്തി. 36ാം വയസിൽ ഒരു ദുരന്ത നായികയെ പോലെ മെർലിൻ അരങ്ങൊഴിഞ്ഞിട്ട് അഞ്ച് ദശാബ്ദങ്ങൾ പിന്നിട്ടു. ആ വിയോഗം ' ആത്മഹത്യ ' എന്ന് കരുതുന്നുവെങ്കിലും ഇന്നും ചുരുളഴിയാത്ത ഒരു രഹസ്യമായി അവശേഷിക്കുന്നു.
നിക്കോൾ കിഡ്മാൻശ്രദ്ധേയ ചിത്രം: ബാറ്റ്മാൻ ഫോറെവർ
90കൾ മുതൽ ഹോളിവുഡിലെ നിറസാന്നിദ്ധ്യമായ നിക്കോൾ കിഡ്മാൻ സിനിമാപ്രേമികൾക്കും നിരൂപകർക്കും ഒരുപോലെ പ്രിയപ്പെട്ട നടിയാണ്. ഓസ്ട്രേലിയൻ വംശജയായ നിക്കോൾ 'ഡേയ്സ് ഒഫ് തണ്ടർ ' എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ നായകനായിരുന്ന ടോം ക്രൂസിനെ നിക്കോൾ വിവാഹം ചെയ്തെങ്കിലും പിന്നീട് വേർപിരിഞ്ഞു. നാല് ഓസ്കാർ നോമിനേഷൻ കരസ്ഥാമാക്കിയ നിക്കോൾ കിഡ്മാൻ ' ദ അവേഴ്സ് ' ( The Hours ) എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. ബാറ്റ്മാൻ ഫോറെവർ, ലയൺ, റാബിറ്റ് ഹോൾ, ദ അദേഴ്സ്, ഓസ്ട്രേലിയ, ദ ഇന്റർപ്രിറ്റർ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ നിക്കോൾ കിഡ്മാന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.
കേറ്റ് വിൻസ്ലെറ്റ്ശ്രദ്ധേയ ചിത്രം : ടൈറ്റാനിക്
അനശ്വര പ്രണയകാവ്യമായ ' ടൈറ്റാനികി"ലെ റോസ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലോകത്തിന്റെ മുഴുവൻ ഇഷ്ടതാരമാവുകയും പിന്നീട് റോസിനേക്കാൾ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളിലൂടെ അത്ഭുതപ്പെടുത്തുകയും ചെയ്ത കേറ്റ് വിൻസ്ലെറ്റ് ഏവർക്കും സുപരിചിതയാണ്. ഏഴ് തവണ ഓസ്കാർ നോമിനേഷൻ നേടുകയും ജർമനിയിലെ നാസികാലഘട്ടത്തെ പശ്ചാത്തലമാക്കിയുള്ള ' ദ റീഡർ "എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ഓസ്കാർ പുരസ്കാരത്തിന് അർഹയാവുകയും ചെയ്തു. ' എറ്റേണൽ സൺഷൈൻ ഒഫ് ദ സ്പോട്ട്ലെസ് മൈൻഡ് " പോലുള്ള ചിത്രങ്ങളിലൂടെ അഭിനയത്തിലെ തന്റെ അപാര കഴിവുകൾ പ്രകടമാക്കാൻ കേറ്റിന് കഴിഞ്ഞു.
വിവിയൻ ലീശ്രദ്ധേയ ചിത്രം :ഗോൺ വിത്ത് ദ വിൻഡ്
തീഷ്ണമായ നോട്ടവും കഥാപാത്രത്തെ ആവാഹിച്ചുകൊണ്ട് മുഖത്ത് മിന്നിമറിയുന്ന ഭാവങ്ങളാലും ക്ലാസിക് ഹോളിവുഡിന്റെ പ്രിയങ്കരിയായി മാറിയ നടി. വിവിയൻ ലീയെ പറ്റി പറയുമ്പോൾ ഗോൺ വിത്ത് ദ വിൻഡിലെ സ്കാലറ്റിനെ മാത്രമല്ല ഓർമവരിക. ' എ സ്ട്രീറ്റ്കാർ നെയിംഡ് ഡിസൈർ ' എന്ന ചിത്രത്തേയും ഒഴിവാക്കാനാകില്ല. ഈ രണ്ട് ചിത്രങ്ങളിലൂടെ രണ്ട് തവണ മികച്ച നടിയ്ക്കുള്ള ഓസ്കാർ വിവിയൻ സ്വന്തമാക്കി. എ സ്ട്രീറ്റ്കാർ നെയിംഡ് ഡിസൈറിന് ശേഷം മൂന്ന് ചിത്രങ്ങൾ മാത്രമാണ് വിവിയന്റേതായി പുറത്തിറങ്ങിയത്. 1967ൽ 53ാം വയസിൽ ക്ഷയരോഗത്തെ തുടർന്ന്, ഏതാനും കുറച്ച് സിനിമകളിലാണെങ്കിൽ പോലും മറക്കാനാകാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച് വിവിയൻ ലോകത്ത് നിന്ന് വിടപറയുകയായിരുന്നു.
സ്കാർലെറ്റ് ജൊഹാൻസൺശ്രദ്ധേയ ചിത്രം : മാര്യേജ് സ്റ്റോറി
ലോകത്ത് നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിമാരിൽ ഒരാൾ. സ്കാർലെറ്റിനെ പോലെ തന്നെ അവരുടെ സിനിമകളും ബോക്സ്ഓഫീസിൽ തരംഗമാണ്. ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ, ഗേൾ വിത്ത് എ പേൾ ഇയറിംഗ് തുടങ്ങി പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങൾ ഏറെയാണ്. കഴിഞ്ഞ വർഷം ജോജോ റാബിറ്റ്, മാര്യേജ് സ്റ്റോറി എന്നീ ചിത്രങ്ങളിൽ നിന്നും രണ്ട് ഓസ്കാർ നോമിനേഷനുകൾ സ്കാർലെറ്റിന് ലഭിച്ചിരുന്നു. മാർവൽ കഥാപാത്രമായ ബ്ലാക്ക് വിഡോയിലൂടെ നിരവധി ആരാധകരാണ് സ്കാർലറ്റിന് ലോകമെമ്പാടുമുള്ളത്.
ജൂലിയ റോബർട്ട്സ്ശ്രദ്ധേയ ചിത്രം: പ്രെറ്റി വുമൺ
മനോഹരമായ ചിരിയിലൂടെ ആരാധകരെ കൈയ്യിലെടുത്ത നായിക. റിച്ചാർഡ് ഗരെയ്ക്കൊപ്പം അഭിനയിച്ച പ്രെറ്റി വുമൺ എന്ന ചിത്രമാണ് ജൂലിയയുടെ കരിയറിലെ വഴിത്തിരിവായത്. നാല് തവണ വഴുതി പോയ ഓസ്കാറിനെ
'എറിൻ ബ്രോക്കോവിച്ച് " എന്ന ചിത്രത്തിലൂടെ കൈപ്പിടിയിലൊതുക്കി. റണ്ണവേ ബ്രൈഡ്, ഓഷൻസ് ട്വൽവ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിൽ അഭിനയിച്ച ജൂലിയ ലോകത്തെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.
മെറിൽ സ്ട്രീപ്ശ്രദ്ധേയ ചിത്രം : ദ അയൺ ലേഡി
അഭിനയമികവും അവാർഡുകളുടെ എണ്ണവും അളക്കാൻ ശ്രമിച്ചാൽ ഒരു പക്ഷേ, മെറിൽ സ്ട്രീപിനോട് കടുത്ത മത്സരം നേരിടേണ്ടി വരും സമകാലിക നടിമാർക്കെല്ലാം. കാരണം, 21 നോമിനേഷനുകൾ നേടിയാണ് തന്റെ കരിയറിനെ മെറിൽ ഓസ്കാർ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റിയത്. ക്രേമർ v/s ക്രേമർ, സോഫീസ് ചോയിസ്, ദ അയൺ ലേഡി എന്നീ ചിത്രങ്ങളുടെ അഭിനയത്തിന് പുരസ്കാരം ലഭിച്ചു. ഇംഗ്ലണ്ടിന്റെ ഉരുക്കുവനിത മാർഗ്രറ്റ് താച്ചറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ദ അയൺ ലേഡി. മെറിലിന്റെ കരിയറിലെ ഏറ്റവും മഹത്തായ കഥാപാത്രങ്ങളിലൊന്നായി ഇതിനെ വിശേഷിപ്പിക്കുന്നു. സോഫീസ് ചോയിസിന് ശേഷം നീണ്ട 29 വർഷത്തിന് ശേഷമാണ് മെറിൽ അയൺ ലേഡിയിലൂടെ ഓസ്കാർ സ്വന്തമാക്കിയത്. എ ക്രൈ ഇൻ ദ ഡാർക്, ഡെത്ത് ബികംസ് ഹർ, മാമാ മിയ, ദ ബ്രിഡ്ജസ് ഒഫ് മാഡിസൺ കൗണ്ടി തുടങ്ങി മെറിലിന്റെ അസാമാന്യ പ്രകടനം കാണാൻ സാധിച്ച ചിത്രങ്ങൾ ഒട്ടനവധിയാണ്. ഇന്ന് ജീവിച്ചിരിക്കുന്നതിലെ ഇതിഹാസ നടിയായാണ് മെറിലിനെ നിരൂപകർ വിശേഷിപ്പിക്കുന്നത്.
ആഞ്ജലീന ജോളിശ്രദ്ധേയ ചിത്രം:ലാറാ ക്രോഫ്റ്റ്: ടോമ്പ് റേഡർ
മികച്ച നടി എന്നതിലുപരി ലോകസിനിമയിൽ ഏറ്റവും ശക്തവും സ്വാധീനവുമുള്ള വ്യക്തികളിലൊന്നാണ് ഹോളിവുഡിന്റെ മുൻനിര നടിമാരിൽ ഒരാളായ ആഞ്ജലീന ജോളി. ബാലതാരമായി സിനിമയിലെത്തിയ ആഞ്ജലീന ലാറാ ക്രോഫ്റ്റ്: ടോമ്പ് റേഡർ എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്ര ശ്രദ്ധപിടിച്ചു പറ്റി. അഭിനയത്തിനൊപ്പം നിർമാണം, സംവിധാനം എന്നീ മേഖലകളിലേക്ക് കഴിവ് പ്രകടമാക്കിയതിനൊപ്പം വിദ്യാഭ്യാസം, സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമായി നല്ലൊരു മനുഷ്യാവകാശ പ്രവർത്തക കൂടിയാണെന്ന് തെളിയിക്കുകയും ചെയ്തു. ' ഗേൾ, ഇന്ററപ്റ്റേഡ് ' എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയ്ക്കുള്ള ഓസ്കാർ സ്വന്തമാക്കി. വിഖ്യാത നടൻ ക്ലിന്റ് ഈസ്റ്റ്വുഡ് സംവിധാനം ചെയ്ത ചേഞ്ച്ലിംഗ് എന്ന ചിത്രത്തിലെ അഭിനയത്തിന് ആഞ്ജലീനയ്ക്ക് മികച്ച നടിക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചിരുന്നു. നടൻ ബ്രാഡ് പിറ്റുമായുള്ള വിവാഹവും വേർപിരിയലുമുൾപ്പെടെ ഗോസിപ്പുകളിലും ആഞ്ജലീന നിറഞ്ഞുനിന്നു.