
ദൃശ്യം 2ലെ ഒരേ പകൽ എന്ന പാട്ടിലൂടെ തരംഗമുയർത്തുന്ന ഗായിക സൊനോബിയ സഫറിന്റെ വിശേഷങ്ങൾ
പ്രകാശത്തിന്റെ ഗ്രീക്ക് ദേവതയാണ് സിയൂസ്. സിയൂസിന്റെ സേനയെന്നാണ് സൊനാബിയ എന്ന വാക്കിനർത്ഥം. സൊനാബിയയെന്ന പേരിൽ സിറിയയിൽ പണ്ടൊരു രാജ്ഞിയുമുണ്ടായിരുന്നു.ഏതോ മാഗസിനിൽ സെനോബിയ എന്ന പേര് കണ്ട മുത്തശ്ശി തന്റെ ചെറുമകൾക്ക് ആ പേര് സമ്മാനിച്ചു.
മോഹൻലാൽ - ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2 ലെ ഒരേ പകൽ എന്ന ഗാനം റിലീസായ നാൾ മുതൽ സംഗീതപ്രേമികൾ ആ പാട്ട് പാടിയ ആളെ തേടുകയാണ്; സൊനോബിയ സഫർ.
'സൊനോബിയ എന്ന പേര് എനിക്ക് ഒരുപാടിഷ്ടമാണ്. പേരു പറയുമ്പോൾ ആരും ഒരിക്കൽക്കൂടി ചോദിക്കും, പേരിനെക്കുറിച്ച്..."
ഒറ്റ പകൽ കൊണ്ട് 'ഒരേ.. പകൽ" സൂപ്പർഹിറ്റായതിന്റെ ത്രില്ലിലാണ് സൊനോബിയ സഫർ എന്ന യുവ ഗായിക.
ഡോക്ടർമാരുടെ കുടുംബത്തിൽ നിന്ന് താനൊരാൾ മാത്രമാണ് ഗായിക ആയതെന്ന് ആമുഖമായി സൊനോബിയ പറയുന്നു.
''ഐ.ഐ.ടിയിലൊക്കെ പഠിച്ച കുട്ടി പാട്ടിന്റെ പിന്നാലെ പോണോയെന്ന ആശങ്ക വീട്ടുകാർക്കുണ്ടായിരുന്നു."
ക്യൂൻ എന്ന സിനിമയിലാണ് ആദ്യം പാടിയത്. ജേക്ക്സ് ബിജോയിയുടെ സംഗീതത്തിൽ അദ്ദേഹത്തിനും ബെന്നി ദായലിനും സിയ ഉൾഹഖിനും കവിതഗോപിക്കുമൊപ്പമാണ് പാടിയത്. ഒരു കരീബിയൻ ഉഡായിപ്പാണ് മറ്റൊരു സിനിമ. ഗായിക അരുന്ധതി മാമിന്റെ മകൾ ചാരുഹരിഹരനാണ് ആ സിനിമയുടെ മ്യൂസിക് ഡയറക്ടർ.
കൈലാസ് മേനോന്റെ സംഗീതത്തിൽ 11 ഡേയ്സ് എന്ന അറബിക് സിനിമയിൽ ഒരു ഇംഗ്ളീഷ് പാട്ടും പാടിയിട്ടുണ്ട്. ലുലു ഗ്രൂപ്പിന്റെ പരസ്യങ്ങളൊക്കെ ചെയ്യുന്ന സുധീർ കൊണ്ടേരിയായിരുന്നു അറബിക് സിനിമയുടെ ഡയറക്ടർ.
ശരിക്കും ഞാൻ ഒരു വോയ്സ് ഓവർ ആർട്ടിസ്റ്റാണ്. മലബാർ ഗോൾഡ്, ജോയ് ആലുക്കാസ്, ഭീമ തുടങ്ങിയ കുറേ ബ്രാൻഡുകളുടെ പരസ്യങ്ങൾക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. ജിംഗിൾസും പാടിയിട്ടുണ്ട്. അങ്ങനെ കുറേ പരസ്യചിത്ര സംവിധായകരുമായി പരിചയപ്പെട്ടു. അവരിൽ നിന്നാണ് ദൃശ്യം 2ന്റെ സംഗീത സംവിധായകൻ അനിൽ ജോൺസണിന്റെ നമ്പർ കിട്ടിയത്. ഒരു ദിവസം ഞാൻ അനിൽ ജോൺസണെ വിളിച്ചു. പിന്നീട് ഞാൻ പാടിയ പാട്ടുകളുടെയും മറ്റും ഡെമോ അയച്ചുകൊടുത്തു.

ദൃശ്യം 2ന്റെ മ്യൂസിക് അവർ ചെയ്തു തുടങ്ങിയ സമയത്താണ് ഞാൻ വിളിച്ചത്. അവർ ഒരു പുതിയ ശബ്ദം തേടിക്കൊണ്ടിരിക്കുന്ന സമയവുമായിരുന്നു. ഞാനയച്ച് കൊടുത്ത പാട്ടുകൾ കേട്ട് അനിൽ ജോൺസണ് എന്റെ ശബ്ദം ഇഷ്ടമായി.
നവംബറിൽ കൊച്ചിയിൽ വച്ചായിരുന്നു റെക്കോർഡിംഗ്. ഏതാണ്ട് ഒരു ദിവസം മുഴുവനെടുത്തു ആ പാട്ട് റെക്കാഡ് ചെയ്ത് തീർക്കാൻ. കേൾക്കാൻ സിംപിളായ ഒരു പാട്ടായി തോന്നുമെ ങ്കിലും അങ്ങനെയല്ല. ഒരുപാട് കോംപ്ളിക്കേഷൻസ് അതിലുണ്ട്.
പാടി തുടങ്ങി കുറേ റീ ടേക്ക് പോയപ്പോൾ എനിക്കൊരു ആത്മവിശ്വാസമില്ലായ്മ തോന്നിയിരുന്നു. ഇടയ്ക്ക് സംവിധായകൻ ജീത്തു ജോസഫും സ്റ്റുഡിയോയിൽ വന്നു.
''കുഴപ്പമൊന്നുമില്ല. ഇയാള് തന്നെ പാടിയിട്ടു പോയാൽ മതി. ഞങ്ങൾക്ക് നിങ്ങളുടെ ശബ്ദം ഇഷ്ടപ്പെട്ടു. എത്ര ദിവസമെടുത്താലും ഇവിടുന്ന് തീർത്തിട്ട് പോയാൽ മതി"യെന്ന് ജീത്തു ജോസഫ് പറഞ്ഞപ്പോൾ ഒരു ആത്മവിശ്വാസം തോന്നി. അവർക്കെന്നിൽ വിശ്വാസമുണ്ടെങ്കിൽ പിന്നെ എന്നെ ഞാൻ തന്നെ വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ലല്ലോ.
പാട്ട് കേട്ടപ്പോൾ എല്ലാവർക്കും ഇഷ്ടമായി. വ്യത്യസ്തതയുള്ള പാട്ടാണ്, ഒരു എക്സോട്ടിക്ക് ഫീലുണ്ടെന്നൊക്കെ എല്ലാവരും പറഞ്ഞു. റഫ് മിക്സ് കേട്ടപ്പോൾത്തന്നെ ഇഷ്ടമായി, നന്നായി വന്നിട്ടുണ്ടെന്ന് ലാലേട്ടൻ പറഞ്ഞിരുന്നു.
ബോളിവുഡിൽ ജോനിതഗാന്ധിയെന്ന ഒരു ഗായികയുണ്ട്. എനിക്കേറ്റവും ഇഷ്ടമുള്ള ഗായികമാരിലൊരാൾ. ഏത് തരം പാട്ടുകളും അവർ ഒന്നാന്തരമായി പാടും. ഇമോഷണൽ പാട്ടുകളായാലും ഫാസ്റ്റ് നമ്പരുകളായാലും. പോപ്പ് ഗായികയായ അഡലിന്റെ ശബ്ദത്തിന്റെയും ആരാധികയാണ് ഞാൻ. കോളേജിൽ പഠിക്കുമ്പോൾ ഞാൻ അഡലിന്റെ കുറേ പാട്ടുകൾ പാടിയിട്ടുണ്ട്.
കോഴിക്കോട് എൻ.ഐ.ടിയിലണ് ബി.ടെക് ചെയ്തത്. എം.ബി.എ ചെയ്തത് ഇൻഡോറിലാണ്. അത് കഴിഞ്ഞ് തിരുവനന്തപുരത്ത് ടെക്നോപാർക്കിൽ ആറ് വർഷം ജോലി ചെയ്തു. കഴിഞ്ഞ വർഷമാണ് ജോലി വിട്ടത്. ജോലി ചെയ്തിരുന്നപ്പോൾത്തന്നെ വോയ്സ് ഓവറൊക്കെ ചെയ്തിരുന്നു. സംഗീതത്തിൽ കുറേക്കൂടി ശ്രദ്ധിക്കണമെന്ന് തോന്നിയപ്പോഴാണ് ജോലി ഉപേക്ഷിച്ചത്.
കുടുംബ വിശേഷം
ബാപ്പ സഫറുള്ളഖാൻ. യു.എ.ഇയിൽ ഡോക്ടറാണ്. എന്റെ ഫാമിലിയിൽ മിക്കവരും ഡോക്ടർമാരാണ്. ഞാൻ പഠിച്ചതും വളർന്നതുമക്കൊ ഗൾഫിലാണ്. പത്താം ക്ളാസ് കഴിഞ്ഞ് നാട്ടിലേക്ക് വന്നു. ഉമ്മ സുരയ്യ. ചേട്ടൻ ആസിഫ് സഫറുള്ള അമേരിക്കയിൽ ഡോക്ടറാണ്. ചേട്ടന്റെ ഭാര്യ അയിഷയും ഡോക്ടർ. ഭർത്താവ് നവീൻ ജാസ്മിൻ തിരുവനന്തപുരത്ത് പി.ആർ.എസ് ആശുപത്രിയിലെ ഐ.സി.യു ചീഫാണ്. രണ്ട് മക്കൾ. മൂത്തമകൻ റെയാൻ അഞ്ച് വയസ്. ഇളയ മകൾ ഐറ രണ്ടര വയസ്. തിരുവനന്തപുരത്ത് മണക്കാടാണ് താമസം.