
ധർമ്മജൻ ബോൾഗാട്ടി രാഷ്ട്രീയം പറയുന്നു...
കോൺഗ്രസ് കുടുംബത്തിൽ ജനിച്ച് കോൺഗ്രസുകാരനായി വളർന്ന് കോൺഗ്രസുകാരനായി ജീവിക്കുന്ന അടിയുറച്ച കോൺഗ്രസ ് പ്രവർത്തകനാണ് ധർമ്മജൻ ബോൾഗാട്ടി.ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ധർമ്മജൻ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും വിലയിരുത്തലുകളും ധർമ്മജൻ തുറന്ന് പറയുന്നു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മജൻ ബാലുശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്ത സത്യമാണോ?
അല്ല. മത്സരിക്കണമെന്ന് പാർട്ടി എന്നോട് പറഞ്ഞിട്ടുമില്ല. ഞാനങ്ങോട്ട് ചോദിച്ചിട്ടുമില്ല. ബാലുശ്ശേരിയിലെ സുഹൃത്തുക്കളുടെ ക്ഷണപ്രകാരം ഞാൻ ചില പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. അങ്ങനെ ചിലർ സൃഷ്ടിച്ചെടുത്ത വാർത്തയാണ് ഞാൻ അവിടെ മത്സരിക്കുന്നുവെന്നത്. മത്സരിച്ചാലും ഇല്ലെങ്കിലും പതിവുപോലെ തിരഞ്ഞെടുപ്പ്പ്രചാരണത്തിന് സജീവമായുണ്ടാകും.
പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ മത്സരിക്കുമോ?
മത്സരിക്കാൻ തയ്യാറാണെന്ന്ഞാൻ ഒരുപാട് തവണ പറഞ്ഞുകഴിഞ്ഞു.
സ്വന്തം രാഷ്ട്രീയം വെളിപ്പെടുത്താൻ ഭയന്നിരുന്ന, അല്ലെങ്കിൽ മടിച്ചിരുന്ന കലാകാരന്മാർ പലരും ഇപ്പോൾ അത് തുറന്നുപറയാൻ ധൈര്യപ്പെടുന്നത് എന്തുകൊണ്ടായിരിക്കും?
അതിന്റെ ഒരു കാരണക്കാരൻ ഞാനായിരിക്കാം. കേരളത്തിന്റെ പോക്ക് എപ്പോഴും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എന്ന മട്ടിലാണ്. ഇനി വരേണ്ടത് റൈറ്റാണ്. എന്നാലേ ഇവിടെയെല്ലാം റൈറ്റ് ആകൂ.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്നയാളാണ്
ധർമ്മജൻ?
അതെ. യൂത്ത് കോൺഗ്രസിന്റെ മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു. സേവാദളിലുണ്ടായിരുന്നു. സെന്റ് ആൽബർട്ട്സ് കോളേജിൽ പഠിച്ചിരുന്ന കാലത്ത് കെ.എസ്.യുവിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു.
എന്റെ അച്ഛൻ വി.സി. കുമാരൻ പത്ത് മുപ്പത്വർഷക്കാലം കോൺഗ്രസിന്റെ മണ്ഡലം ഭാരവാഹിയായിരുന്നു. ചേട്ടൻ വി.കെ. ബാഹുലേയൻ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം ഭാരവാഹിയായിരുന്നു. ഞങ്ങളുടേത് ഒരു കോൺഗ്രസ് കുടുംബമാണ്.

ധർമ്മജന്റെരാഷ്ട്രീയത്തോടുള്ള ഭാര്യയുടെ നിലപാട് എന്താണ്?
അവർക്ക് രാഷ്ട്രീയമറിയില്ല. എന്താണെങ്കിലും ഒരു മോശം കാര്യത്തിന് ഞാൻ എടുത്ത് ചാടില്ലെന്ന്അവർക്കറിയാം. രാഷ്ട്രീയത്തിലേക്ക് വന്നാൽ പകുതിപ്പേർ ശത്രുക്കളാകില്ലേയെന്ന് ഭാര്യ എന്നോട് ചോദിച്ചു. സ്വാഭാവികമായിട്ടും ഞാനൊരു ചേരിയിൽ നിൽക്കുമ്പോൾ എതിർ ചേരിയിലുള്ളവർക്ക് ഞാൻ ശത്രുവായിരിക്കും. പക്ഷേ അവർക്ക് മനസിലാകും ഞാൻ അവരുടെ ശത്രുവല്ലായെന്ന്. ഇലക്ഷനിൽ മത്സരിക്കുകയോ മത്സരിച്ച് ജയിക്കുകയോ ചെയ്താലുള്ള കാര്യമാണ് ഞാൻ പറയുന്നത്. ഞാനൊരു കോൺഗ്രസുകാരനാണെന്ന് പറയുമ്പോൾ എന്നെ ശത്രുവായി കാണുകയും എന്നെ ട്രോൾ ചെയ്യുകയും ചെയ്യുന്ന ഒരുപാട് പേരുണ്ടാവും. പക്ഷേ ഞാനതൊന്നും കാര്യമാക്കുന്നില്ല. രാജാവ് നഗ്നനാണെന്ന് പറയാൻ ആരെങ്കിലും തന്റേടം കാണിച്ചാലല്ലേ ആ രാജാവ് നന്നാകുകയുള്ളൂ!
എറണാകുളത്ത്നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സലംകുമാറിനെ ഒഴിവാക്കിയത് വിവാദമായല്ലോ?
എറണാകുളത്ത് നടന്നത് സി.പി.എം മേളയാണെന്ന് സലിംകുമാർ തന്നെ പറഞ്ഞിരുന്നല്ലോ. അതിൽ കൂടുതലൊന്നും എനിക്ക് അതിനെക്കുറിച്ച പറയാനില്ല. ദേശീയ അവാർഡ് ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ നേടിയ എറണാകുളം ജില്ലക്കാരനായ നമ്മളെല്ലാം ഏറെ ബഹുമാനിക്കുന്ന സലിംകുമാറിനെപ്പോലൊരാൾ എറണാകുളത്ത് നടന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ വന്നാൽ അവർക്കെന്താണ് പ്രശ്നം?
പ്രായക്കൂടുൽ കാരണമാണ് സലിംകുമാറിനെ ഒഴിവാക്കിയതെന്നായിരുന്നു സംഘാടകർ പറഞ്ഞ ന്യായം?
അതൊരു മുടന്തൻ ന്യായമാണ്. സലിമേട്ടനെക്കാൾ പ്രായക്കൂടുതലുള്ള എത്രയോ ആളുകൾ ആ വേദിയിലുണ്ടായിരുന്നു. ആർക്കൊക്കെയോ സലിമേട്ടൻ ആ വേദിയിൽ വരാൻ പാടില്ലെന്ന നിർബന്ധമുണ്ടായിരുന്നു. അവരത് നേരത്തേ തീരുമാനിച്ചിരുന്നതാണ്. അവർ ആ തീരുമാനം നടപ്പിലാക്കുകയും ചെയ്തു. സലിമേട്ടൻ സ്വാഭാവികമായും പ്രതികരിക്കുന്നയാളായതിനാൽ പ്രതികരിക്കുകയും ചെയ്തു. അദ്ദേഹം ചോദിച്ചത് ന്യായമല്ലേ.
മലയാളത്തിലെ സിനിമാ പ്രവർത്തകരിലേറെയും ഇടത് പക്ഷാഭിമുഖ്യമുള്ളവരല്ലേ?
അത് വെറുതേ പറയുന്നതാണ്. ഇടത് ചായ്വുള്ളവരാണ് കൂടുതലുമെന്ന് പറയുന്നത് അവരത് തുറന്ന് പറയുന്നത് കൊണ്ടാണ്. ശരിക്കും മലയാളത്തിലെ സിനിമാ പ്രവർത്തകരുടെ രാഷ്ട്രീയമറിയാൻ ഒരു സർവേ നടത്തിയാൽ വലതുപക്ഷാഭിമുഖ്യമുള്ളവരായിരിക്കും കൂടുതലെന്ന് ബോദ്ധ്യമാകും. വലത് പക്ഷാഭിമുഖ്യമുള്ള കലാകാരന്മാർ കൂടുതലും അത് തുറന്ന്പറയാത്തത് പേടിച്ചിട്ടായിരിക്കാം. ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയോ സംരക്ഷണമോയുണ്ടാകില്ലെന്ന പേടി.
മാതൃകയാക്കാനാഗ്രഹിക്കുന്ന രാഷ്ട്രീയ നേതാക്കൾ ആരൊക്കെയാണ്?
ഉമ്മൻചാണ്ടി സാറും രമേശ് ചെന്നിത്തല സാറും എനിക്ക് ഏറെ അടുപ്പവും ഇഷ്ടവുമുള്ള നേതാക്കളാണ്. പക്ഷേ അവരൊക്കാളൊക്കെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവായിരുന്നു ലീഡർ കെ. കരുണാകരൻ സാർ. ലീഡറിനൊപ്പം എനിക്ക് നായനാർ സഖാവിനെയും ഇഷ്ടമായിരുന്നു.കെ.സി. വേണുഗോപാലും പി.സി. ചാക്കോയുമടക്കം കോൺഗ്രസിന്റെസമുന്നതരായ നേതാക്കളെയെല്ലാം ഇഷ്ടമായിരുന്നു. ഇപ്പോൾ ഷാഫി പറമ്പിലിനോടും ഹൈബി ഈഡനോടുമൊക്കെ ആരാധനയോടെയുള്ള ഇഷ്ടമുണ്ട്.

വ്യക്തിപരമായി അടുപ്പമുള്ള നേതാക്കൾ ആരൊക്കെയാണ്?
എറണാകുളത്തുകാരനായത് കൊണ്ട് ഹൈബിയോടും വി.ഡി. സതീശൻ എം.എൽ.എയോടുമൊക്കെ നല്ല അടുപ്പമുണ്ട്. എം.പിയായ ബെന്നി ബഹനാൻ ചേട്ടനോടും എം.എൽ.എമാരായ റോജി ജോണിനോടും അൻവർ സാദത്തിനോടുമൊക്കെ അടുപ്പമുണ്ട്. ആലപ്പുഴയിലെ ഇടത് എം.പി ആരിഫിക്കയോടും നല്ല അടുപ്പമാണ്. ഒരു കലാകാരനെന്ന നിലയ്ക്ക് പല പരിപാടികൾക്കും അദ്ദേഹം എന്നെ വിളിക്കാറുണ്ട്. ഒരു കലാകാരനെന്ന നിലയ്ക്ക് ഞാൻ പോകാറുമുണ്ട്.
കേന്ദ്രത്തിൽ ഇനി എന്നാവും കോൺഗ്രസ് അധികാരത്തിലേക്ക് തിരിച്ച് വരുന്നത്?
എത്രയും പെട്ടെന്ന് ഇന്ത്യയുടെ ഭരണം കോൺഗ്രസിന്റെ കരങ്ങളിലേക്ക് എത്തിയില്ലെങ്കിൽ ഒരു വലിയ വിപത്തിലേക്കായിരിക്കും ഇന്ത്യയുടെ പോക്ക്. നമ്മുടേത് ഒരു മതേതര രാഷ്ട്രമാണ്. അതിനനുസരിച്ചുള്ള പ്രവർത്തന പാരമ്പര്യമുള്ള ഒരു രാഷ്ട്രീയ സംഘടനയാവണം ഇന്ത്യ ഭരിക്കേണ്ടത്. അതിന് സാധിച്ചില്ലെങ്കിൽ നമ്മുടെ രാജ്യം വലിയ പതനത്തിലേക്ക് വീഴും. മതേതര സർക്കാരുണ്ടാക്കാൻ കെല്പുള്ള ഒരു രാഷ്ട്രീയ പാർട്ടി ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാത്രമേയുള്ളൂ.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ത്യയുടെ ഭരണം തിരിച്ച് കിട്ടിയാൽ ആരാവും പ്രധാനമന്ത്രി?
അതൊക്കെ പിന്നീട് തീരുമാനിക്കേണ്ട കാര്യങ്ങളല്ലേ. സംസ്ഥാന തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ പോലും ആരായിരിക്കണം മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് തീരുമാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമായിരിക്കും മുഖ്യമന്ത്രിയെ നിശ്ചയിക്കുക. നമ്മളാരും വിചാരിക്കാത്ത ഒരു സമയത്തായിരുന്നു മൻമോഹൻ സിംഗ് ഇന്ത്യൻ പ്രധാനമന്ത്രിയായത്. സോണിയാഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും കൂടാതെ മലയാളികളടക്കം പ്രധാനമന്ത്രി പദത്തിലേക്ക്പരിഗണിക്കാവന്ന സമുന്നതരായ എത്രയോ നേതാക്കൾ കോൺഗ്രസിലുണ്ട്. ആരാകും പ്രധാനമന്ത്രി, ആരാകും മുഖ്യമന്ത്രിയെന്നൊക്കെ വഴിയേ തീരുമാനിക്കേണ്ട കാര്യങ്ങളാണ്.
എന്താണ്പുതിയ സിനിമാവിശേഷങ്ങൾ?
മരട്357 ആണ് ഉടൻ റിലീസാകാനുള്ളത്. അതിൽ എനിക്ക് സെൻട്രൽ ക്യാരക്ടറാണ്. ഒരുപാട് പ്രത്യേകതകളുള്ള ഒരു സീരിയസ് വേഷം. ഇനി അഭിനയിക്കാൻ പോകുന്ന സിനിമയുടെ ഷൂട്ടിംഗ് നേപ്പാളിലാണ്. കൃഷ്ണൻകുട്ടി പണി തുടങ്ങി, ഖാലിപേഴ്സ് ഒഫ് ദ ബില്യനേഴ്സ് എന്നീ സിനിമകൾ പൂർത്തിയായി കഴിഞ്ഞു.