
'ഒാപ്പറേഷൻ ജാവ"യുടെ വിജയം. പുതിയ  അതിഥിയുടെ വരവ്.  ആഹ്ളാദത്തിൽ  ബാലുവും  എലീനയും....
2020 ഫെബ്രുവരി 2. കൊച്ചിയിലെ ചേരനല്ലൂർ സെന്റ് ജെയിംസ് പള്ളി. ചലച്ചിത്രതാരം ബാലുവർഗീസിന്റെയും നടിയും മോഡലുമായ എലീന കാതറിന്റെയും വിവാഹം നടക്കുകയാണ്. ഇരുവരുടെയും പ്രണയ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ പ്രിയപ്പെട്ടവർ.ആഹ്ളാദം നിറഞ്ഞ നിമിഷങ്ങൾ. പതിവു ചിരിയിൽ ബാലു.'ചാന്തുപൊട്ട് "സിനിമയിൽ ബാലതാരമായി അഭിനയിക്കുമ്പോൾ മുതൽ നമ്മൾ ബാലുവിനെ കാണുന്നു. പിന്നീട് യുവനടന്റെ വിലാസം. ഇതിഹാസ, കിംഗ് ലയർ, ഹണി ബീ, ഒരു സെക്കന്റ് ക്ളാസ് യാത്ര,  പൂഴിക്കടകൻ, മൊഹബത്തിൻ കുഞ്ഞബ്ദുള്ള തുടങ്ങിയ സിനിമകൾ.
2021 ജനുവരി 4.ജീവിതത്തിലെ ഏറെ മധുരം ഉള്ളൊരു വിശേഷം പങ്കുവച്ച് ബാലുവും ഏലീനയും. ജീവിതത്തിന് കൂട്ടായി കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിൽ ഇരുവരും. മേയ് മാസത്തിൽ  ആ അതിഥി എത്തിച്ചേരും.ബാലു അഭിനയിച്ച 'ഒാപ്പറേഷൻ ജാവ" തിയേറ്ററുകളിൽ മികച്ച വിജയം നേടുന്നതിന്റെ ആഹ്ളാദം മറുവശത്ത്. ഫ്ളാഷ് മുവീസിനുവേണ്ടി ബാലുവും എലീനയും ഒത്തുച്ചേർന്നപ്പോൾ.
ബാലു : 2020 ഞങ്ങൾക്ക് മറക്കാൻ കഴിയില്ല. ആ പുതുവർഷദിനത്തിലാണ് പ്രണയം  എല്ലാവ രോടുമായി പങ്കുവയ്ക്കുന്നത്. കൊവിഡിന് മുമ്പേ കല്യാണം കഴിഞ്ഞത് ഭാഗ്യം. ഏറ്റവും അടുത്ത സുഹൃത്തിനെ തന്നെ ഭാര്യയായി ലഭിച്ചു.
എലീന : ഏറ്റവും അടുത്ത സുഹൃത്തിനെ ഭർത്താവായി ലഭിച്ചു. ലോക്ഡൗൺ വന്നതിനാൽ വീട്ടുകാർക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ കഴിഞ്ഞു. കൊവിഡിന്റെ ആശങ്ക എല്ലാവരെയും പോലെ ഞങ്ങൾക്കും ഉണ്ടായിരുന്നു.
ബാലു : ഹണിമൂൺ ട്രിപ്പ് പ്ളാൻ ചെയ്തിരുന്നില്ല. 'ഓപ്പറേഷൻ ജാവ"യുടെ ഷൂട്ട് നടക്കുന്ന സമയത്താണ് കല്യാണം. കല്യാണത്തിന്റെ തലേദിവസമാണ് ലൊക്കേഷനിൽനിന്ന് വരുന്നത്. ആറുദിവസത്തെ ബ്രേക്ക്.
എലീന : കല്യാണദിവസം രാത്രി കൂട്ടുകാർക്കൊപ്പം ട്രെയിനിൽ ഗോവ യാത്ര. വിദേശ യാത്രയാണ് പ്ളാൻ ചെയ്തിരുന്നത്.
ബാലു : കൊവിഡ് വിട്ടില്ല. അടുത്ത കൂട്ടുകാർ എല്ലാവരും ഉണ്ടായിരുന്നു  യാത്രയിൽ. അങ്ങനെയാണ് ഞങ്ങളുടെ ഹണിമൂൺ ആഘോഷം.സ്ഥലം നേരത്തേ നിശ്ചയിച്ചല്ല യാത്ര. കാർ യാത്രകൾ ഇഷ്ടമാണ്. ഇന്ത്യ മുഴുവൻ സഞ്ചരിക്കണമെന്ന് ആഗ്രഹമുണ്ട്.
എലീന : യാത്ര ചെയ്യാൻ ഞങ്ങൾ രണ്ടുപേർക്കും ഇഷ്ടമാണ്. ഇപ്പോഴത്തെ സാഹചര്യം മാറുമ്പോൾ യാത്ര പോവണം.
ബാലു : 'Tസുനാമി"യുടെ ലൊക്കേഷനിൽ ഞങ്ങൾ രണ്ടുപേരും ഒന്നിച്ചാണ് പോയത്. ലാൽ അങ്കിളും ജീൻ ചേട്ടനും ചേർന്ന് സംവിധാനം.ലോക സിനിമയുടെ ചരിത്രത്തിൽ ആദ്യമായി അച്ഛനും മകനും ചേർന്ന് സംവിധാനം .രസകരമായ ഷൂട്ട്. തമാശ പറഞ്ഞ് മുകേഷേട്ടനും ഇന്നസെന്റ് അങ്കിളും. ചിരിച്ചു ചിരിച്ച് വയ്യാണ്ടാകുമ്പോഴാണ് അഭിനയിക്കാൻ ലാൽ അങ്കിൾ വിളിക്കുന്നത്. കൊവിഡുകാരണം ഇടയ്ക്ക് ഷൂട്ട് നിറുത്തി. 'Tസുനാമി" പൂർണമായി കോമഡി സിനിമയാണ്. ഷൂട്ട് ദിവസങ്ങൾ ഏറെ ആസ്വദിച്ചു.
എലീന : ലൊക്കേഷനിലാണെന്ന് തോന്നിയില്ല. വീട്ടിലേക്ക് വരുന്നതുപോലെ.അത് പുതിയ അനുഭവം.
ബാലു : തിയേറ്റർ സിനിമ തന്നെയാണ്  'Tസുനാമി". എല്ലാവരെയും ചിരിപ്പിക്കുന്ന സിനിമ. വൈദികനാകാൻ ആഗ്രഹിക്കുകയും സാങ്കേതിക തടസങ്ങളാൽ കഴിയാതെ വരികയും ശേഷംബോബി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ്  'Tസുനാമി". ' Tസുനാമി"ക്ക് മുമ്പേ ചെയ്തതാണ് 'ഓപ്പറേഷൻ ജാവ". മികച്ച വിജയം നേടുന്നതിൽ ഏറെ സന്തോഷം. എല്ലാവരും സിനിമയെപ്പറ്റി സംസാരിക്കുന്നു. 'Tസുനാമി" ഇൗ മാസം എത്തും. 'സുമേഷ് ആന്റ് രമേഷ് "വരാൻ പോവുന്നു. ശ്രീനാഥ് ഭാസിയുണ്ട് ഒപ്പം.' ആനപ്പറമ്പിലെ വേൾഡ് കപ്പ് ' വരുന്നു.ഡിസംബറിൽ ദുബായ് യിലായിരുന്നു 'ജാൻ .എ. മന്നിന്റെ" ഷൂട്ട്.ഗണപതിയുടെ ചേട്ടൻ ചിദംബരം സംവിധായകൻ.
അച്ഛനാകുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ആദ്യം ഒന്നു നടുങ്ങി. സിനിമയിൽ കാണുന്നപോലെയായിരുന്നില്ല. ഒരു ഞെട്ടലിൽ കുറച്ച് നേരം നിന്നു. ഇപ്പോൾ ആകാംക്ഷയും സന്തോഷവും കൂടിക്കൂടി വരുന്നു.
എലീന : കുഞ്ഞ് വരുന്നതിനെക്കുറിച്ച് സംസാരങ്ങൾ തുടങ്ങി. എന്തൊക്കെ ചെയ്യണം അങ്ങനെ അങ്ങനെ. ആ സംസാരം മാത്രമേ ഇപ്പോൾ ഉള്ളൂ. ഏഴുമാസമായി. അനക്കം വച്ചു തുടങ്ങി.
ബാലു : പുറത്തുപോവുമ്പോൾ കുഞ്ഞിന് വേണ്ടിയുള്ള സാധനങ്ങൾ വാങ്ങുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് യാത്ര. വിവാഹശേഷം ജീവിതത്തിൽ മാറ്റം ഒന്നും സംഭവിച്ചില്ല. ഗേൾഫ്രണ്ട് ഭാര്യയായി എന്നതാണ് ആകെ ഉണ്ടായ മാറ്റം. ഒരു പദവി മാറ്റം.
എലീന : ബോയ്ഫ്രണ്ട് ഭർത്താവായി എന്നതാണ് മാറ്റം. ഇവിടെയും പദവി മാറ്റം മാത്രം. നേരത്തേമുതൽ തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്.
ബാലു : ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ. ഏറ്റവും വലിയ സന്തോഷം  ആൾ എന്റെ കൂടെത്തന്നെയുണ്ട് എന്നതാണ്. മാറുന്ന ആളുകളേയല്ല ഞങ്ങൾ.'ജാൻ.എ. മന്നിൽ" അഭിനയിക്കാൻ ദുബായിൽ എത്തി കുറച്ചുദിവസം കഴിഞ്ഞ് എലീനയും വന്നു. വിവാഹം കഴിഞ്ഞുള്ള എലീനയുടെ ആദ്യ പിറന്നാൾ ഞങ്ങൾ ഒന്നിച്ച് ആഘോഷിച്ചു.അടുത്ത പിറന്നാളിന് ഇൗ കുടുംബം വലുതാകും.
എലീന : ക്രിസ്മസിനാണ് എന്റെ പിറന്നാൾ.'ഹായ് ഐ ആം ടോണി"യുടെ പൂജയ്ക്ക് വന്നപ്പോഴാണ് ഞങ്ങൾ ആദ്യം കാണുന്നത്.
ബാലു : ആദ്യ കാഴ്ചയിൽത്തന്നെ പ്രണയം എന്ന സിനിമ പരിപാടിയൊന്നും ഉണ്ടായില്ല. പരിചയപ്പെട്ടു. സംസാരിച്ചപ്പോൾ എവിടെയാക്കെയോ ഞങ്ങൾ കണക്ടാകുന്ന ആളുകളാണെന്ന് തോന്നി. അങ്ങനെ ഇഷ്ടപ്പെട്ടു.
എലീന : ഒരുവർഷം കഴിഞ്ഞാണ് പ്രണയിച്ചു തുടങ്ങുന്നത്. പ്രണയം മുന്നോട്ടു പോയി.
ബാലു :വീട്ടിൽ സംസാരിച്ചപ്പോൾ അവർക്ക് സന്തോഷം. അമ്മയ്ക്ക് എലീനയെ അറിയാം.
'വിജയ് സൂപ്പറും പൗർണമിയിൽ "ഒരുമിച്ച് അഭിനയിച്ചു. നല്ല കഥാപാത്രം വന്നാൽ ഇനിയും അഭിനയിക്കും. കല്യാണം കഴിഞ്ഞ് ഇനി അഭിനയം വേണ്ട എന്നു പറയുന്ന  ഭർത്താവല്ല  ഞാൻ.
എലീന : ദുബായിൽനിന്ന് വന്നു ഏഴുദിവസംഹോം ക്വാറന്റൈൻ .പരിശോധന കഴിഞ്ഞപ്പോൾ നല്ല പോസിറ്റീവ് ന്യൂസ്.
ബാലു : രണ്ടുപേരും നെഗറ്റീവ്.