cup-cake

ഇന്നത്തെ കാലത്ത് ജോലി നേടുക എന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. യോജിച്ച ജോലി തിരഞ്ഞ് കണ്ടുപിടിക്കണം, ബയോഡാറ്റ തയ്യാറാക്കണം, അയക്കണം അതിന് ശേഷമുള്ള നീണ്ട കാത്തിരിപ്പ്. ഇന്റർവ്യൂ കാൾ ലെറ്റർ, ജോലിയിൽ ചേരുന്നതിനു മുമ്പുള്ള ചർച്ചകൾ, ഒടുവിൽ ശമ്പള ചർച്ച എന്നിങ്ങനെ പോകുന്നു നടപടിക്രമങ്ങൾ.

മേലധികാരിയുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്നതാണ് മേൽപ്പറഞ്ഞ നടപടിക്രമങ്ങളിൽ മുഖ്യം.

പലരും ബയോഡാറ്റ ആകർഷകമാക്കിയാണ് തൊഴിൽ ദാതാവിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്നത്. എന്നാൽ, അൽപ്പം വ്യത്യസ്തമായാണ് ഒരു ഉദ്യോഗാർത്ഥി ജോലിക്കായി അപേക്ഷിച്ചത്. നാല് കപ്പ് കേക്കുകൾ ഒരു ബോക്‌സിലാക്കി ബയോഡാറ്റയോടൊപ്പം വച്ചാണ് ഈ വിദ്വാൻ തൊഴിൽ ദാതാവിന് ജോലിക്കുള്ള അപേക്ഷ അയച്ചത്. മാധുര്യമൂറുന്ന ഒരു വാചകവും അപേക്ഷയ്ക്കൊപ്പം അയച്ചിരുന്നു, "താങ്കൾക്ക് ലഭിക്കുന്ന ഏറെക്കുറെ എല്ലാ ബയോഡാറ്റകളും ചവറ്റുകൊട്ടയിലാണ് എത്തിച്ചേരുക, എന്നാൽ, എന്റെ അപേക്ഷ താങ്കളുടെ വയറ്റിലാണ് ചെന്നത്തുക" എന്നാണയാൾ അപേക്ഷയ്ക്കൊപ്പം കുറിച്ചത്.

ഈ മാസം 21ന് റെഡ്‌ഡിറ്റിൽ പങ്കുവച്ച കപ്പ്കേക്ക് ബോക്‌സിലെ ബയോഡാറ്റയുടെ ചിത്രത്തിന് ഇതിനകം 65,700 അപ്പ് വോട്ടുകളും ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്. ഉദ്ദേശിച്ച ജോലി കിട്ടിയില്ലെങ്കിലും തൊഴിൽ ദാതാവ് തീർച്ചയായും ഈ ബയോഡാറ്റ ശ്രദ്ധിക്കും എന്ന് തീർത്തു പറയുന്നു. "വളരെയധികം നന്ദി. പക്ഷെ, ഇപ്പോഴും റിക്രൂട്ട്മെൻറ്റ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാതെ ജോലി ലഭിക്കില്ല," എന്നാണ് ഒരു റെഡിറ്റ് ഉപഭോക്താവ് കുറിച്ചത്. മറ്റൊരു വ്യക്തി മുൻപൊരിക്കൽ സംഭവിച്ച കാര്യം കുറിച്ചിട്ടുണ്ട്. ഒരു ബയോഡാറ്റയ്ക്കൊപ്പം തൊഴിൽ ദാതാവിന് ലഭിച്ചത് ഷൂ ആണ്, 'ഒപ്പം ജോലി സ്ഥലത്തേക്ക് ഞാൻ എന്റെ കാലുകൾ വയ്ക്കാൻ ആഗ്രഹിക്കുന്നു' എന്ന പോസ്റ്റും. "മാർക്കറ്റിംഗ് ജോലിയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് എങ്കിൽ തീർച്ചയായും, ഈ കേക്ക് അയച്ച വിദ്വാനെ ജോലിക്കെടുക്കണം", എന്നാണ് മറ്രൊരാൾ പ്രതികരിച്ചത്.