
അഭിനയയാത്രയിലെ ഏറ്റവും മികച്ച വർഷത്തിൽ ബിനു പപ്പു
കോഴിക്കോട് ക്രിസ്ത്യൻ കോളേജിൽ പഠിക്കുമ്പോൾ പൊലീസുകാരനാകാനായിരുന്നു ബിനു പപ്പുവിന് ആഗ്രഹം. കസബ സ്റ്റേഷനിൽ ജോലി ചെയ്യുന്നത് ഒരു സിനിമ പോലെ കണ്ടു. കോളേജ് പഠനം കഴിഞ്ഞപ്പോൾ പൊലീസുകാരനെ ആഗ്രഹത്തിന്റെ സർവീസ് ബുക്കിൽനിന്ന് എന്നന്നേക്കുമായി പുറത്താക്കി അനിമേഷൻ കോഴ്സിന് ചേർന്നു. വർഷങ്ങൾ കഴിഞ്ഞ് സിനിമയിലേക്ക് വന്നപ്പോൾ കാത്തിരുന്നതിലേറെയും പൊലീസ് വേഷം . ലോക് ഡൗണിനുശേഷം തിയേറ്ററുകളെ ഇളക്കിമറിച്ച ആദ്യ മലയാള ചിത്രം 'ഒാപ്പറേഷൻ ജാവ" യിൽ ബിനു പപ്പു തിളക്കവും ഏറെ കൈയടിയും വാങ്ങുന്നു. യൂണിഫോമില്ലാതെ മുഴുനീള പൊലീസ് വേഷത്തിൽ അഭിനയിക്കുന്ന ആദ്യ സിനിമയാണ് 'ഒാപ്പറേഷൻ ജാവ'.അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിജയ സിനിമ മാത്രമല്ല മികച്ച കഥാപാത്രമായി ജോയ് സാർ അന്വേഷണവഴിയിൽ മുന്നിൽ നിൽക്കുന്നു.ഏറെ വൈകാരികതലമുള്ള കഥാപാത്രം.
'ഒാപ്പറേഷൻ ജാവ"യിൽ പൊലീസ് വേഷം ചെയ്യാൻ വിളിച്ചപ്പോൾ വേണ്ട എന്നായിരുന്നു ബിനുവിന്റെ തീരുമാനം . യൂണിഫോമില്ലെന്ന് അപ്പോൾ സംവിധായകൻ തരുൺ മൂർത്തി. 'സഖാവിലാണ്" ആദ്യമായി മുഴുനീള വേഷത്തിൽ അഭിനയിക്കുന്നത്. ഫ്ളാഷ് ബാക്കിൽ പൊലീസ് യൂണിഫോമിൽ വരുന്നു. 'അമ്പിള"യിൽ സൗബിന്റെ അച്ഛൻ ഗണപതി.ആള് പട്ടാളക്കാരൻ. മമ്മൂട്ടിയുടെ 'പരോളിൽ" കാക്കി വേഷം. കഥാപാത്രം ഫോറസ്റ്റ് ഉദ്യോഗസ്ഥൻ. പുത്തൻ പണം, ഹെലൻ, കല വിപ്ളവം പ്രണയം എന്നീ സിനിമയിലും പൊലീസ്. ലൂസിഫറിൽ പൃഥ്വിരാജ് വിളിച്ചു. വകുപ്പ് മാറി. ജയിലറുടെ കാക്കി വേഷം.എട്ടു സിനിമയിൽ ബിനു പപ്പു പൊലീസ് വേഷത്തിൽ അഭിനയിച്ചു. സ്ഥിരം പൊലീസ് വേഷമാണല്ലോ എന്ന് കേട്ടു തുടങ്ങിയപ്പോൾ ക്ളീഷേയാകുമോയെന്ന് സ്വയം തോന്നി. എന്നാൽ തന്നെ തിരഞ്ഞുവിളിക്കുന്നതിന് കാരണം ഉണ്ടാകുമെന്ന് ഉറപ്പിച്ചു.സുരാജ് വെഞ്ഞാറമൂടിന്റെയും ധ്യാൻ ശ്രീനിവാസന്റെയും 'ഹി ഗ്വിറ്റ"യിൽ സി.ഐ.ടി.യു നേതാവിന്റെ വേഷം .'ഐസ് ഒരതി"യിൽ റേഷൻ കടക്കാരൻ.
കുഞ്ചാക്കോ ബോബന്റെ 'ഭീമന്റെ വഴി"യിലൂടെ ആദ്യമായി കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അച്ഛനെ കാണാൻ കിട്ടിയില്ല
'എന്താ നിന്റെ പരിപാടിയെന്ന് "പ്രീഡിഗ്രി കഴിഞ്ഞപ്പോൾ അച്ഛൻ ചോദിച്ചു.തേർഡ് ഗ്രൂപ്പ് എടുക്കണമെന്ന് ഞാൻ. തേർഡ് ഗ്രൂപ്പ് എടുത്താൽ എന്താകാൻ പറ്റുമെന്ന് അച്ഛൻ. ഒന്നേുകിൽ എൽ.എൽ.ബി, അല്ലെങ്കിൽ പൊലീസ്. രണ്ടിടത്തും പോയില്ല. വിശേഷദിവസങ്ങളിൽ ഒന്നും വീട്ടിൽ ഉണ്ടാവാറില്ല. പകരം അച്ഛന്റെ ഫോൺ വരും. പിറന്നാളിന് ഷർട്ട് വാങ്ങിയോ, പാന്റ്സ് വാങ്ങിയോ, സ്കൂളിൽ മിഠായി കൊടുത്തോ. ഇൗ ചോദ്യം മാത്രമാണ് വരിക. ഇളയ മകനായ എനിക്ക് അത് വലിയ വിഷമം തന്നു. കുട്ടിക്കാലത്ത് അച്ഛനെ ശരിക്കൊന്ന് കാണാൻ കിട്ടിയില്ല. മിക്ക ഒാണത്തിനും സദ്യ കഴിക്കാൻ ഇരിക്കുമ്പോഴാണ് അച്ഛന്റെ ഫോൺ വരിക. അച്ഛൻ വീട്ടിൽ വിരളമായേ ഉണ്ടാവാറുള്ളൂ.സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന മേഖലയാണ് സിനിമയെന്ന് തിരിച്ചറിഞ്ഞു.അതിനാൽ സിനിമയിൽ വരാൻ ഒരിക്കൽപ്പോലുംആഗ്രഹിച്ചില്ല. എന്നാൽ സിനിമ കാണാനും സിനിമാക്കാരെയും ഇഷ്ടമാണ്. പ്രീഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. ഡിഗ്രി പഠനം കഴിഞ്ഞ് ബംഗളൂരുവിൽ അനിമേഷൻ കോഴ്സിന് ചേർന്നു. പതിനേഴുവർഷം അനിമേറ്റർ.
അച്ഛൻ മരിച്ച് പതിമൂന്നുവർഷം കഴിഞ്ഞാണ് സിനിമയിൽ അഭിനയിക്കുന്നത്. എന്നാൽ അച്ഛന്റെ മകനായാണ് സിനിമയിൽ ആദ്യം അഭിനയിക്കുന്നത്. 'കൗശലം" സിനിമയുടെ ലൊക്കേഷനിൽ അച്ഛൻ കൊണ്ടുപോയതാണ്. അഭിനയിക്കേണ്ട കുട്ടി വന്നില്ല. അച്ഛൻ കയറിവരുമ്പോൾ ടിവി കാണുന്ന കുട്ടിയുടെ വേഷം അവതരിപ്പിച്ചു .'ഏയ് ഒാട്ടേ"യിൽ സംവിധാനം വേണുനാഗവള്ളി എന്ന പേര് തെളിയുമ്പോൾ ലാലേട്ടന്റെ ഓട്ടോറിക്ഷയിൽ ആദ്യം ഇറങ്ങുന്ന കുട്ടി ഞാനാണ്. 'ഏകലവ്യനിൽ" ഹോട്ടൽ സാഗരയുടെ മുന്നിൽ കരഞ്ഞു നിൽക്കുന്ന കുട്ടിയും ഞാനാണ്. അച്ഛന്റെ അക്ഷര തിയേറ്റേഴ്സിന്റെ നാടകത്തിൽ കോളേജ് അവധിക്കാലത്ത് അഭിനയിക്കാൻ പോവുമായിരുന്നു. അനിമേറ്ററുടെ ജോലി മെച്ചപ്പെടുത്താൻ സിനിമയുടെ ഫ്രെം അറിയുന്നത് നല്ലതാണെന്ന് അറിഞ്ഞപ്പോൾ സഹസംവിധായകനാകാൻ ആഗ്രഹം തോന്നി. 'താരങ്ങളുടെ മക്കളെല്ലാം സിനിമയിൽ," നീ എന്താ അഭിനയിക്കാത്തതെന്ന് "ആ സമയത്ത് കൂടുതലായി കേട്ടു . ഒന്ന് അഭിനയിച്ച് കുളമായാൽ എനിക്ക് ഇത് പറ്റിയ പണിയല്ലെന്ന് മറ്റുള്ളവർക്ക് ബോദ്ധ്യപ്പെടുമ്പോൾ ആ ചോദ്യം പിന്നെ ഉണ്ടാവില്ല,. ആ ധാരണയിൽ അഭിനയിക്കാൻ തീരുമാനിച്ചു. ഒരുപാട് താരങ്ങളുടെ മക്കൾ അഭിനയിച്ച 'ഗുണ്ട' ആണ് ആദ്യ സിനിമ. അപ്രതീക്ഷിതമായി ആഷിഖ് അബുവിന്റെ 'ഗ്യാങ്സ്റ്ററിൽ" അവസരം ലഭിച്ചു. ഷൂട്ട് കഴിഞ്ഞ് ഇറങ്ങുമ്പോൾ വിളിക്കാമെന്ന് ആഷിഖേട്ടൻ. ഒരുവർഷം കഴിഞ്ഞ് റാണി പത്മിനിയിൽ അഭിനയിക്കാൻ വിളിച്ചു. അടുത്ത സിനിമയിൽ അസിസ്റ്റ് ചെയ്തോട്ടെന്ന് പാക്കപ്പ് ദിവസം ചോദിച്ചു. മായാനദിയിൽ ആഷിഖേട്ടന്റെ ശിഷ്യൻ. ഗപ്പി, അമ്പിളി, വൈറസ്, ഹലാൽ ലൗവ് സ്റ്റോറി, വൺ എന്നീ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. സിനിമയിൽ എത്തി രണ്ടു വർഷം കഴിഞ്ഞപ്പോൾ ജോലി ഉപേക്ഷിച്ചു. ആഷിഖേട്ടന്റെ നാരദനിൽ പ്രീ പ്രൊഡക്ഷൻ ചെയ്യുമ്പോഴാണ് ഭീമന്റെ വഴിയിൽ അഭിനയിക്കാൻ വിളിക്കുന്നത്. കോമഡി ചെയ്തു ഗംഭീരമാക്കിയ ആളാണ് അച്ഛൻ. ഇപ്പോഴാണ് എനിക്ക് വിളി വന്നത് . മുഴുനീള കോമഡി ചിത്രമാണ് ഭീമന്റെ വഴി. കൃഷ്ണദാസ് എന്ന ഒാട്ടോ ഡ്രൈവറുടെ വേഷം. ടൊവിനോ തോമസ്- ഖാലിദ് റഹ്മാൻ ചിത്രം 'തല്ലുമാല"യിൽ ചീഫ് അസോസിയേറ്റ് ഡയറക്ടാറാണ് . ഇതിനുശേഷം പൂർണമായി അഭിനയ രംഗത്ത് തുടരാനാണ് തീരുമാനം.അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വർഷമാണിത്.
അച്ഛനെ മിസ് ചെയ്യുന്നില്ല
അച്ഛൻ വരുമ്പോൾ രണ്ട് അടി കിട്ടാൻ ഞാൻ കാത്തിരിക്കുമായിരുന്നു. എന്നാലേ ഷർട്ടും സൈക്കിളും വരൂ. ഞാൻ നല്ല കുസൃതിക്കാരനായിരുന്നു. ചേച്ചിയെ 'എടീ " എന്നല്ലാതെ അച്ഛൻ വിളിച്ചിട്ടില്ല.അത് സ് നേഹ വിളിയാണ്.
സിനിമയിലെ അച്ഛനല്ല ജീവിതത്തിൽ.തനി നാടൻ. കൈലിമുണ്ടുമടക്കി കുത്തി ഷർട്ട് ഇടാതെ തലയിൽ തോർത്തുകെട്ടി കുതിരവട്ടം ജംഗ്ഷനിൽ മീൻ വാങ്ങാൻ പോവും. അച് ഛൻ മരിച്ചിട്ട് ഇരുപത്തിയൊന്ന് വർഷം തികഞ്ഞു. സിനിമയിൽ അച്ഛൻ മരിക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. അച്ഛനെ മിസ് ചെയ്യുന്നില്ല. ഇപ്പോഴും ടിവിയിൽ അച്ഛനുണ്ട്. എന്റെ കുട്ടിക്കാലത്തും ഇങ്ങനെയായിരുന്നു. രാത്രി വൈകി എത്തുകയും പുലർച്ചെ ഞാൻ എഴുന്നേൽക്കും മുമ്പ് പോവുകയും ചെയ്യും. ആ സമയത്ത് അച്ഛന് മാത്രമല്ല, എല്ലാ സിനിമാതാരങ്ങൾക്കും തിരക്കാണ്. വീട്ടിൽനിന്ന് ലൊക്കേഷനിൽ പോയാൽ ഹോട്ടൽ മുറിയിൽ എത്തിയാൽ മാത്രമേ ഫോൺ ചെയ്യാൻ കഴിയൂ. ഷൊർണൂരിൽനിന്ന് കോഴിക്കോട് വഴി കണ്ണൂരേക്ക് പോകുമ്പോഴും വീട്ടിൽ കയറാൻ കഴിയില്ല. ഏഴുമാസം വരെ അച്ഛനെ കാണാതിരുന്നിട്ടുണ്ട്. സിനിമയിൽ ഉള്ളവർ എന്നെ പപ്പു എന്നാണ് വിളിക്കുന്നത്. ആ വിളി കേൾക്കുന്നത് സന്തോഷ മാണ്. മമ്മുക്കയുടെയും ലാലേട്ടന്റെയും അടുത്തുപോയി സംസാരിക്കുമ്പോൾ അവർക്ക് എന്നോട് വാത്സല്യമാണ്. ആ വാത്സല്യം അച്ഛനോടുള്ള സ്നേഹമാണെന്ന് അറിയാം.അച്ഛന്റെ സിനിമകളിൽ ആളുകൾക്ക് ഇഷ്ടം ദി കിംഗാണ്. എന്നാൽ എനിക്ക് ഇഷ്ടം ആൾക്കൂട്ടിൽ തനിയേ. തടാകം എന്നീ സിനിമകളാണ്. പിന്നെയും പിന്നെയും കാണാൻ ഇഷ്ടപ്പെടുന്നത് ധീം തരികിതോം, പൂച്ചയ്ക്കൊരു മൂക്കുത്തി, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങിയ സിനിമകൾ. പിന്നെ അച്ഛന്റെ താമരശേരി ചുരവും ചെറിയ സ്പാന്നറും ഇഷ്ടം. ദി കിംഗിന്റെ ക്ളൈമാക്സിൽ അച്ഛന്റെ അഭിനയം കണ്ട് കരഞ്ഞു. അച്ഛൻ അസാദ്ധ്യ നടനാണ്. സിനിമയിൽ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങിയ സമയത്താണ് അച്ഛന്റെ മരണം. 'അങ്ങാടി" സിനിമയിൽ അച്ഛൻ പാടിയ പാട്ടാണ് എല്ലാവരും ആദ്യം ഓർക്കുക. ക്ളൈമാസിൽ അഭിനയ തലം വരെ മാറുന്നു.'വാർത്ത"യിൽ ലാലേട്ടനൊപ്പമാണ് മുഴുനീള ഹ്യൂമർ കഥാപാത്രം ചെയ്തത്. ഏറെ വൈകാരികത നിറഞ്ഞ പാട്ട് സീൻ. ഒടുവിൽ ദാരുണ അന്ത്യം. ചിരിപ്പിച്ചവർ കരയുമ്പോൾ പ്രേക്ഷകരുടെ മനസ് വേദനിക്കും . 36 വർഷത്തെ അഭിനയ ജീവിതത്തിൽ 1300 ലേറെ സിനിമകളിൽ അഭിനയിച്ചു.'കണ്ണ് ഇടയ്ക്ക് എന്തിനാണ് ഉരുട്ടുന്നതെന്ന് " എന്റെ സിനിമ കണ്ട് അമ്മ ചോദിച്ചു. ഭാര്യ അഷിത അലക്സ് ആർക്കിടെക്ട് ആണ്.ഏഴുവർഷത്തെ പ്രണയം. ബംഗ്ളൂരുരിലാണ് താമസം. കോഴിക്കോടാണ് അഷിതയുടെയും നാട്. 'എന്താ ഇങ്ങനെ ശ്വാസം പിടിച്ചു നിൽക്കുന്നതെന്" ആദ്യ സിനിമകൾ കണ്ടപ്പോൾ അഷിതയും ചോദിച്ചു . അതിന് മറുപടിയായി 'ജാവ" കാണിക്കും.