
ഇരുന്നൂറ്റമ്പതിലേറെ ചലച്ചിത്രഗാനങ്ങളുടെയും ഇരുപതോളം തിരക്കഥകളുടെയും രചയിതാവ് ഷിബു ചക്രവർത്തിയുടെ വിശേഷങ്ങൾ
നടവഴിയിടകളിൽ നടുമുറ്റങ്ങളിൽ ഒരു കഥ നിറയുകയായ്. ഒരുപിടി അവിലിൻകഥ പോലവരുടെ പരിണയ കഥ പറഞ്ഞു പറയാതറിഞ്ഞവർ പരിഭവം പറഞ്ഞു.ധ്രുവത്തിലെ കറുക വയൽക്കുരുവി എന്ന ഇൗ പാട്ടിലെ വരികൾ ഷിബുചക്രവർത്തി എഴുതിയത് തന്റെ പ്രണയകാലത്താണ്.
ധ്രുവത്തിലെ പാട്ടുകളുടെ റെക്കോർഡിംഗ് കഴിഞ്ഞ് ഷിബുചക്രവർത്തി നേരെ പോയത് തന്റെ കാമുകിയായിരുന്ന ഷിജിയെ കല്യാണം കഴിക്കാനാണ്.
'ഇൗ പോക്കിൽ ഞാൻ ചിലപ്പോൾ ഒരു കല്യാണം കഴിച്ചേക്കും." ഉറ്റ സുഹൃത്തായ സംഗീത സംവിധായകൻ ഒൗസേപ്പച്ചനോട് മാത്രം ഷിബു ചക്രവർത്തി ആ രഹസ്യം പറഞ്ഞു. ധ്രുവത്തിന്റെ ടീമിലെ ആരോടും പറഞ്ഞുമില്ല.
പാട്ടിൽ ഷിബുചക്രവർത്തി എഴുതിവച്ച പോലെ പറയാതറിഞ്ഞവരൊക്കെ പരിഭവം പറയുകയും ചെയ്തു.
'എന്റെ അനിയത്തിയുടെ കൂട്ടുകാരിയായിരുന്നു ഷിജി. ഞങ്ങളുടെ വീട്ടിൽ സ്ഥിരമുണ്ടാവുമായിരുന്ന ഒരാൾ. കണ്ടുകണ്ട് ഇഷ്ടമായി. കല്യാണം കഴിക്കുകയും ചെയ്തു."
ധ്രുവത്തിലെ കറുകവയൽക്കുരുവി ഞങ്ങളുടെ ദേശീയ ഗാനമാണെന്ന് ഷിബുചക്രവർത്തി പറഞ്ഞപ്പോൾ കേട്ടിരുന്ന ഷിജിക്ക് ചിരിയടക്കാനായില്ല. മകൻ ശന്തനുവിനും.
ഷിജി എറണാകുളം വിജ്ഞാന നഗർ കെ.ജി. സ്കൂളിലെ പ്രിൻസിപ്പലാണ്. മകൾ മാളവിക യൂണിവേഴ്സിറ്റി ഒഫ് സൗത്ത് ആസ്ട്രേലിയയിൽ നിന്ന് ആർക്കിടെക്ടിൽ മാസ്റ്റർ ബിരുദം നേടി. ആസ്ട്രേലിയയിൽ ജോലി ചെയ്യുന്നു. ശന്തനുവും ആസ്ട്രേലിയയിൽ ആർക്കിടെക്റ്റാണ്. കൊവിഡ് കാലമായതിനാൽ നാട്ടിലെത്തിയതാണിപ്പോൾ.
ഷിബു എന്ന പേര് സർവ്വസാധാരണമായതിനാലും കള്ളനും പിടിച്ചുപറിക്കാർക്കും ഗുണ്ടകൾക്കുമെല്ലാമുള്ള പേരായതിനാലും തന്നെ ആരും തിരിച്ചറിയാതിരിക്കാനുമായാണ് ഷിബു എന്ന പേരിനൊപ്പം ചക്രവർത്തിയെന്ന് കൂടി ചേർത്തതെന്നും പക്ഷേ ചക്രവർത്തികൂടി ഉള്ളതിനാൽ പിന്നീട് എളുപ്പം തിരിച്ചറിയപ്പെട്ടുവെന്നും ചിരിയുടെ അകമ്പടിയോടെ ഷിബു ചക്രവർത്തി പറയുന്നു.
ഇരുപത്തിനാലാം വയസിൽ അല്ലിമലർക്കാവ് എന്ന ചിത്രത്തിലൂടെയാണ് ഗാനരചയിതാവായി ഷിബുചക്രവർത്തിയുടെ തുടക്കം.
'അല്ലിമലർക്കാവ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യം പാട്ടെഴുതിയത്. സോംഗ് റെക്കോഡിംഗൊക്കെ കഴിഞ്ഞെങ്കിലും ആ പ്രോജക്ട് നടന്നില്ല. ആദ്യം റിലീസായ സിനിമ ഉപഹാരമാണ്."
ഉപഹാരം നിർമ്മിച്ച പ്രകാശ് മൂവീടോണിന്റെ രാജൻ പ്രകാശ് ഡെന്നീസ് ജോസഫിന്റെ ഫസ്റ്റ് കസിനാണ് ഗായത്രി അശോകനെ കൂടെവിടെയിലൂടെ പബ്ളിസിറ്റി ഡിസൈനറായി അവതരിപ്പിച്ചത് പ്രകാശ് മൂവീ ടോണാണ് . ഡെന്നീസ് ജോസഫിന്റെ ആദ്യ സിനിമയായ ഇൗറൻ സന്ധ്യ നിർമ്മിച്ചതും പ്രകാശ് മൂവീടോണാണ്. ഡെന്നീസിന്റെയും അശോകിന്റെയും കൂട്ടത്തിൽ പിന്നീടുണ്ടായിരുന്നത് ഞാനാണ്. ഞങ്ങൾ മൂന്നുപേരെയും സിനിമയിലേക്ക് കൊണ്ടുവരാൻവേണ്ടി വന്ന ഒരു നിർമ്മാണക്കമ്പനി പോലെയാണ് പ്രകാശ് മൂവീടോൺ. പിന്നീട് അവർ ആയിരം കണ്ണുകൾ എന്ന ഒരു സിനിമയും കൂടിയേ നിർമ്മിച്ചുള്ളൂ" ഷിബുചക്രവർത്തി പറഞ്ഞു.
ശ്യാമയാണ് ബ്രേക്കായത്?
അതെ. ഒരു സിനിമയുടെ വിജയവും അതിലെ പാട്ടുകൾ ഹിറ്റാകുന്നതും തമ്മിൽ ഒരു പരസ്പര ബന്ധമുണ്ട്. ഒരു സൂപ്പർഹിറ്റ് സിനിമയിലെ ആവറേജ് പാട്ട് പോലും ചിലപ്പോൾ സൂപ്പർ ഹിറ്റാകും. ഒരു അസല് പാട്ട് പരാജയപ്പെട്ട സിനിമയിലേതാണെങ്കിൽ അത് ശ്രദ്ധിക്കപ്പെടാതെപ്പോകും. എനിക്ക് രണ്ടനുഭവമുണ്ട്. അക്കാലത്ത് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമ അത്ര വലിയ ഹിറ്റൊന്നുമായിരുന്നില്ല. പക്ഷേ ഞാൻ ഇന്നും അറിയപ്പെടുന്നത് ഒാർമ്മകൾ ഒാടിക്കളിക്കുവാനെത്തുന്ന മുറ്റത്തെ ചക്കര മാവിൻചുവട്ടിൽ എന്ന സിനിമയിലെ പാട്ടിന്റെ പേരിലാണ്. ജൂലായ് 4 ഹിറ്റായ സിനിമയല്ല. പക്ഷേ അതിലെ ഒരു വാക്ക് മിണ്ടാതെ എന്ന പാട്ടിന് ആരാധകർ ഏറെയുണ്ട്.
ഒരു ഗാനരചയിതാവിനെ പ്രചോദിപ്പിക്കുന്നത് ചില വെല്ലുവിളികളല്ലേ?
നൂറുശതമാനം . സൈന്യം എന്ന സിനിമയുടെ കഥ എന്റേതാണ്. ഞാനും എസ്.എൻ. സ്വാമിയും ചേർന്നാണ് സ്ക്രിപ്ട് എഴുതിയത്. ആ സിനിമയുടെ ഡിസ്ക്കഷൻ നടക്കുമ്പോൾ ആ സിനിമയിലെ പാട്ട് എങ്ങനെയാവണമെന്ന് ഞങ്ങൾ ചിന്തിച്ചു. അന്ന് ഇന്ത്യൻ സംഗീതത്തിലേക്ക് റാപ്പ് കടന്ന് വന്നിട്ടേയുള്ളൂ. ബാബ സെയ്ഗാളിന്റെയും അപ്പാച്ചേ ഇന്ത്യന്റെയും രണ്ടേരണ്ട് റാപ്പ് ആൽബങ്ങൾ മാത്രമാണ് അന്ന് ഇന്ത്യയിൽ റിലീസായി ഞങ്ങൾ കേട്ടിട്ടുള്ളത്. കേട്ടപ്പോൾത്തന്നെ എനിക്ക് വലിയ ത്രിൽ തോന്നി. ആർക്കും പാടാനും പറയാനും പറ്റുമെന്നതായിരുന്നു ആ ഫോർമാറ്റിന്റെ ഗുണം. ആ ഫോർമാറ്റ് എനിക്ക് മലയാളത്തിൽ പരീക്ഷിക്കണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ബാഗി ജീൻസും ടോപ്പുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാൻ ഹൺഡ്രഡ് സീസീ ബൈക്കും അതിലൊരു പൂജാഭട്ടും വേണം എന്ന പാട്ട് എഴുതിയത്.
ഞാൻ ആസ്വദിച്ചെഴുതിയ ഒരു പാട്ടാണ് വന്ദനത്തിലെ അന്തിപ്പൊൻവെട്ടം. പ്രണയത്തിന്റെ നിഷ്ക്കളങ്കതയും സൗന്ദര്യവുമുണ്ട്. ആകാശവാണിയിൽ നിന്ന് എന്നോട് പറഞ്ഞിട്ടുണ്ട് ആ പാട്ട് പ്രക്ഷേപണം ചെയ്യാത്ത ഒരാഴ്ച പോലുമുണ്ടായിട്ടില്ലെന്ന്.
പ്രണയവും ഗൃഹാതുരത്വവും നിറഞ്ഞ പാട്ടുകളെഴുതിയയാളാണ് സാമ്രാജ്യവും അഥർവവും പോലെയുള്ള സിനിമകൾക്ക് തിരക്കഥയെഴുതിയതും?
നായർ സാബ് ഞാനും ഡെന്നീസും ചേർന്നെഴുതിയതാണ്. സാമ്രാജ്യവും അഥർവവും കൂടാതെ ഒറ്റയ്ക്കെഴുതിയ സിനിമകൾ ഏഴരക്കൂട്ടവും അഥർവവും അഭയവുമാണ്. ജോഷിയുടെയൊക്കെ കൂടെ നടന്ന് തിരക്കഥയെഴുതാനാലോചിക്കുമ്പോൾത്തന്നെ വലുതായി ചിന്തിക്കുന്ന ഒരു പ്രവണതയാണ് എനിക്കുള്ളത്. അതിനൊപ്പം അഞ്ചുദിവസം കൊണ്ടെഴുതിയ അഭയം പോലെയുള്ള തിരക്കഥയുമുണ്ട്. ദേശീയ അവാർഡിൽ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ സിനിമയാണത്. ഇമോഷൻസ് വച്ചിട്ടല്ല ഞാൻ എന്റെ ഇന്റലിജൻസ് വച്ചിട്ടാണ് വർക്ക് ചെയ്യുന്നത്. അത് പാട്ടെഴുതുമ്പോഴായാലും തിരക്കഥയെഴുതുമ്പോഴായാലും.
ജോഷിയുടെയും പ്രിയദർശന്റെയുമൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങൾ?
രണ്ടുപേർക്കും രണ്ട് രീതിയാണ്. ഇന്നത്തെ പ്രിയനല്ല അന്നത്തെ പ്രിയൻ. പലപ്പോഴും ഒരു സിനിമയുടെ കമ്പോസിംഗിന് ചെല്ലുമ്പോൾ സബ്ജക്ട് പോലുമായിട്ടുണ്ടാവില്ല. ഒരു ത്രെഡ് മാത്രമേ കാണൂ. പക്ഷേ പാട്ടിന്റെ കാര്യത്തിൽ ഒരു കൺഫ്യൂഷനുമുണ്ടാവില്ല. സിനിമയെന്താണെന്ന് ചിന്തിക്കുന്നതിന് മുൻപേ അതിലെ പാട്ടുകൾ എങ്ങനെയായിരിക്കണം വിഷ്വൽ എന്തായിരിക്കണമെന്ന ധാരണ പ്രിയനുണ്ട്. അത് നമുക്ക് പകർന്ന് തരികയും ചെയ്യും. ഒരു മുത്തശിക്കഥ എന്ന സിനിമ സബ്ജക്ട് രൂപപ്പെട്ട് വരുമ്പോൾത്തന്നെ ഷൂട്ടിംഗ് തുടങ്ങാൻ പോകുകയാണ്. പാട്ടെഴുതാൻ ചെല്ലുമ്പോൾ എന്നോട് പ്രിയൻ പറയുന്നത് എടോ... കടപ്പുറത്ത് വിനീതും നായികയും കൂടി കടൽക്കരയിലൂടെ ഒാടിവരുമ്പോൾ മഴ തുടങ്ങും. വഞ്ചിമൂടിയിരുന്ന ഒാലയുടെ കീഴെ പോയി നിൽക്കുമ്പോൾ ഒാലയിൽനിന്നിറ്റു വീഴുന്ന വെള്ളം അവളുടെ നെറ്റിയിലെ കുങ്കുമത്തിലൂടെ ഒലിച്ചിറങ്ങിവരും. ആ കുങ്കുമനിറമാർന്ന മഴത്തുള്ളി ചാല് കീറി അവളുടെ മൂക്കിന്റെ തുമ്പത്തേക്ക് വരുമ്പോൾ വിനീത് അവളുടെ തലയുടെ മുകളിൽ വെള്ളം നെറ്റിയിലേക്ക് വീഴാതിരിക്കാൻ കൈവയ്ക്കും.. എന്ന് പറയുന്ന വിഷ്വൽ പറഞ്ഞുതരുമ്പോൾ കണ്ടാൽ ചിരിക്കാത്ത കാക്കക്കുറുമ്പി.. കണ്ടാലറിയാമോ കാട്ടുപൂവേ കരൾ കണ്ടോന്നറിയാമോ കാട്ടുപൂവേ... എന്ന വരികൾ എഴുതാൻ എന്താണ് പ്രയാസം!
എഴുതുന്ന ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങളിൽ ഒരു വിശ്വാസം വന്ന് കഴിഞ്ഞാൽ ജോഷി നമുക്ക് തരുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്. അന്ധമായി നമ്മളെ വിശ്വസിക്കുമ്പോൾ നന്നാക്കേണ്ട ബാധ്യത നമ്മുടേതായി മാറും.
ധ്രുവത്തിന്റെ ലൊക്കേഷനിലേക്ക് ജോഷിയും ഞാനും രാവിലെ എന്നും ഒരുമിച്ചാണ് പോയിരുന്നത്. കാറിൽ എന്നും ധ്രുവത്തിന് വേണ്ടി റെക്കോഡ് ചെയ്ത പാട്ടുകൾ തന്നെയായിരിക്കും വയ്ക്കുക. 'സാധാരണ കേട്ട് കേട്ട് മടുക്കും. പക്ഷേ ഇത്രതവണ കേട്ടിട്ടും ഇൗ പാട്ടുകൾ മടുക്കുന്നി"ല്ലെന്ന് ജോഷി ഒരുദിവസം എന്നോട് പറഞ്ഞു. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾക്കും ആ പാട്ടുകൾ മടുത്തിട്ടില്ല.
തൊണ്ണൂറുകളായപ്പോഴേക്കും പാട്ടെഴുത്ത് കുറച്ചോ?
തൊണ്ണൂറുകളുടെ തുടക്കത്തിൽത്തന്നെ ഞാൻ മെല്ലെ സിനിമയിൽ നിന്ന് മാറുകയും വീഡിയോ ഗ്രാഫിയിലേക്ക് തിരിയുകയും ചെയ്തിരുന്നു. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും കോർപ്പറേറ്റ് ഫിലിമുകളുമൊക്കെ ചിത്രീകരിച്ചു.
സിനിമാ പാട്ടെഴുത്ത് ഒരു തൊഴിലായി സ്വീകരിക്കുമ്പോഴുള്ള അനിശ്ചിതത്വം തന്നെയായിരുന്നു അതിന് കാരണം. കുടുംബമൊക്കെയായിക്കഴിഞ്ഞപ്പോൾ ആ അനിശ്ചിതത്വത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പാടായിരുന്നു.
ആ അനിശ്ചിതത്വത്തിൽ നിന്ന് രക്ഷപ്പെടാനായാണ് ഞാൻ ചുവടുമാറിയത്. കുറേ ഡോക്യുമെന്ററികളും ബയോഗ്രഫിയുമൊക്കെ ചെയ്തു. 1996 ൽ സൈന്യം എന്ന സിനിമകൂടി കഴിഞ്ഞപ്പോൾ ഞാൻ പൂർണമായും സിനിമ വിട്ടു. ധ്രുവം എന്ന സിനിമയും അതിൽ ഞാനെഴുതിയ പാട്ടുകളും സൂപ്പർഹിറ്റായിരുന്നു. എന്നിട്ടും ആ വർഷം വേറൊരു സിനിമയിലേക്കും എന്നെ പാട്ടെഴുതാൻ ആരും വിളിച്ചില്ല. അതെന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ച ഒരു ഘടകമാണ്. ധ്രുവത്തിലെ ഹിറ്റ് പാട്ടുകൾക്കപ്പുറമൊരു ഹിറ്റ് പാട്ടെഴുതാൻ എനിക്ക് പറ്റുമെന്ന് തോന്നിയില്ല. ഹിറ്റുകൾ നമ്മൾ സൃഷ്ടിക്കുന്നതല്ല. താനേ സംഭവിക്കുന്നതാണ്. അങ്ങനെ സംഭവിച്ച ഒരു ഹിറ്റിന്റെ പോലും പ്രയോജനം എനിക്ക് ലഭിച്ചില്ലെങ്കിൽ ഞാൻ എന്ത് വിശ്വസിച്ച് പാട്ടെഴുത്തിനെ മുന്നോട്ട് കൊണ്ടുപോകും! അങ്ങനെയാണ് ഒരു പാട്ടെഴുത്തുകാരനും ചരിത്രത്തിലിന്നുവരെ ശ്രമിക്കാത്ത വീഡിയോഗ്രാഫിയിലേക്ക് ഞാൻ തിരിയുന്നത്.
തിരക്കഥയെഴുതുന്ന പുതിയ സിനിമ?
ആനയെ പൊക്കിയ പാപ്പാൻ. ആ സിനിമയുടെ ക്ളൈമാക്സും ചില പോർഷൻസും ചിത്രീകരിക്കാനുണ്ട്. യഥാർത്ഥ തൃശൂർപൂരം ചിത്രീകരിക്കാൻ കാത്തിരുന്നതാണ്. അപ്പോഴേക്കും കൊവിഡ് വന്നു.
വജ്രായനത്തെ ആസ്പദമാക്കി ഒരു സിനിമയെഴുതാനുള്ള സ്വപ്നം ഏറെക്കാലമായി മനസിൽ കൊണ്ടുനടക്കുകയാണ് ഷിബു ചക്രവർത്തി.
മനസിൽ കിടന്ന് വളർന്ന് വളർന്ന് ഒരു സിനിമയുടെ ഫോർമാറ്റിൽ നിന്നും വളർന്നതിനാൽ അതൊരു നോവലായി എഴുതാനുള്ള പ്ളാനിലാണ് ഷിബു ചക്രവർത്തി ഇപ്പോൾ.
ഗാനരചയിതാക്കളുടെ
വാട്സാപ്പ് കൂട്ടായ്മ
ഷിബുചക്രവർത്തിയും റഫീഖ് അഹമ്മദും ചേർന്ന് ആരംഭിച്ച ഗാനരചയിതാക്കളുടെ വാട്സാപ്പ് കൂട്ടായ്മയാണ് രചന. 'ഇപ്പോൾ അമ്പത്തിനാല് ഗാനരചയിതാക്കളാണ് രചന എന്ന വാട്സാപ്പ് കൂട്ടായ്മയിലുള്ളത്. കൊവിഡ് കാലമായതിനാൽ ഇപ്പോൾ സൂം മീറ്റിംഗ് നടത്താറുണ്ട്. മാക്ട പോലെയുള്ള സംഘടനകളുടെ സ്ഥാപകാംഗങ്ങളിലൊരാളാണ് ഞാൻ. പല സംഘടനകളിലും പ്രവർത്തിച്ചിട്ടുണ്ട്. രചനയിലെ അമ്പത്തിനാല് പേരും പല കാര്യങ്ങളിലും ചെയ്യുന്ന സഹായങ്ങളും സഹകരണങ്ങളും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വളരെ ചെറിയ ഒരു ഗ്രൂപ്പായതുകൊണ്ട് എല്ലാവരും തമ്മിൽ ഒരു മാനസിക അടുപ്പമുണ്ട്.ഒരുവർഷമേയായുള്ളൂ രചന തുടങ്ങിയിട്ട്."
ഷിബു ചക്രവർത്തിക്ക്
പ്രിയപ്പെട്ട 10 സ്വന്തം ഗാനങ്ങൾ
1 ബാഗി ജീൻസും ഷൂസുമണിഞ്ഞ്
(സൈന്യം. സംഗീതം: എസ്.പി. വെങ്കിടേഷ്).
2 പച്ചമാങ്ങാ... പച്ചമാങ്ങാ..
(വെള്ളിത്തിര, സംഗീതം : അൽഫോൺസ് ജോസഫ്)
3 പാടം പൂത്തകാലം . ...
(ചിത്രം. സംഗീതം: കണ്ണൂർ രാജൻ)
4 അന്തിപ്പൊൻവെട്ടം (വന്ദനം. സംഗീതം: ഒൗസേപ്പച്ചൻ).
5 ഒാർമ്മകൾ ഒാടിക്കളിക്കുവാനെത്തുന്ന
(മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു.
സംഗീതം: ഒൗസേപ്പച്ചൻ)
6 കറുകവയൽക്കുരുവി...
(ധ്രുവം. സംഗീതം: എസ്.പി.
വെങ്കിടേഷ്).
7 ചെമ്പരത്തിപ്പൂവേ ചൊല്ല് (ശ്യാമ. സംഗീതം : രഘുകുമാർ)
8 ഒരു വാക്ക് മിണ്ടാതെ
(ജൂലായ് 4. സംഗീതം: ഒൗസേപ്പച്ചൻ).
9 എൻ കിനാവിലെ ജനാലകൾ
(പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്. സംഗീതം: ഒൗസേപ്പച്ചൻ)
10 പുഞ്ചവയല് കൊയ്യാൻ പോണവളേ..
(നായർസാബ്. സംഗീതം: എസ്.പി. വെങ്കിടേഷ്)