rtpcr

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധ കണ്ടെത്തുന്നതിനായി കൃത്യതയുള്ള ആർ.ടി.പി.സി.ആർ പരിശോധനകൾ നടത്തുന്നതിന് മൊബൈൽ ലാബുകൾ സജ്ജമാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത് ഇത്തരം പരിശോധനകളിലെ കാര്യക്ഷമതയില്ലായ്‌മ. കേരളത്തിൽ നടക്കുന്ന കൊവിഡ് പരിശോധനകളിൽ 65 ശതമാനവും ആന്റിജൻ പരിശോധനകളാണ്. ഫലം വേഗത്തിൽ ലഭിക്കുമെന്നതാണ് കൃത്യതയില്ലാത്ത ആന്റിജൻ ടെസ്റ്റുകൾ നടത്താൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. ഒരു ലക്ഷം പരിശോധനകൾ നടത്തിയാൽ അതിൽ ആർ.ടി.പി.സി.ആർ പരിശോധനകൾ 75 ശതമാനം (75,​000 ടെസ്റ്റുകൾ)​ ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടും ആരോഗ്യവകുപ്പിന് അത് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.

 ആർ.ടി.പി.സി.ആർ 20,​000 - 25,​000

സംസ്ഥാനത്ത് ശരാശരി 20,​000നും 25,​000നും ഇടയിൽ ആർ.ടി.പി.സി.ആർ പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ 149 ലാബുകളിലാണ് ആർ.ടി.പി.സി.ആർ പരിശോധനകൾ നടക്കുന്നത്. ഇതിൽ 44 എണ്ണം സർക്കാർ ലാബുകളും 105 എണ്ണം സ്വകാര്യ ലാബുകളാണ്.


സംസ്ഥാനത്ത് 70,​000നും 90,​000നും ഇടയിൽ കൊവിഡ് ടെസ്റ്റുകളാണ് പ്രതിദിനം നടക്കുന്നത്. ചിലപ്പോൾ ഈ കണക്ക് 35,​000- 30,​000നും ഇടയിൽ ആകാറുമുണ്ട്. അതേസമയം,​ ആർ.ടി.പി.സി.ആർ പരിശോധനകൾ നടത്തുകയാണെങ്കിൽ പ്രതിദിനം 50,​000 എണ്ണം നടത്താൻ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ,​ അത് സാദ്ധ്യമാകുന്നില്ലെന്നതാണ് വസ്തുത. ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ അതിന്റെ പൂർണ ശേഷിയിൽ നടക്കാത്തതാണ് ഇതിന് കാരണമെന്നും വിദഗ്ദ്ധർ പറയുന്നു.

സർക്കാരിന്റെ നിർദ്ദേശം ഉണ്ടായിരുന്നിട്ടു പോലും ഭൂരിഭാഗം ലാബുകളും ആർ.ടി.പി.സി ടെസ്റ്റുകളുടെ എണ്ണം ഇരട്ടിയോ അതിൽക്കൂടുതലോ ആക്കാൻ തയ്യാറായിട്ടില്ല. ഇതേതുടർന്നാണ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ സർക്കാർ ആവർത്തിച്ച് നിർദ്ദേശം നൽകിയത്. എന്നാലിപ്പോഴും ടെസ്റ്റുകൾ പഴയ പടിയാണ് നടക്കുന്നത്.


ടെസ്റ്റുകളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ മൊബൈൽ ലാബുകൾ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.സർക്കാർ സംവിധാനങ്ങൾക്ക് പുറമേയാണ് ജില്ലാ മെഡിക്കൽ ഓഫിസർമാർ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ സ്വകാര്യ ഏജൻസിയുടെ മൊബൈൽ ലാബുകൾ വിന്യസിക്കുക. പുതിയ പരിശോധന പ്രോട്ടോക്കോൾ പ്രകാരം കൂടുതൽ വിഭാഗങ്ങൾക്ക് ആർ.ടി.പി.സി.ആർ പരിശോധന വ്യവസ്ഥ ചെയ്തിരുന്നു. സർക്കാർ ലാബുകളിൽ രണ്ടാം ഷിഫ്റ്റ് ഏർപ്പെടുത്തിയാലും ഇത്രയധികം പരിശോധനകൾ പ്രായോഗികമല്ല. 448 രൂപ മുടക്കിയാൽ ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ നടത്താം. അതിനാൽ തന്നെ കൂടുതൽ ലാബുകൾ പരിശോധനകൾക്കായി മുന്നോട്ട് വരുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. നിലവിൽ 1700 രൂപയാണ് ആർ.ടി.പി.സി.ആർ ടെസ്റ്റുകൾക്ക്. മാത്രമല്ല,​ വരും ദിവസങ്ങളിൽ പല കാര്യങ്ങൾക്കും ആർ.ടി.പി.സി.ആ‍ർ പരിശോധനാഫലം നിർബന്ധമാക്കാനും ആലോചനയുണ്ട്.