
ഓപ്പറേഷൻ ജാവയിലെ
വിനയദാസനായി തിളങ്ങുകയാണ്
ഉദിനംപറമ്പുകാരുടെ ലുക്ക്മാൻ അവറാൻ
'സിനിമാക്കൊട്ടക ഇല്ലാത്ത നാട് ...ഞായറാഴ്ച നാലുമണി സിനിമ കാണാൻ ശശിയേട്ടന്റെയും രാമേട്ടന്റെയും വീട്ടിലേക്ക് ഓടും .കാലൊക്കെ കഴുകി വൃത്തിയാക്കിയിട്ട് വേണം അവരുടെ വീട്ടിലേക്ക് കയറാൻ . ചുമരിൽ ചാരി ഇരിക്കാതെ നിലത്തിരുന്നു വേണം സിനിമ കണ്ടു തീർക്കാൻ . മഗരിബ് നിസ്കാരത്തിന് പള്ളിയിൽ എത്തിയില്ലെങ്കിൽ വാപ്പയുടെ കൈയിൽ നിന്നുള്ള അടി...." സിനിമയോടുള്ള അടങ്ങാത്ത ത്വര ലുക്ക്മാൻ അവറാന് തുടങ്ങുന്നത് അവിടെ നിന്നാണ്. എന്നിട്ടും സിനിമ അന്നമെന്ന് തിരിച്ചറിയാൻ പിന്നീട് ഒരുപാട് വർഷങ്ങൾ വേണ്ടി വന്നു.
തിയേറ്ററുകളിൽ നിറഞ്ഞ കൈയടി നേടിയ ഉണ്ടയിലെ കോൺസ്റ്റബിൾ ബിജു കുമാർ, സുഡാനി ഫ്രം നൈജീരിയിലെ രാജേഷ് ,വൈറസിലെ ഡോ .സുജിത്ത്. അങ്ങനെ സ്വാഭാവിക അഭിനയ മികവ് കൊണ്ട് മലയാളികൾക്ക് സുപരിചിതനായ ലുക്ക്മാൻ ഓപ്പറേഷൻ ജാവയിലെ വിനയദാസനായി വന്നപ്പോൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു,ഒപ്പം പുതുവർഷത്തിൽ കൈനിറയെ ചിത്രങ്ങളാണ്ലുക്ക് മാന്. ഒരുപാട് കള്ളം പറഞ്ഞ് തുടങ്ങിയ തന്റെ സിനിമ ജീവിതം ഒരു സസ്പെൻസ് കോമഡി ത്രില്ലറെന്ന് ലുക്ക്മാൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നു....
നമ്മുടെ ചില ആഗ്രഹങ്ങൾക്ക് വേണ്ടി ചില ചെറിയ കള്ളം പറയുന്നത് കൊണ്ട് തെറ്റില്ല. നാടകം കളിച്ചാണ് എന്നിലെ നടനെ തിരിച്ചറിയുന്നത്. എപ്പോഴോ ഉള്ളിൽ കയറിക്കൂടിയ സിനിമ മോഹം ഞാൻ വളരുന്നതനുസരിച്ച് അതും വളർന്നു.മലപ്പുറം ജില്ലയിൽ ചങ്ങരംകുളത്ത് ഉദിനുപറമ്പിലാണ് ജനിച്ചത്. തൃശ്ശൂർ റോയൽ കോളേജിൽ നിന്ന് ഒരുപാട് സപ്ളികളുമായി ബി .ടെക്ക് പൂർത്തിയായി ഇറങ്ങുമ്പോൾ സിനിമ എന്ന ഒറ്റ മോഹം മാത്രമേ ഉണ്ടായിന്നൊള്ളു. മലപ്പുറം മുസ്ലിം ഓർത്തോഡോക്സ് കുടുംബം . സിനിമ ഹറാമാണെന്ന് വിചാരിക്കുന്ന അവരോട് എങ്ങനെ തന്റെ സിനിമ മോഹം പറയുമെന്ന ആശങ്കയിൽ പഠനം കഴിഞ്ഞ് നേരെ വിട്ടത് കൊച്ചിക്കായിരുന്നു. ഒരു കമ്പനിയിൽ ജോലി കിട്ടി അതിന്റെ ട്രെയിനിംഗ് നടക്കുകയാണെന്നായിരുന്നു വീട്ടിൽ പറഞ്ഞ കള്ളം. ട്രെയിനിംനിംഗിന് സ്െെറ്റപെൻഡ് കിട്ടുമെന്ന് വീട്ടുകാർക്കറിയാം . അതിനുവേണ്ടി പല ജോലികളും ചെയ്തു . കാർ പാർക്കിങ്ങിൽ പൈസ പിരിക്കാനായി നിന്നു,ഡ്രൈവറായി പോയി , മെഡിക്കൽ ഷോപ്പിൽ മരുന്ന് എടുത്തു കൊടുക്കാനായി നിന്നു , അങ്ങനെ വലുതും ചെറുതുമായ ഒരുപാട് പണികൾ ചെയ്തു . ജോലി സ്ഥലങ്ങളിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ തന്നെ ഓഡിഷന് പറഞ്ഞയക്കണമെന്ന് മാത്രമാണ് ഞാൻ വയ്ക്കുന്നു കണ്ടിഷൻ. റൂം റെന്റ് കൊടുത്ത് മിച്ചം പിടിച്ച അയ്യായിരം രൂപ വീട്ടിലേക്ക് അയച്ചു കൊടുക്കും.
ജീവിതത്തിലെ ഏറ്റവും സ്െെട്രഗളിംഗ് സമയമായിരുന്നു അത് . റെയിൽവേ സ്റ്റേഷന്റെ അടുത്ത കുടുസ് ലോഡ്ജിലെല്ലാം താമസിച്ചിട്ടുണ്ട്. സിനിമാക്കാർ വരുന്ന ചായക്കടയിൽ പോയി അവരുടെ വർത്തമാനങ്ങൾ കേൾക്കും .നിരവധി ഓഡിഷനുകളിൽ പങ്കെടുത്തു . വീട്ടിൽ നിന്ന് പുറത്ത് ജോലി നോക്കാൻ പറഞ്ഞു തുടങ്ങി ഇവിടെ നിന്നിട്ട് ഒന്നും നടക്കില്ലെന്ന് തോന്നിയ സമയത്ത് ഞാനും ജോലിക്ക് പോവാൻ തീരുമാനിച്ചിരുന്നു. അപ്പോഴാണ് കെ .എൽ .പത്തിലേക്ക് വിളിക്കുന്നത് . വീട്ടിൽ നിന്ന് കിട്ടിയ അവസാന ചാൻസായിരുന്നു അത് .പിന്നെ എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ഓപ്പറേഷൻ ജാവയിലെ വിനയ വിനയദാസൻ
ഓപ്പറേഷൻ ജാവയിലെ വിനയദാസൻ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. ബാലു വർഗീസ് , വിനായകൻ ചേട്ടൻ , ഷൈൻ ടോം ചാക്കോ തുടങ്ങിയവരുടെ കൂടെയെല്ലാം അഭിയിക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു. സൈബർ കുറ്റാന്വേഷണ ചിത്രം. തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം. ചിത്രം കണ്ടു നിരവധിപേരാണ് വിളിച്ചത്. എനിക്ക് നന്നായി പെർഫോം ചെയ്യാൻ സാധിച്ച സിനിമ. ഒപ്പം ലിജോ ചേട്ടന്റെ ( ലിജോ ജോസ് പെല്ലിശേരി ) ചുരുളിയിൽ ഒരു പ്രധാന വേഷം ചെയ്തു. ഇത്തവണത്തെ ഐ എഫ് എഫ് കെ യിൽ മത്സര വിഭാഗത്തിൽ ചുരുളി പ്രദർശിപ്പിച്ചിരുന്നു.ആനപ്പറമ്പിലെ വേൾഡ് കപ്പ് , അജഗജാന്തരം എന്നീ ചിത്രങ്ങളാണ് ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.
എനിയ്ക്ക് ഇഷ്ടം ബിജു കുമാറും ,ഉമ്മയ്ക്ക് ഇഷ്ടം രാജേഷും
ഉണ്ടയിലെ ബിജു കുമാറാണ് എന്റെ പ്രിയപ്പെട്ട കഥാപാത്രം. സുഡാനി കഴിഞ്ഞിരിക്കുമ്പോഴാണ് റഹ്മാൻ (ഖാലിദ് റഹ്മാൻ ) എന്നോട് ഉണ്ടയെ കുറിച്ച് പറയുന്നത് . പിന്നിട് രണ്ടു വർഷം കഴിഞ്ഞാണ് ഉണ്ട തുടങ്ങുന്നത് . ഉണ്ടയെ കുറിച്ചുള്ള ചർച്ചകളിലെല്ലാം ബിജു കുമാർ എന്ന കഥാപാത്രം ഞാൻ ശ്രദ്ധിച്ചിരുന്നു . അത് ആര് ചെയ്യുമെന്ന കാര്യത്തിൽ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു. ഷൂട്ടിംഗ് തുടങ്ങുന്ന കുറച്ചു ദിവസങ്ങൾക്കു മുൻപാണ് റഹ്മാൻ പറയുന്നത് ബിജു കുമാർ എന്ന കഥാപാത്രം ഞാൻ ചെയ്ത മതിയെന്ന്. അത് ശരിക്കും എനിക്കൊരു ഷോക്കായിരുന്നു. പിന്നെ ചെറിയ പേടിയുമുണ്ടായിരുന്നു. മമ്മൂക്കയുമായുള്ള (മമ്മൂട്ടി) കോമ്പിനേഷൻ സീനൊക്കെ ചെയ്യുമ്പോൾ വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. ഉണ്ടയുടെ റിലീസിന്റെ തലേന്ന് ഞാൻ ഉറങ്ങിയിട്ടില്ല . ജനങ്ങൾ ബിജു കുമാറിനെ സ്വീകരിക്കുമോ എന്ന കാര്യത്തിൽ എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു. ഞാൻ ചെയ്തത് മോശമായോ എന്നൊക്കെ തോന്നിയിരുന്നു. റഹ്മാനെ രാത്രി ഞാൻ ഫോൺ വിളിച്ചോണ്ടേയിരിക്കുകയായിരുന്നു. തിയേറ്ററിൽ ആദ്യം ഉണ്ട കണ്ടപ്പോൾ ആ സീൻ വന്നപ്പോൾ ഞാൻ ബ്ലാങ്ക് ഔട്ടായി പോയി. രണ്ടാമത് കണ്ടപ്പോൾ ആ സീനിന് കിട്ടിയ കൈയ്യടി തന്നെയായിരുന്നു എനിക്ക് ലഭിച്ച അവാർഡ്. ഉമ്മയ്ക്കിഷ്ടം സുഡാനി ഫ്രം നൈജീരിയയിലെ രാജേഷിനെയാണ്. ഉണ്ട കണ്ടു എനിക്ക് തല്ലുകിട്ടുന്ന സീനൊക്കെ ഉമ്മയെ ഒരുപാട് വിഷമിപ്പിച്ചു. സിനിമയ്ക്ക് അന്നും ഇന്നും സപ്പോർട്ട് ഉമ്മയാണ്. ഉമ്മ ആദ്യമായി തിയേറ്ററിൽ പോകുന്നത് എന്റെ സിനിമ കാണാനാണ്. വാപ്പ ടിവിയിൽ വരുന്ന എന്റെ സിനിമകളെല്ലാം കാണും.
സിനിമ നിറഞ്ഞ സൗഹൃദങ്ങൾ
മലയാള സിനിമയിലെ മലബാർ സിനിമാക്കാരും കൊച്ചി സിനിമാക്കാരും എന്റെ സുഹൃത്തുക്കളാണ് . ഞാൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന കെ എൽ പന്ത്രണ്ട് എന്ന സിനിമയിലൂടെയാണ് ഹർഷിദിക്കെയെയെല്ലാം പരിചയപ്പെടുന്നത്. മുഹ്സിൻ പെരാരി , സുഹാസ് , ജിംഷി ഖാലിദ് , അഷറിഫിക്കാ ,സക്കറിയ ,സൈജു ഖാലിദ് ,ഷറഫു ,ലിജോ ചേട്ടൻ , ചെമ്പൻ ചേട്ടൻ റഹ്മാൻ ഖാലിദ് , സമീറിക്ക ..അങ്ങനെ തുടങ്ങുന്ന നീണ്ട നിരതന്നെയുണ്ട് എന്റെ സിനിമ കമ്പനികൾ.
കൂട്ടിന് ഇനി ജുമൈമ
സിനിമയുടെ പുറകെ നടന്ന് പ്രണയിക്കാനൊന്നും സമയം കിട്ടിയിട്ടില്ലായിരുന്നു. ഇപ്പോൾ കല്യാണ പ്രായമായെന്ന് പറഞ്ഞ് വീട്ടുക്കാരായി ജുമൈമയെ കണ്ടുപിടിച്ചു. പാലക്കാട് കുമരനെല്ലൂരാണ് വീട്. പി .ജി പഠനത്തിനുള്ള ഒരുക്കത്തിലാണ്. സിനിമയെല്ലാം ഇഷ്ടമുള്ള ആളാണ് . ഈ വർഷം അവസാനം കല്യാണം കാണും.