ഷാജു ശ്രീധറിന്റെ കുടുംബ വിശേഷങ്ങൾ

പാലക്കാട് ഒലവക്കോട് 'ശ്രീനന്ദനം"വീട്ടിൽ പുതിയ താരോദയം. ഇവിടത്തെ ആദ്യ കുട്ടിത്താരത്തിന്റെ പേര് നീലാജ്ഞന. പുതിയ താരം നായികയായാണ് അരങ്ങേറ്റം. നീലാജ്ഞനയുടെ ചേച്ചി നന്ദന. ചലച്ചിത്രതാരങ്ങളായ ഷാജു ശ്രീധറിന്റെയും ചാന്ദ്നിയുടെയും മക്കൾ.നവാഗതനായ ജോഷി ജോൺ സംവിധാനം ചെയ്യുന്ന ' Std X - E 99 ബാച്ച്  " സിനിമയിൽ നായികയായി അഭിനയിച്ചാണ് നന്ദന എത്തുന്നത്. ടിക്ടോക്കിൽ അച്ഛനൊപ്പം നിറഞ്ഞുനിൽക്കുന്ന താരങ്ങളാണ് നന്ദനയും നീലാജ്ഞനയും.അച്ഛൻ ഒപ്പമുണ്ടെങ്കിൽ ലൈക്ക് ബട്ടൺ ആളുകൾ ഞെക്കി പിടിക്കുമെന്ന് രണ്ടുപേർക്കും അറിയാം.അതിനാൽ ടിക് ടോക്കുകൾ എല്ലാം വൈറൽ . നൂറ്റമ്പതിൽഏറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ടിക്ടോക് നന്നായിട്ടുണ്ടെന്ന് ആളുകൾ പറയുന്നത് ഷാജുവും കേട്ടു.'അയ്യപ്പനും കോശിയിൽ" പൃഥ്വിരാജിന്റെ മകളായി നമ്മൾ നീലാജ്ഞനയെ കണ്ടിട്ടുണ്ട്.കോശിയുടെ ഫോണിൽ 'വിജയൻ സാറിന്റെ" നമ്പർ കണ്ടു ഞെട്ടുന്ന ജോക്കുട്ടൻ പൊലീസായി എത്തിയത് ഷാജു. അനൂപ് മേനോന്റെ കിങ് ഫിഷ് ആണ് നീലാഞ്ജനയുടെ ആദ്യ ചിത്രം.ആ സിനിമയിലും അച്ഛനുണ്ട്. പിന്നാലെ 'ബ്രദേഴസ് ഡേ" സോണിയുടെ സംഗീത ആൽബം' മര്യാദ കണ്ണെ"തരംഗം തീർത്തതാണ് പാലക്കാട് ലയൺസ് സ്കൂളിൽ നാലാം ക്ളാസിൽ പഠിക്കുന്ന നീലാജ്ഞനയയുടെ അടുത്ത വിശേഷം. മേഴ്സി കോളേജിൽ ബി.എസ്സി ബയോടെക്നോളജി അവസാന വർഷ വിദ്യാർത്ഥിയായ നന്ദനയുടെ സ്വപ്നമാണ് സിനിമ. ആ സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിൽ 'ശ്രീനന്ദനം". നന്ദനയുടെ ആദ്യചിത്രത്തിലും അച്ഛൻ അഭിനയിക്കുന്നുണ്ട്. രണ്ട് മക്കളുടെയും അഭിനയം നേരിട്ടുകണ്ട് ചാന്ദ്നി. ബിജുമേനോന്റെ നായികയായി 'സത്യഭാമയ്ക്ക് ഒരു പ്രേമലേഖനം "സിനിമയിൽ അഭിനയിച്ചാണ് ചാന്ദ്നി വെള്ളിത്തിരയിൽ എത്തുന്നത്.പിന്നീട് ഷാജുവിനൊപ്പം ആഭരണച്ചാർത്ത്, നളചരിതം നാലാം ദിവസം, കോരപ്പൻ ദ ഗ്രേറ്റ്, മായാജാലം എന്നീ സിനിമകൾ. 'സ് നേഹ സമ്മാനം" സീരിയൽ വൻസ്വീകാര്യത തന്നതിനൊപ്പം ഇരുവരെയും കുടുംബസദസിൽ പ്രിയ ജോടികളാക്കി മാറ്റുകയും ചെയ്തു.ശേഷം ഷാജുവിന്റെ ജീവിതനായികയായി.അഭിനയരംഗത്തുനിന്നു മാറി നിൽക്കുന്ന ചാന്ദ്നി നൃത്ത വിദ്യാലയം ആരംഭിച്ചു അദ്ധ്യാപികയുടെ കുപ്പായത്തിൽ.'ശ്രീനന്ദനം" ആണ് ഇപ്പോൾ ലൊക്കേഷൻ. ഇവിടെ നന്ദനയും നീലാഞ്ജനയും നന്ദുവും ജാനിയും .
ചേച്ചിക്കു മുൻപേ സിനിമയിൽ അഭിനയിച്ചത് അനുജത്തി?
നന്ദന : എനിക്കാണ് ആദ്യം അവസരം വന്നത്. എന്നാൽ അപ്പോൾ അഭിനയിച്ചില്ല. ഇത് സ്കൂൾ കുട്ടികളുടെ കഥയാണ്. പുതുമുഖങ്ങളായി ഞങ്ങൾ കുറെ കുട്ടികൾ . ഒരു കുഞ്ഞുസിനിമ. കാവ്യ എന്ന പ്ളസ് വൺ വിദ്യാർത്ഥിയെയാണ് അവതരിപ്പിക്കുന്നത്.സിനിമയിൽ തന്നെ തുടരുമോയെന്ന് തീരുമാനിച്ചില്ല.പഠനവും നൃത്തവും ഒപ്പം കൊണ്ടുപോവാനാണ് ആഗ്രഹം. ആദ്യ സിനിമയിൽ തന്നെ നായികയായി അഭിനയിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ആളുകളോട് നന്നായി പെരുമാറുക എന്ന ഉപദേശം  സിനിമയിലേക്ക് വന്നപ്പോൾ അച്ഛനും അമ്മയും തന്നു.
നീലാജ്ഞന : ചേച്ചി അഭിനയിക്കുന്നത് ഞാൻ കണ്ടു. എന്നാൽ ഞാൻ അഭിനയിക്കുന്നത് ചേച്ചി കണ്ടിട്ടില്ല.സ്കൂളിൽ പോവേണ്ടത്തതിനാൽ ഞങ്ങളുടെ തല്ലുകൂടൽ കൂടിയിട്ടുണ്ട്.
കാരക്ടർ വേഷങ്ങൾ ലഭിച്ചുതുടങ്ങിയത് ഇപ്പോഴാണല്ലേ ?
ഷാജു : സിനിമകൾ വിജയിക്കുമ്പോഴാണ് കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടുക. സമീപകാലത്ത് വിജയിച്ച കുറച്ചുസിനിമകളുടെ ഭാഗമാവാൻ കഴിഞ്ഞു. 'അഞ്ചാംപാതിര"യിൽ ചെറിയ വേഷമാണെങ്കിലും സിനിമ വിജയിച്ചതിനാൽ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. 'അയ്യപ്പനും കോശിയും", 'അന്വേഷണം" എന്നീ സിനിമയിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. പരാജയപ്പെട്ട സിനിമയിൽ എത്ര വലിയ കഥാപാത്രം ചെയ്തിട്ടും കാര്യമില്ല. സിനിമ കൂടി നന്നാവണം. കാരക്ടർ വേഷത്തിലേക്ക് വന്നതോടെ പ്രേക്ഷകർ ശ്രദ്ധിച്ചുതുടങ്ങിയതിൽ ഏറെ സന്തോഷമുണ്ട്.
മിമിക്രി രംഗത്ത് ഒപ്പം പ്രവർത്തിച്ച പലരും സംവിധായകരായി?
സംവിധായകന്റെ ഉത്തരവാദിത്വം വലുതാണ്. ആഗ്രഹം മനസിലുണ്ടെങ്കിലും യാഥാർത്ഥ്യമാവാൻ സമയമെടുക്കും. അഭിനയം എന്ന ദൗത്യമാണ് ഇപ്പോൾ മുന്നിൽ. നല്ല കഥ കണ്ടെത്തുകയും കൃത്യമായ തയാറെടുപ്പിൽ പൂർത്തീകരിച്ച് പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്താൽ മാത്രമേ സംവിധായകൻ സന്തോഷവാനാകൂ. വലിയ ഒരുപരീക്ഷയാണ് സംവിധാനം.ആ പരീക്ഷയും പരീക്ഷണവും നടത്താൻ റിസ്ക്കെടുക്കണം. എന്റെ ജീവിതത്തിൽ ഒരുദിവസം അത് സംഭവിക്കും.
മോഹൻലാലിനെ അനുകരിച്ചാണല്ലേ സിനിമാപ്രവേശം?
ഞാൻ ഏറ്റവും കൂടുതൽ അനുകരിച്ചത് ലാലേട്ടനെയാണ്. അതേപ്പറ്റി ആളുകൾ ഇപ്പോഴും പറയാറുണ്ട്. എന്നാൽ അത് ഒരുതരത്തിൽ ഗുണവും ദോഷവുമാണ്. ലാലേട്ടന്റെ സ്റ്റാർഡം അനുകരണത്തിൽ കാണിച്ച് സിനിമയിൽ വരാൻ കഴിഞ്ഞത് ഗുണം ആണ്. എന്നാൽ കാരക്ടർ വേഷങ്ങൾ തീരുമാനിക്കുമ്പോൾ ലാലേട്ടന്റെ ഛായയോ ശബ്ദമോ ഉണ്ടെന്ന് പറഞ്ഞ് ഒഴിവാക്കും. അഭിനയിക്കുമ്പോൾ എവിടെയെങ്കിലും മിമിക്രി വരുന്നുണ്ടെങ്കിൽ മാറ്റാൻ ശ്രമിക്കാറുണ്ട്. മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കുന്നു. ഇപ്പോൾ ചെയ്യുന്ന കഥാപാത്രങ്ങൾ ഒരുപരിധിവരെ നന്നാവുന്നുണ്ടെന്ന തോന്നൽ അനുഭവപ്പെടുന്നു. മാറ്റം വരുത്താൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട്. നല്ല കഥാപാത്രങ്ങൾക്ക് പിന്നിലെയാണ്.
'മിമിക്സ് ആക്ഷൻ 500"ആണ് ആദ്യ സിനിമ. ചെറിയ വേഷത്തിലേക്കാണ് തിരഞ്ഞെടുത്തത്. എന്നാൽ 11 അംഗ നായകൻമാരിൽ ഒരാളായി ആദ്യ സിനിമയിൽ തന്നെ അഭിനയിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. അഭിനയജീവിതം കാൽനൂറ്റാണ്ട് പിന്നിടുന്നു.സിനിമ തന്നത് ജീവിതം.