സാരിയിൽ തിളങ്ങുന്ന കൃഷ്ണപ്രഭ ആ കഥ പറയാൻ വാർഡ്രോബ് തുറക്കുന്നു

എന്റെ പേര് സാരി. ഞാൻ വെറുമൊരു വസ്ത്രമല്ല. ഓർമ്മകളും സ്നേഹവുമുണ്ട് എന്റെ ആറു മീറ്റർ തുണിയിൽ. എന്നെ ധരിക്കാൻ ആഗ്രഹിക്കാത്ത ഒരു പെൺകുട്ടി പോലുമില്ല. കുഞ്ഞുനാൾമുതൽ പെൺകുട്ടികൾ അവരുടെ മുത്തശ്ശിയുടെയും അമ്മയുടെയും പ്രിയവേഷമായി എന്നെ കാണുന്നു. പല പേരിൽ ഞാൻ അറിയപ്പെടുന്നു. 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ് " എന്ന് പറയുംപോലെ ആദ്യ കാഴ്ചയിൽത്തന്നെ എന്നെ ഇഷ്ടപ്പെടും. അപ്പോൾ ഓർമ്മകളും സ്നേഹവും നിറയും. അമ്മയുടെ കല്യാണസാരി സൂക്ഷിച്ചുവയ്ക്കുന്ന പെൺകുട്ടികളുണ്ട്. അത് അണിഞ്ഞ് ഒരു ഫോട്ടോ എടുക്കണമെന്ന വലിയ മോഹം കാത്തുസൂക്ഷിക്കുന്നു. ഓരോ സാരിക്കും പറയാനുണ്ട് ഓരോ കഥ. എന്റെ ശമ്പളത്തിൽ ഞാൻ ആദ്യമായി വാങ്ങിയ സാരി. ഇതേ നിറം തന്നെയായിരുന്നു കല്യാണം കഴിഞ്ഞ് അച്ഛന്റെ വീട്ടിലേക്ക് പോവുമ്പോൾ അമ്മ ഉടുത്തത്. അങ്ങനെ എത്രയോ കഥകൾ. പ്രിയപ്പെട്ടവരിൽനിന്ന് സമ്മാനമായി ലഭിച്ചത്, ആദ്യമായി ഉടുത്തത്, കഥകൾ തീരുന്നില്ല. എത്ര വർഷങ്ങൾ കഴിഞ്ഞാലും സാരിക്കഥ തുടരും. ഇനി കൃഷ്ണപ്രഭയുടെ സാരി വിശേഷം.
''സാരിയിൽ ഒരു മേക്കോവർ ഏറെ നാളായായുള്ള ആഗ്രഹമായിരുന്നു. ജോർജറ്റ് ബ്രോക്കെഡ് ബോർഡർ സാരിയിൽ പ്രിയങ്ക ചോപ്രയുടെ ബജ്റാവു മസ്താനി സ്റ്റൈൽ തന്നെ പരീക്ഷിച്ചു. പരമ്പരാഗത ബംഗാളി സ്ത്രീകളുടെ വേഷവിധാനം. ഗംഭീര മേക്കോവർ എന്ന ഏറെപേർ പറഞ്ഞു. എനിക്ക് ഏറ്റവും അനുയോജ്യമായ വേഷം സാരി തന്നെയാണ്. എന്നാൽ അപൂർവമായി മാത്രമേ സാരി ഉടുക്കാൻ കഴിയാറുള്ളൂ. നൃത്ത അദ്ധ്യാപകൻ ആർഎൽവി ഉണ്ണിക്കൃഷ്ണൻ സാറിന്റെ വിവാഹത്തിനാണ് ആദ്യമായി സാരി ഉടുത്ത് പുറത്തു പോവുന്നത്. ഞാൻ അന്ന് പത്താം ക്ളാസിൽ പഠിക്കുകയാണ്. സാരി ഉടുക്കുക എല്ലാ പെൺകുട്ടികളുടെയും സ്വപ്നമാണ്. അമ്മ സാരി ഉടുക്കുന്നത് കാണുമ്പോൾ മുതൽ മനസിൽ കയറുന്ന ആഗ്രഹം. തോർത്തുമടക്കി ഞൊറിവുപോലെയിട്ട് സാരിയായി സങ്കല്പിച്ച് കുട്ടിക്കാലത്ത് കണ്ണാടിക്ക് മുന്നിൽ നിന്നിട്ടുണ്ട്. അമ്മമാരുടെ മാത്രമല്ല, സ്കൂളിലെ അദ്ധ്യാപികമാർ ഭംഗിയായി സാരി ഉടുത്ത് വരുന്നതു കാണുമ്പോൾ ഒരു ദിവസം ഇതിനുള്ളിൽ കയറണമെന്ന് എല്ലാ പെൺകുട്ടികൾക്കും തോന്നും. സ്കൂളിൽ എന്റെ എല്ലാ അദ്ധ്യാപികമാരും സാരിയിൽ തിളങ്ങുന്നവരായിരുന്നു. അമ്മയ്ക്ക് സാരിയുടെ നല്ല ശേഖരമുണ്ട്. കാഞ്ചീപുരവും സെറ്റ് മുണ്ടുമാണ് ഏറെയും. അമ്മയുടെ സാരി ഉടുത്താണ് എന്റെ പരീക്ഷണം തുടങ്ങുന്നത്. ഒതുങ്ങിയ സാരിയാണ് ഏറെ പ്രിയം.ഒരുപാട് സിനിമകളിൽ സാരി ധരിച്ചു.ഏറ്റവും ഒടുവിൽ ദൃശ്യം 2.സ്ത്രീകളുടെ വ്യക്തിത്വം ഏറെ അറിയിക്കുന്ന വേഷമാണ് സാരി. മോഡേൺ വേഷം ധരിച്ചാണ് ഫോട്ടോ ഷൂട്ട് അധികവും. പുതുമ കൊണ്ടുവരണമെന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്. മുടി മൊട്ടയടിച്ചും മേക്കോവർ നടത്തി. മോഡേൺ വേഷത്തിൽനിന്ന് മാറി ഒരു മാറ്റമാണ് നടത്തിയത്. സാരിയിൽ പുതിയ മേക്കോവർ ഇനിയും പ്രതീക്ഷിക്കാം.""
സാരി വേഷ സിനിമകൾ
1 ഇൗ അടുത്ത കാലത്ത്
2 തേജാഭായി ആന്റ്
ഫാമിലി
3 കളേഴ്സ്
4 കിങ്ഫിഷ്
5 നത്തോലി
ഒരു ചെറിയ മീനല്ല
6 വർക്കി
7 ദൃശ്യം 2