സൂപ്പർ താര ചിത്രങ്ങളിൽ ബാലതാരങ്ങളായി തിളങ്ങിയ സഹോദരിമാർ നിരഞ്ജനയും നിവേദിതയും സിനിമയിലേക്ക്
തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ്

ഗോപിച്ചെട്ടി പാളയത്ത് പ്രജാപതിയുടെ ചിത്രീകരണം നടക്കുന്ന സമയം. കൈയിൽ തന്റെ പാഠപുസ്തകവുമായി നിരഞ്ജന അഗസ്റ്റിനെ പഠിപ്പിക്കുന്നത് കണ്ട് മമ്മൂട്ടി അഗസ്റ്റിനോട് പറഞ്ഞു : ആ കുട്ടി പറയുന്നത് കേട്ട് പഠിച്ച് നന്നാവാൻ നോക്കെടാ... അഭിനയിച്ചതിലേറെയും മമ്മൂട്ടിക്കും മോഹൻലാലിനും സുരേഷ് ഗോപിക്കുമൊപ്പമായിരുന്നുവെന്നോർക്കുമ്പോൾ നിരഞ്ജനയ്ക്കും അനിയത്തി നിവേദിതയ്ക്കും അദ്ഭുതമാണ്. അന്ന് അവരുടെയൊന്നും മഹത്വമറിയില്ലായിരുന്നു. ഞങ്ങൾ കുട്ടികളായിരുന്നില്ലേ? അവരും ഞങ്ങളോട് എത്ര സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് പെരുമാറിയിരുന്നത്. നിരഞ്ജനയും നിവേദിതയും ഓർമ്മിച്ചു. അഭിനയിച്ച സിനിമകളിൽ എനിക്ക് നരനും തന്മാത്രയും ഭരത് ചന്ദ്രൻ ഐ.പി.എസുമാണ് ഏറ്റവും ഇഷ്ടം. നിരഞ്ജന പറഞ്ഞു. എനിക്ക് കാണാക്കൺമണിയും മോസ് ആൻഡ് ക്യാറ്റും നിവേദിത പറഞ്ഞു.
നിവേദിത: കാക്കിയിലാണ് ഞാനും ചേച്ചിയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. മുകേഷങ്കിളിന്റെയും മീരാ വാസുദേവ് ആന്റിയുടെയും മക്കൾ.
നിരഞ്ജന : ഇവൾ എന്റെയൊപ്പം ഷൂട്ടിംഗ് കാണാൻ വെറുതേ വന്നതാണ്. എന്റെ അനിയത്തിയായി അഭിനയിക്കേണ്ട കുട്ടി വരാൻ വൈകിയപ്പോഴാണ് ഇവളെ അഭിനയിപ്പിച്ചത്.
നിവേദിത : ഞങ്ങൾ ഇനി സിനിമയിലഭിനയിക്കുമോയെന്ന് പലരും ചോദിക്കുന്നുണ്ട്.
നിരഞ്ജന : അതെയതെ. അഭിനയമാണെങ്കിലും സംവിധാനമാണെങ്കിലും സിനിമയിലേക്ക് തിരിച്ചുവരാൻ ഞങ്ങൾ രണ്ടാളും റെഡിയാണ്.
നിവേദിത: ഇതുവരെ പഠിപ്പും കാര്യങ്ങളുമൊക്കെയായി ഞങ്ങളുടെ പ്രയോറിറ്റി മറ്റൊന്നായിരുന്നു. ഇപ്പോഴതൊക്കെ മാറി. ചാൻസ് കിട്ടിയാൽ ഇനി സിനിമ ചെയ്യും.
നിരഞ്ജന : ഞാൻ അഞ്ചാംക്ളാസിൽ പഠിക്കുമ്പോഴാണ് അവസാനമായഭിനയിച്ചത് പ്രജാപതിയിൽ.
നിവേദിത: ഞാനും അഞ്ചാം ക്ളാസിൽ പഠിക്കുമ്പോഴാണ് ഒടുവലഭിനയിച്ചത്. കാണാക്കൺമണിയിൽ.
നിരഞ്ജന: ഇവിടെ സ്കൂളിൽ അറ്റന്റൻസൊക്കെ പ്രശ്നമാണ്. അബുദാബിയിൽനിന്ന് നാട്ടിൽ വന്ന് സിനിമയിലഭിനയിക്കുകയെന്നത് ബുദ്ധിമുട്ടായിരുന്നു.
നിവേദിത: ഞങ്ങൾ ജനിച്ച് വളർന്നത് അബുദാബിയിലാണ്. അവിടെത്തന്നെയുള്ള സ്കൂളിലാണ് പഠിച്ചതും. കോളേജിൽ ചേർന്നപ്പോഴാണ് പിന്നീട് നാട്ടിലേക്ക് പോയത്.
നിരഞ്ജന : ഞാനാണ് കോഴിക്കോട് എൻ.ഐ.ടിയിൽ ആദ്യം ജോയിൻ ചെയ്തത്. പഠിത്തം കഴിഞ്ഞ് ഇപ്പോൾ അബുദാബിയിൽ ഒരു എൻജിനിയറിംഗ് കമ്പനിയിൽ പ്രോജക്ട് എൻജിനീയറായി ജോലി ചെയ്യുന്നു.
നിവേദിത: ചേച്ചി എൻ.ഐ.ടിയിൽ ഫൈനൽ ഇയർ ആയപ്പോഴാണ് ഫസ്റ്റ് ഇയർ സ്റ്റുഡന്റായി ജോയിൻ ചെയ്തത്. ഞങ്ങൾ രണ്ടാളും കോളേജിലെ തെരുവ് നാടക സംഘത്തിലൊക്കെയുണ്ടായിരുന്നു.
നിരഞ്ജന : അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട രാജൻ പഠിച്ചിരുന്നത് ഞങ്ങളുടെ കോളേജിലാണ്. അന്ന് ആർ.ഇ.സി (റീജിയണൽ എൻജിനിയറിംഗ് കോളേജ്) എന്നായിരുന്നു കോളേജിന്റെ പേര്. പിന്നീടാണ് എൻ.ഐ.ടി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി) എന്നാക്കിയത്.
നിവേദിത: രാജന്റെ എല്ലാ ചരമവാർഷികത്തിലും ഞങ്ങൾ കോളേജിൽ തെരുവ് നാടകമവതരിപ്പിക്കാറുണ്ട്. രാഗം എന്നാണ് ഞങ്ങളുടെ സാംസ്കാരിക സംഘടനയുടെ പേര്.
നിരഞ്ജന : ഒാരോ വർഷവും ഒരു സോഷ്യൽ ഇഷ്യുവിൽ നിന്നായിരിക്കും തെരുവ് നാടകത്തിനുള്ള വിഷയം ഞങ്ങൾ കണ്ടെത്തുന്നത്.
നിവേദിത:നാലാംവർഷ വിദ്യാർത്ഥികൾ ആദ്യവർഷ വിദ്യാർത്ഥികളിൽ നിന്ന് അഭിനേതാക്കളെ തിരഞ്ഞെടുക്കും. രണ്ടും മൂന്നും വർഷവിദ്യാർത്ഥികൾ അവരെ പരിശീലിപ്പിക്കും.
നിരഞ്ജന : വിഷയം ചിലപ്പോൾ സീരിയസായിരിക്കും. ചിലപ്പോൾ ആക്ഷേപഹാസ്യമായിരിക്കും. കോളേജിൽ പഠിച്ചിരുന്ന സമയത്ത് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. നാട് കണ്ണൂരല്ലേ കൈയിൽ ബോംബുണ്ടോയെന്നൊക്കെ.
നിവേദിത:എന്നോട് അങ്ങനെ ആരും ചോദിച്ചിട്ടില്ല. (ചിരി)
നിരഞ്ജന : ഇവളോട് അധികം സംസാരിക്കണ്ടാട്ടോ... പണ്ട് എന്നോടാരെങ്കിലും അല്പം സ്നേഹക്കൂടുതൽ കാണിച്ചാൽ ഇവള് പിണങ്ങി കരയുമായിരുന്നു. ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. പണ്ട് ഒരു പരസ്യത്തിൽ ഇവൾ പറഞ്ഞ ഡയലോഗ് പോലെ അത് നിർബദ്ധാ...
നിവേദിത:പണ്ട് ഞാനഭിനയിച്ച സിനിമകൾ ടിവിയിൽ വരുമ്പോൾ ചേച്ചി വീട്ടിലില്ലാത്ത സമയത്തേ ഞാൻ കാണൂ. ചേച്ചിയുണ്ടെങ്കിൽ എന്തെങ്കിലുമൊക്കെ പറഞ്ഞ് എന്നെ കളിയാക്കും. എനിക്കാണെങ്കിൽ തിരിച്ച് കളിയാക്കാനൊട്ട് അറിഞ്ഞുംകൂടാ.
നിരഞ്ജന : അയ്യടാ... കളിയാക്കാനറിയാത്ത ഒരാള്. ഇവളെ കളിയാക്കുന്നത് എന്റെ മെയിൻ എന്റർടെയ്ൻമെന്റാ.
നിവേദിത:കുട്ടിക്കളിയൊക്കെ മാറ്റി ഇപ്രാവശ്യമെങ്കിലും കുറച്ച് മാറ്റിപ്പിടിക്കാമെന്നാ ഞാൻ വിചാരിച്ചത്. ഇൗ ചേച്ചി എല്ലാം കുളമാക്കി.
നിരഞ്ജന : ഇവൾ കോളേജിൽ ജോയിൻ ചെയ്തപ്പോൾ ഞാനുള്ളതുകൊണ്ടാ വലിയ റാഗിംഗ് ഒന്നുമില്ലാതെ രക്ഷപ്പെട്ടത്.
നിവേദിത : അത് ശരിയാ... നിരഞ്ജനയുടെ അനിയത്തിയെന്ന പ്രത്യേക പരിഗണന എനിക്ക് കോളേജിൽ കിട്ടിയിരുന്നു. ചേച്ചി എല്ലാവരോടും കൂട്ടുകൂടുന്ന എല്ലാവർക്കും ഇഷ്ടമുള്ളയാളായിരുന്നു.
നിരഞ്ജന: എന്നെക്കൊണ്ട് തോറ്റു. (ഒന്ന് നിറുത്തിയിട്ട്...) ഒരുകാര്യം പറയാൻ മറന്നു. അബുദാബിയിൽ ഞാനിപ്പോൾ ജോലി ചെയ്യുന്ന കമ്പനിയിൽ ഇന്ത്യക്കാരിയായി ഞാൻ മാത്രമേയുള്ളൂ. പല പല രാജ്യങ്ങളിൽനിന്ന് വന്നവർ ഒരുമിച്ചുള്ള മീറ്റിംഗ് നല്ല രസമാണ്. എനിക്ക് അറബി എഴുതാനും വായിക്കാനുമറിയാം. കുറച്ച് ഫ്രഞ്ചറിയാം.
നിവേദിത: ഇപ്പോ ഞാനും ചേച്ചിയുമായി വഴിക്കിടാറൊന്നുമില്ല. മിക്ക കാര്യങ്ങളിലും ഞങ്ങൾക്ക് ഒരേ അഭിപ്രായമാ. ചേച്ചി നല്ല ഒാർഗനൈസ്ഡാണ്. മുറിയൊക്കെ വൃത്തിയായി എല്ലാം ചിട്ടയോടെ അടുക്കിപ്പെറുക്കി വയ്ക്കും. ഞാൻ പക്ഷേ എല്ലാം അലമ്പാക്കും.
നിരഞ്ജന: അബുദാബിയിൽ ഫുൾടൈം എ.സിയിൽ ഒന്ന് വിയർക്കുകപോലും ചെയ്യാതെ ലക്ഷ്വറി ലൈഫ് ജീവിച്ചിരുന്ന ഞങ്ങളെ ജീവിതം പഠിപ്പിക്കാനായാണ് അമ്മ നാട്ടിലെ കോളേജിൽ ചേർത്തത്.
നിവേദിത: കേന്ദ്ര ഗവൺമെന്റിന്റെ കോളേജാണെങ്കിലും അവിടെ ഹോസ്റ്റലിലെ സൗകര്യങ്ങളൊക്കെ പരിമിതമായിരുന്നു.
നിരഞ്ജന : എനിക്ക് ചെറിയ ജീവികളെ പേടിയാണ്. രാത്രി പാറ്റയെ കണ്ട് പേടിച്ച് അമ്മയ്ക്ക് മെസേജ് അയയ്ക്കുകയും ഫോൺ ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പാറ്റയും ഭൂമിയുടെ അവകാശികളല്ലേ നീയെന്തിനാ പേടിക്കുന്നതെന്ന് ചോദിച്ച അമ്മ ഒരിക്കൽ ഹോസ്റ്റലിൽ വന്നപ്പോൾ അരണയെക്കണ്ട് പേടിച്ചോടി. അപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു. അരണയും ഭൂമിയുടെ അവകാശിയല്ലേ, അമ്മയെന്തിനാ പിന്നെ പേടിച്ചോടിയതെന്ന്. (ചിരി). പ്രസീതയെന്നാണ് അമ്മയുടെ പേര്. അച്ഛൻ വിജയൻ. അബുദാബിയിൽ സർക്കാർ സർവീസിലാണ്.
നിവേദിത: കൊവിഡ് വന്നതിനെത്തുടർന്ന് കോളേജ് അടച്ചപ്പോഴാണ് ഞാൻ അബുദാബിയിലേക്ക് തിരിച്ചുവന്നത്. ഇപ്പോൾ ഓൺലൈൻ ക്ളാസാണ്.
നിരഞ്ജന : എൻജിനിയറിംഗിന് പഠിക്കുകയാണെന്ന് പറയുമ്പോൾ തന്നെ എല്ലാവരും ചോദിക്കുമായിരുന്നു സിനിമയെടുക്കാൻ പോകുകയാണോയെന്ന്. എൻജിനിയറിംഗ് കഴിഞ്ഞ് പലരും സിനിമയിലേക്ക് വരുന്ന കാലമാണല്ലോ ഇത്. ഞങ്ങളും വരും.