sc

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സാവകാശം ആവശ്യപ്പെട്ട് കൊച്ചിയിലെ പ്രത്യേക കോടതി നൽകിയ കത്ത് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞമാസം 16ന് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് എഴുതിയ കത്ത് ഹൈക്കോടതി രജിസ്ട്രാർ ജുഡിഷ്യൽ മുഖേനയാണ് സുപ്രീം കോടതിയ്ക്ക് നൽകിയത്.

കേസ് മാറ്റാനുള്ള പെറ്റിഷനുകളും പ്രോസിക്യുട്ടർ ഹാജരാകാത്തതും മൂലം സുപ്രീം കോടതി നിർദ്ദേശിച്ച സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കൽ പ്രയാസമാണെന്നാണ് കത്തിൽ പറയുന്നത്. പബ്ലിക് പ്രോസിക്യുട്ടർ എ. സുരേശൻ രാജി വയ്ക്കുകയും, വി.എൻ അനിൽകുമാറിനെ പബ്ലിക് പ്രോസിക്യുട്ടറായി സർക്കാർ നിയമിക്കുകയും ചെയ്തിരുന്നു.

ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് 2019 നവംബർ 29ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കൊവിഡ് വ്യാപനം മൂലം വിചാരണ നീണ്ടുപോയതോടെ ആറ് മാസം കൂടി അനുവദിച്ചിരുന്നു. ഇതുപ്രകാരം വിചാരണ കഴിഞ്ഞമാസം ആദ്യ വാരം പൂർത്തിയാക്കണമായിരുന്നു.