cat-cafe

നായയെയും, പൂച്ചയെയും, മുയലിനെയുമൊക്കെ വീട്ടിൽ വളർത്തുന്ന ഒരുപാടാളുകളുണ്ട്. വളർത്തുമൃഗങ്ങളെ അല്ലെങ്കിൽ പക്ഷികളെ വളർത്തുന്നത് ഒരു പരിധിവരെ സ്ട്രസ് കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല ഇവയ്‌ക്കൊപ്പം കളിക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കുകയും ചെയ്യും. മൃഗങ്ങളെ ദത്തെടുക്കാൻ പറ്റുന്ന ഒരുപാട് ഇടങ്ങൾ ഉണ്ട്.

അത്തരത്തിൽ പൂച്ചകളെ ദത്തെടുക്കാനും, അവയ്‌ക്കൊപ്പം കളിച്ച് സ്ട്രസ് കുറയ്ക്കാനുമൊക്കെ പറ്റിയ ഇടമാണ് ദുബായിലെ എയ്‌ലുറോമാനിയ ക്യാറ്റ് കഫേ. 2015 ൽ ആരംഭിക്കുന്ന സമയത്ത് മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പൂച്ച കഫേ ആയിരുന്നു എയ്‌ലുറോമാനിയ. പൂച്ച സ്നേഹി എന്നാണ് ഈ ഗ്രീക്ക് വാക്കിന്റെ( Ailuromania ) അർഥം.

പൂച്ച സ്‌നേഹികളായ ആല്ലാ, ഇമാൻ സഹോദരിമാരാണ് യൂണിവേഴ്‌സിറ്റി പഠനത്തിന് ശേഷം കഫേ ആരംഭിച്ചത്. കൊറിയയിലെയും ലണ്ടനിലെയും സമാന സ്ഥാപനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു സഹോദരിമാർ പൂച്ച കഫേ തുടങ്ങിയത്.


'മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ആർക്കും ഇവിടെയെത്തി പൂച്ചയെ ദത്തെടുക്കാം. നിങ്ങളുടെ എല്ലാ സമ്മർദ്ദവും ഇല്ലാതാകും.'- ഉടമസ്ഥർ പറയുന്നു. തെരുവിൽ അലഞ്ഞുതിരിഞ്ഞ ചില പൂച്ചകൾക്കും ഈ സഹോദരിമാർ തണൽ നൽകിയിട്ടുണ്ട്.

'പൂച്ചകൾ വളരെ ഭംഗിയുള്ളവരാണ്. അവർക്കൊപ്പം കളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. വളരെ മികച്ച പരിചരണമാണ് ഇവിടെ പൂച്ചകൾക്ക് ലഭിക്കുന്നത്.' ഒരു സന്ദർശക പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കഫേ പ്രവർത്തിക്കുന്നത്. 2018ൽ വളർത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നത് ദുബായിൽ നിയമവിരുദ്ധമാക്കിയിരുന്നു.