surendran

കൊച്ചി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രിസ്‌ത്യൻ വോട്ടുകൾ എൻ ഡി എ പ്രതീക്ഷിക്കുന്നതായി ബി ജെ പിയുടെ കേരളത്തിലെ തിരഞ്ഞടുപ്പ് ചുമതലയുളള കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ. നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രിസ്‌ത്യൻ സമുദായത്തിൽ നിന്ന് സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ആലഞ്ചേരിയുമായുളള കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു. കൊച്ചിയിലെ കത്തോലിക്കാസഭാ ആസ്ഥാനമായ പി ഒ സിയിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയം ചർച്ച ചെയ്‌തില്ലെന്നുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

'രാവിലെ പ്രാതൽ കഴിക്കാൻ വന്നു. കഴിച്ചു, പോവുന്നു. തിരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചർച്ച ചെയ്‌തില്ല. സ്വകാര്യ സന്ദർശനമാണിത്. അതിൽ കവിഞ്ഞ രാഷ്ട്രീയമൊന്നുമില്ല' എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഇന്ന് ബി ജെ പിയുടെ വിജയയാത്ര എറണാകുളത്ത് തുടരുകയാണ്. രാവിലത്തെ ആദ്യ പരിപാടി എന്ന നിലയിലാണ് കെ സി ബി സി ആസ്ഥാനത്തെത്തി ആലഞ്ചേരിയുമായി കൂടിക്കാഴ്‌ച നടത്തിയത്.