
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഒരുപാട് സ്ത്രീകൾ ഉണ്ട്. പലരും മുഖസൗന്ദര്യത്തിന് മാത്രമാണ് പ്രാധാന്യം നൽകുന്നത്. 76 ശതമാനം സ്ത്രീകളും അവരുടെ മുഖം മിനുക്കുന്ന കാര്യത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നാണ് 2000 സ്ത്രീകളിൽ നടത്തിയ ഒരു പഠന റിപ്പോർട്ടിൽ പറയുന്നത്. ആഴ്ചയിൽ അരമണിക്കൂറോളം മുഖം പരിപാലിക്കുമ്പോൾ, വെറും അഞ്ച് മിനിറ്റ് മാത്രമാണ് കാലുൾപ്പടെയുള്ള ബാക്കി ഭാഗങ്ങളുടെ സംരക്ഷണത്തിനായി മാറ്റിവയ്ക്കുന്നത്.
ഈ അശ്രദ്ധ സ്ത്രീകളിൽ ഗുരുതര ചർമ പ്രശ്‌നങ്ങളും മറ്റും ഉണ്ടാകാൻ കാരണമാകുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ഇവോമ ഉക്കെലെഗെ പറയുന്നു. ഇതിൽ നമ്മൾ എല്ലാവരും കുറ്റക്കാരാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.ചർമ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഷേവിംഗ്. ഷേവിംഗിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും സ്ത്രീകളിലുണ്ട്. ഈ തെറ്റിദ്ധാരണകൾ മൂലം പല അബദ്ധങ്ങളും സംഭവിക്കുമെന്ന് ഡോക്ടർ പറയുന്നു.
അതിൽ പ്രധാനമാണ് ഉപയോഗിച്ച ബ്ലേഡ് തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്. ഇത് ചർമത്തിന്റെ ആരോഗ്യം ഇല്ലാതാക്കുമെന്ന് 38 ശതമാനം സ്ത്രീകൾക്കും അറിയില്ല. ഷേവിംഗിന്റെ ഗുണങ്ങളെക്കുറിച്ചും പലർക്കും വലിയ ധാരണയില്ല.
ഷേവ് ചെയ്യുന്നതുമൂലം രോമം പെട്ടെന്ന് വളരുമെന്ന് മൂന്നിലൊന്ന് സ്ത്രീകൾക്കും തെറ്റിദ്ധാരണയുണ്ട്.
കൂടാതെ ഷേവ് ചെയ്തശേഷം വളരുന്ന രോമത്തിന് കട്ടിയും കളറും കൂടുതലായിരിക്കുമെന്ന് തെറ്റായി ധരിച്ചുവച്ചിരിക്കുന്നവരുമുണ്ട്. ഇടയ്ക്കിടെ ഷേവ് ചെയ്യുന്നത് ചർമത്തിന് ദോഷമാണെന്ന് 30% പേർക്ക് തെറ്റിദ്ധാരണയുണ്ട്.റേസർ ബ്ലേഡ് തിരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം.