
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോന്നിയിലെ കോൺഗ്രസിൽ വീണ്ടും തമ്മിലടി. റോബിൻ പീറ്ററെ കോന്നിയിൽ വേണ്ടെന്ന് ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് സംരക്ഷണ വേദിയുടെ പേരിലാണ് റോബിൻ പീറ്ററിനും അടൂർ പ്രകാശിനുമെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റോബിൻ അടൂർ പ്രകാശിന്റെ ബിനാമിയെന്നാണ് പോസ്റ്ററിലെ ആരോപണം.
കെ പി സി സി വിഷയത്തിൽ ഇടപെടണമെന്നാണ് കോൺഗ്രസ് സംരക്ഷണ വേദിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോന്നി ഉപതിരഞ്ഞെടുപ്പിൽ മോഹൻരാജിനെ എൻ എസ് എസ് സ്ഥാനാർത്ഥിയായി ആക്ഷേപിച്ച് പരാജയപ്പെടുത്തിയില്ലേ, റോബിൻ പീറ്റർ തദ്ദേശതിരഞ്ഞെടുപ്പിൽ മറ്റ് കോൺഗ്രസ് നേതാക്കളെ തോൽപ്പിക്കാൻ നേതൃത്വം നൽകിയില്ലേ, പ്രമാടം പഞ്ചായത്ത് ഭരണം എൽ ഡി എഫിന് ലഭിക്കാൻ കാരണമായില്ലേ, കോൺഗ്രസിനെ പരാജയപ്പെടുത്തുന്നതാണോ മത്സരിക്കാനുളള യോഗ്യത തുടങ്ങിയ ചോദ്യങ്ങളും പോസ്റ്ററിലുണ്ട്.
അതേസമയം, റോബിൻ പീറ്ററിന്റെ അനുയായികൾ പലയിടത്ത് നിന്നും പോസ്റ്ററുകൾ നീക്കം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. കോന്നി ഉപതിരഞ്ഞെടുപ്പിന് മുമ്പും റോബിൻ പീറ്ററിനെതിരേ കോൺഗ്രസിൽ നിന്ന് എതിർപ്പുയർന്നിരുന്നു. കോന്നിയിൽ സ്ഥാനാർത്ഥിയായി റോബിൻ പീറ്ററിനെ അടൂർ പ്രകാശ് നിർദേശിച്ചെങ്കിലും കോൺഗ്രസിലെ ഒരുവിഭാഗം എതിർക്കുകയായിരുന്നു. ഇതോടെയാണ് മോഹൻരാജ് കോന്നി ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായത്. അന്നുണ്ടായതിന് സമാനമായ പ്രതിഷേധങ്ങളാണ് കോൺഗ്രസിൽ വീണ്ടും ഉയർന്നിരിക്കുന്നത്.