flight-

ദോഹ : എഞ്ചിൻ തകരാറിനെ തുടർന്നും, യാത്രക്കാർക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ തുടർന്നും വിമാനങ്ങൾ യാത്രാമദ്ധ്യേ തിരിച്ചിറക്കാറുണ്ട്. എന്നാൽ സുഡാനിൽ നിന്നും ഗൾഫ് രാജ്യമായ ഖത്തറിലേക്ക് പറക്കുകയായിരുന്ന യാത്രാവിമാനം അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നത് ഇത് കാരണമൊന്നും അല്ല. കോക്പിറ്റിൽ ഒളിച്ചിരുന്ന ഒരു അക്രമിയെക്കാരണമായിരുന്നു. അക്രമി ആരാണെന്നല്ലേ ഒരു സുന്ദരിയായ പൂച്ചയായിരുന്നു വിമാനത്തിന്റെ യാത്രമുടക്കിയ വില്ലൻ.

സുഡാൻ തലസ്ഥാനമായ കാർട്ടൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനം പുറപ്പെടുന്നതിന് മുൻപേ കോക്പിറ്റിൽ എങ്ങനെയോ കയറിക്കൂടിയ പൂച്ച വിമാനം പറന്ന് ഒരു മണിക്കൂർ ആയ ഉടൻ അക്രമം ആരംഭിക്കുകയായിരുന്നു. പൈലറ്റുമാരെ ആക്രമിക്കാൻ ആരംഭിച്ചതോടെയാണ് അടിയന്തിര ലാൻഡിംഗ് ആവശ്യമായി തീർന്നത്. പൂച്ചയെ പിടിക്കാൻ ആദ്യം പൈലറ്റ് ശ്രമിച്ചുവെങ്കിലും വിജയിക്കാനായില്ല, കൂടുതൽ പ്രകോപനത്തോടെ പൂച്ച ആക്രമണം നടത്തുകയായിരുന്നു. ഒടുവിൽ പറന്നുയർന്ന വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കാൻ പൈലറ്റ് അനുമതി തേടി.


ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്ക് പോകുന്ന സുഡാനീസ് ടാർകോ എയർലൈൻസായിരുന്നു ഈ വിമാനം. സുരക്ഷിതമായി വിമാനം തിരിച്ചിറക്കാനായെങ്കിലും പൂച്ച എങ്ങനെയാണ് കോക്ക്പിറ്റിലേക്ക് കടന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ഹാംഗറിൽ പാർക്ക് ചെയ്തപ്പോൾ വൃത്തിയാക്കുന്നതിനോ എഞ്ചിനീയറിംഗ് പരിശോധനയ്‌ക്കോ കോക്പിറ്റ് തുറന്നപ്പോൾ പൂച്ച കയറിയതാണെന്ന് സംശയിക്കുന്നു.