
തിരുവനന്തപുരം: എൻ ഡി എയിൽ സീറ്റ് വിഭജന ചർച്ച മറ്റന്നാൾ തുടങ്ങും. ബി ഡി ജെ എസ് അടക്കമുളള കക്ഷികളുമായാണ് ബി ജെ പി ചർച്ച നടത്തുന്നത്. കഴിഞ്ഞ തവണ 36 സീറ്റിലാണ് ബി ഡി ജെ എസ് മത്സരിച്ചത്. വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാണെന്ന് ബി ഡി ജെ എസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 98 സീറ്റിൽ മത്സരിച്ച ബി ജെ പി, ബി ഡി ജെ എസിൽ നിന്ന് കൂടുതൽ സീറ്റുകൾ ഏറ്റെടുക്കുമെന്നാണ് വിവരം.
പി സി ജോർജിന്റെ ജനപക്ഷം സെക്യുലർ എത്തുന്നത് കൂടി കണക്കാക്കിയാവും എൻ ഡി എയിലെ സീറ്റ് വീതം വയ്പ്പ്. രണ്ട് സീറ്റുകളാണ് ജനപക്ഷത്തിന് നൽകാൻ സാദ്ധ്യത. ബി ജെ പി മണ്ഡലം, ജില്ലാ തല സാദ്ധ്യതാ പട്ടിക അടുത്ത വ്യാഴാഴ്‌ചയ്‌ക്കകം നൽകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. വിജയ സാദ്ധ്യതയുണ്ടെന്ന് ബി ജെ പി കരുതുന്ന പതിനഞ്ച് എ പ്ലസ് മണ്ഡലങ്ങളുടെയെങ്കിലും കാര്യത്തിൽ കൂടുതൽ ധാരണയുണ്ടാക്കാൻ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്.
വിജയായാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് ഏഴാം തീയതി കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. സ്ഥാനാർത്ഥി നിർണയം അമിത്ഷായുടെ സാന്നിദ്ധ്യത്തിൽ നടത്താനാണ് പാർട്ടി തീരുമാനം. സ്ഥാനാർത്ഥി നിർണയത്തിൽ മണ്ഡലങ്ങളിൽ നിന്നുളള നിർദേശം നാലിനകം കുമ്മനം രാജശേഖരൻ, വി മുരളീധരൻ, പി കെ കൃഷ്‌ണദാസ്, സി കെ പദ്മനാഭൻ, എ എൻ രാധാകൃഷ്‌ണൻ, ജില്ലകളിലെ പ്രഭാരിമാർ എന്നിവരുടെ നേതൃത്വത്തിൽ ശേഖരിക്കും. ഈ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിക്കും കേന്ദ്രഘടകത്തിനും കൈമാറും.