k-surendran

കൊച്ചി: ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സി എ ജി ചോദിച്ച ചോദ്യങ്ങളാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആരാഞ്ഞതെന്നും, അതിനാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ധനമന്ത്രിയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവന വില കുറഞ്ഞതാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തെരുവിൽ നേരിടും എന്നല്ല പറയേണ്ടത്, നിർമ്മല സീതാരാമന് അങ്ങനെ ചോദിക്കേണ്ടി വന്നത് ഐസക്കിന്റെ പിടിപ്പുകേട് കൊണ്ടാണെന്നും സുരേന്ദ്രൻ വിമർശിച്ചു.ഐസക്കിന്റെ വൈദഗ്ദ്ധ്യം മുഖ്യമന്ത്രി പിണറായി വിജയൻ പോലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. വായ്പയെടുത്ത് ധൂർത്ത് അടിക്കുന്നതിന് ജനങ്ങളാണ് സെസ് കൊടുക്കുന്നതെന്നും ജനങ്ങളെ ജാമ്യം നിർത്തിയാണ് കൊള്ള നടത്തുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഐസക്കിനെതിരെ രൂക്ഷവിമർശനവുമായി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 'കേരളം മൊത്തം കിഫ്ബിയിലൂടെ വികസിപ്പിച്ചു എന്നാണ് സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ പരസ്യ വാചകം. അതു കൂടാതെ ധനമന്ത്രി തോമസ് ഐസക് കിഫ്ബിയെക്കുറിച്ച് വാതോരാതെ പറയുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇതൊന്നുമല്ല കാര്യം, കേന്ദ്ര ധനകാര്യമന്ത്രി എന്ന നിലയിൽ പരസ്യമായിത്തന്നെ ചോദിക്കുകയാണ് എന്താണ് കിഫ്ബി'- എന്നായിരുന്നു കേന്ദ്ര ധനമന്ത്രി ചോദിച്ചത്. എന്നാൽ പരാമർശങ്ങൾ പമ്പര വിഡ്ഡിത്തങ്ങളാണെന്നും, വിഷയങ്ങളിൽ ഒട്ടും ധാരണയില്ലാതെയാണ് കേന്ദ്ര ധനമന്ത്രി സംസാരിച്ചതെന്നുമായിരുന്നു ഐസക്കിന്റെ പ്രതികരണം.