
തിരുവനന്തപുരം: ഇന്ധനവിലയിൽ പ്രതിഷേധിച്ച് നാളെ നടക്കുന്ന സംയുക്ത വാഹന പണിമുടക്കിനെ തുടർന്ന് വിവിധ പരീക്ഷകൾ മാറ്റി. എസ് എസ് എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ എട്ടാം തീയതിയിലേക്കാണ് മാറ്റിയത്. എം ജി, കേരള സർവകലാശാലകളും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് നാളെ പണിമുടക്ക് നടക്കുന്നത്. വാഹന പണിമുടക്കാണെങ്കിലും ഹർത്താലിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് കരുതുന്നത്. കേരള സാങ്കേതിക സർവകലാശാലയുടേതടക്കം പരീക്ഷകൾ നേരത്തെ തന്നെ മാറ്റിയിരുന്നു. ഇതോടെ ദേശീയ തലത്തിൽ നടക്കുന്ന പണിമുടക്ക് കേരളത്തിൽ സമ്പൂർണമാകും.