
തിരുവനന്തപുരം :അവകാശ സമരങ്ങളുടെ തീച്ചൂളയിൽ സ്ഫുടം ചെയ്ത വ്യക്തിത്വം.അസംഘടിത
തൊഴിലാളികളുടെ മുന്നണിപ്പോരാളി. ലാളിത്യത്തിന്റെയും സംശുദ്ധിയുടെയും സൗമ്യഭാവം.
തൂവെള്ള ഖദറണിഞ്ഞ്, രാഷ്ട്രീയ എതിരാളികൾക്കും സൗഹൃദത്തിന്റെ പുഞ്ചിരി സമ്മാനിച്ച്,
സമരപഥങ്ങളിൽ ഗർജ്ജനമാകുന്ന അഡ്വ. ജി. സുബോധനെന്ന കോൺഗ്രസ് നേതാവ്
രാഷ്ട്രീയക്കാർക്കിടയിലെ വേറിട്ട മുഖമാണ്.
ദരിദ്രരായ കൈത്തറി, കയർ, കരാർ തൊഴിലാളികളുടെ ജീവിതത്തിന് ഊടും പാവും പകരാൻ അക്ഷീണം പൊരുതുന്ന സുബോധൻ, കഴിഞ്ഞ നാലു പതിറ്റാണ്ടായി അത്തരം സമര വേദികളിലെ നിറ സാന്നിദ്ധ്യമാണ്. പാർട്ടിയിൽ അർഹതപ്പെട്ട അവകാശങ്ങളും പദവികളും തട്ടിയകറ്റപ്പെടുമ്പോഴും ആരോടും പകയും പരിഭവവുമില്ലാതെ.
ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവുമായ ജി. സുബോധൻ കെ.പി.സി.സി സെക്രട്ടറിയായത് മാസങ്ങൾക്കു മുമ്പാണ്. പിന്നാലെ വന്ന പലരും എം.എൽ.എമാരും എം.പിമാരും മന്ത്രിമാരുമൊക്കെയായി. ജില്ലയിലെ നിയമസഭാ,ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികകളിൽ പല തവണ സ്ഥാനം പിടിച്ചെങ്കിലും അവസാന നിമിഷം പുറത്ത്! സാമുദായിക സമവാക്യങ്ങളും സ്ഥാനാർത്ഥി പട്ടികകളിലെ വെട്ടിനിരത്തലും അതിനു നിമിത്തമായി. എന്നിട്ടും അധികാര കേന്ദ്രങ്ങളുടെ പിന്നാമ്പുറങ്ങൾ തേടി അലഞ്ഞില്ല.
സർക്കാരിന്റെ കൈത്താങ്ങില്ലാതെയും കടക്കെണിയിൽപ്പെട്ടും തകർന്നടിഞ്ഞ കൈത്തറി മേഖലയ്ക്ക് ജീവവായുവും, പട്ടിണിയും പരിവട്ടവുമായി വലഞ്ഞ ആയിരക്കണക്കിന് കൈത്തറിത്തൊഴിലാളി കുടുംബങ്ങൾക്ക് പുനർജ്ജന്മവും നൽകിയ കേന്ദ്ര സർക്കാരിന്റെ പുനരുജ്ജീവന പദ്ധതിയുടെ മുഖ്യ ക്രെഡിറ്റ് സുബോധന് അവകാശപ്പെട്ടതാണ്. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ കൈത്തറി തൊഴിലാളികളുമായി രണ്ടു തവണ ഡൽഹിയിലെത്തി
പാർലമെന്റ് മാർച്ച് നടത്തി. കേരളത്തിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾക്കൊപ്പം പല
തവണ പ്രധാനമന്ത്രിയെയും ധനകാര്യമന്ത്രിമാരായിരുന്ന പ്രണബ് മുഖർജിയെയും പി.ചിദംബരത്തയും കണ്ട് നിവേദനം നൽകി. പുനരുദ്ധാരണ പദ്ധതിയിൽ നിന്ന് കേരളത്തിന് ലഭിച്ച 360 കോടി രൂപ,
നിശ്ചലമായിരുന്ന നിരവധി കൈത്തറി സംഘങ്ങൾക്ക് ജീവാമൃതമായി.
നിരവധി ട്രേഡ് യൂണിയനുകളുടെ സാരഥിയും മികച്ച സഹകാരിയുമായ സുബോധൻ ഗുരുദേവ
ധർമ്മപ്രചാരകനുമാണ്. ദീർഘകാലം എസ്.എൻ.ഡി..പി യോഗം നെയ്യാറ്റിൻകര, കോവളം യൂണിയനുകളുടെ പ്രസിഡന്റായിരുന്നു. നിയമസഭാ ടിക്കറ്റിന് ഇനിയെങ്കിലും പാർട്ടി തന്നെ പരിഗണിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുബോധൻ. ആഗ്രഹിക്കുന്നത് ഏറെ വിജയ സാദ്ധ്യതയുണ്ടെന്ന് കരുതുന്ന വർക്കലയും.