narendra-modi

ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ കഴിഞ്ഞ ദിവസം അദ്ദേഹം മദ്ധ്യപ്രദേശിലെ പത്തൊൻപത് കാരിയായ ബബിത രജ്പുത്തിനെ രാജ്യത്തിന് പരിചയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ബബിത രജ്പുത്തിനെകുറിച്ച് ഇന്റർനെറ്റിൽ തിരയുന്നവരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ ദിവസത്തെ മൻ കി ബാത്തിൽ മഴവെള്ളം സംഭരിക്കുന്നതിനെ കുറിച്ചാണ് നരേന്ദ്ര മോദി സംസാരിച്ചത്. സംസാരത്തിനിടയിലാണ് ഒരു ഗ്രാമത്തിന്റെ ദാഹം അകറ്റിയ പത്തൊമ്പതുകാരിയായ ബബിത രജ്പുത്തിനെ അദ്ദേഹം പരിചയപ്പെടുത്തുന്നത്.

മദ്ധ്യപ്രദേശിലെ ബുണ്ടേൽഖണ്ഡിൽ താമസിക്കുന്ന ബബിത രജ്പുത്തിന്റെ ഗ്രാമം ഏറെ നാളായി കൊടിയ വരൾച്ചയിലായിരുന്നു. ഏറെ ദൂരത്ത് നിന്നും വെള്ളം ശേഖരിച്ചെത്തുന്ന വീട്ടമ്മമാരുടെ കഷ്ടപ്പാടുകൾ കണ്ടതോടെയാണ് ബബിത നാടിനെ രക്ഷിക്കുവാൻ മുന്നിട്ടിറങ്ങുന്നത്. ഇതിനായി ജലസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന ഒരു എൻ ജി ഒയുടെ സഹായവും ഇവർക്ക് ലഭിച്ചു. ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്ന മലയെ മുറിച്ച് ചാലുകൾ തീർത്താണ് ബബിത ഗ്രാമത്തിന്റെ ദാഹം തീർക്കാൻ മുന്നിട്ട് ഇറങ്ങിയത്. ഇതിനായി നൂറിലധികം വരുന്ന സ്ത്രീകൾ ബബിതയെ സഹായിക്കാനെത്തി.

ഗ്രാമത്തിൽ വലിയ ഒരു കുളം തീർത്തതിന് ശേഷമാണ് മലയെ കീറി ചാലുകൾ തീർത്തത്. വനം വകുപ്പിന്റെ അനുവാദത്തോടെയാണ് ഈ പ്രവൃത്തികൾ ചെയ്തത്. മുൻപൊക്കെ മഴപെയ്യുമ്പോൾ മലയിൽ നിന്നും വെള്ളം പല വഴികളിലൂടെ എളുപ്പം താഴേക്ക് ഒഴുകുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോളിത് ബബിതയും സംഘവും തീർത്ത ചാലിലൂടെ ഗ്രാമത്തിലെ നാൽപ്പതേക്കറോളം വരുന്ന കുളത്തിൽ പതിക്കും. വളരെ വൈകാതെ തന്നെ കുളം നിറഞ്ഞു. ഇതോടെ വെള്ളം ഭൂമിക്കടിയിലേക്ക് കിനിഞ്ഞ് ഇറങ്ങുന്നതിന്റെ അളവും വർദ്ധിച്ചു. ഇപ്പോൾ ഗ്രാമത്തിലുള്ളവർക്ക് വെള്ളം ഒരു കിട്ടാക്കനി അല്ല. ഹാന്റ് പമ്പുകളിലൂടെയും, കിണറുകളിലൂടെയും ആവശ്യത്തിന് വെള്ളം ലഭിക്കുന്നു. ബബിതയുടെ അതിജീവനത്തിന്റെ വിജയകഥ രാജ്യത്തെ ജലക്ഷാമത്താൽ വലയുന്ന വിവിധ ഇടങ്ങളിൽ താമസിക്കുന്നവർക്ക് ഒരു പാഠമാണ്. അതിനാലാണ് പത്തൊമ്പത് കാരിയുടെ കഥ പ്രധാനമന്ത്രി എല്ലാവരെയും അറിയിക്കാൻ തീരുമാനിച്ചത്.