
മലപ്പുറം: മുസ്ലീം ലീഗിൽ വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിന് എതിരെ സമസ്‌ത നേതാവ് അബ്‌ദു സമദ് പൂക്കോട്ടൂർ. ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളിൽ സംവരണ സീറ്റുകളിൽ മാത്രമെ സ്ത്രീകളെ മത്സരിപ്പിക്കാവൂ എന്നാണ് സമസ്‌ത നിലപാട്. സമസ്‌തയുടെ തീരുമാനം തിരഞ്ഞെടുപ്പിൽ ലീഗിനെ പ്രതിസന്ധിയിലാക്കും.
തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിൽ നിന്ന് ഒരു വനിതാ സ്ഥാനാർത്ഥിയുണ്ടാകുമെന്ന ചർച്ചകൾക്കിടെയാണ് സമസ്‌ത നേതാവിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. പൊതുവിഭാഗത്തിന് മത്സരിക്കാവുന്ന സീറ്റുകളിൽ മുസ്ലീം സ്‌ത്രീകളെ മത്സരിപ്പിക്കണോ എന്ന കാര്യം ചിന്തിക്കണമെന്നും ലീഗ് മറിച്ചാണ് തീരുമാനിക്കുന്നതെങ്കിൽ ഫലം എന്താവുമെന്ന് കാത്തിരുന്ന് കാണേണ്ടി വരുമെന്നുമാണ് സമദ് പൂക്കോട്ടൂർ പറയുന്നത്.
ഖമറുന്നീസ് അൻവർ വർഷങ്ങൾക്ക് മുമ്പ് ലീഗ് സ്ഥാനാർത്ഥിയായെങ്കിലും അതിനു ശേഷം കാലങ്ങളായി വനിതകൾക്ക് ആർക്കും പാർട്ടി അവസരങ്ങൾ നൽകിയിരുന്നില്ല. ഇപ്രാവശ്യം മാറ്റമുണ്ടാകുമെന്ന ചർച്ചകൾക്കിടെയാണ് സമസ്‌ത നേതാവിന്റെ പ്രതികരണം. മുസ്ലീം ലീഗിന്റെ വോട്ടുബാങ്കായ സമസ്‌തയിൽ നിന്ന് എതിർപ്പുയർന്നാൽ വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്ന കാര്യം ലീഗിന്റെ ആലോചനയിൽ പോലുമുണ്ടാകില്ല.